'കോൺഗ്രസ് ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടി'; മറ്റത്തൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ
- Published by:Sarika N
- news18-malayalam
Last Updated:
മറ്റത്തൂരിൽ മരുന്നിനുപോലും ഒരാളെ ബാക്കിവയ്ക്കാതെയാണ് ബിജെപി കോൺഗ്രസ് അംഗങ്ങളെ കൊണ്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റത്തൂരിൽ മരുന്നിനുപോലും ഒരാളെ ബാക്കിവയ്ക്കാതെയാണ് ബിജെപി കോൺഗ്രസ് അംഗങ്ങളെ കൊണ്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ലെന്നും സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരുണാചൽ പ്രദേശ്, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതിന്റെ കേരള പതിപ്പാണ് മറ്റത്തൂരിൽ കണ്ടതെന്നും ഇത് സംഘപരിവാറിന് നിലമൊരുക്കാനുള്ള തന്ത്രമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
advertisement
മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം, 'ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. 2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്. ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്. എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.'
advertisement
അതേസമയം, മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മറ്റത്തൂരിൽ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പറയുന്നിടത്തെല്ലാം കണ്ണടച്ച് ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രിയെന്നും ബിജെപിയുമായി രഹസ്യബന്ധം പുലർത്തുന്നത് പിണറായി വിജയനാണെന്നും സതീശൻ തിരിച്ചടിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 28, 2025 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോൺഗ്രസ് ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടി'; മറ്റത്തൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ










