ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നവകേരള സദസിന് ക്ഷേത്ര മൈതാനം വിട്ടുകൊടുത്തതിനെതിരെ പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
ക്ഷേത്ര മൈതാനിയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റു പരിപാടികൾ നടത്താനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
നവകേരള സദസ്സിന്റെ പൊതുയോഗം സംഘടിപ്പിക്കാൻ ക്ഷേത്ര മൈതാനം വിട്ടു കൊടുക്കുന്നതിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് അഡ്വ. ശങ്കു ടി. ദാസ് പരാതി നല്‍കി. കൊല്ലം ജില്ലയിലെ കടയ്ക്കൽ ദേവീ ക്ഷേത്രത്തിന്റെ മൈതാനിയിൽ നവ കേരള സദസ്സുമായി ബന്ധപ്പെട്ട പൊതുയോഗം സംഘടിപ്പിക്കാൻ അനുമതി നൽകിയതിനെതിരെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്തിന് പരാതി നല്‍കിയത്.
കടയ്ക്കൽ ദേവീ ക്ഷേത്രത്തിന്റെ മൈതാനിയിൽ വെച്ച് ഡിസംബർ 20ന് വൈകീട്ട് 3 മണിക്ക് നവകേരള സദസ്സുമായി ബന്ധപ്പെട്ട പൊതുയോഗം സംഘടിപ്പിക്കുന്നതായി അറിയിച്ചു കൊണ്ടുള്ള ഫ്ലക്സുകളും ബാനറുകളും പോസ്റ്ററുകളും മറ്റും നവകേരള സദസ്സ് ചടയമംഗലം നിയോജക മണ്ഡലം സംഘാടക സമിതി ക്ഷേത്ര പരിസരത്തും മറ്റും സ്ഥാപിച്ചതിന് പിന്നാലെയാണ് പ്രശ്നം ദേവസ്വം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
'ക്ഷേത്ര മൈതാനിയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റു പരിപാടികൾ നടത്താനാവില്ലെന്ന ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് ഇവിടെ നവകേരള സദസ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കണമെങ്കിൽ ക്ഷേത്രത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കേണ്ടി വരുമെന്നാണ് പ്രദേശവാസികളായ ഭക്തരിൽ നിന്നറിയാൻ സാധിച്ചിട്ടുള്ളത്.
advertisement
ഇതിനെതിരെ ക്ഷേത്ര പരിസരത്തു വിശ്വാസികളുടെ പ്രതിഷേധം അരങ്ങേറുന്നുണ്ടെന്നും അതിനെ നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹം തന്നെ ക്ഷേത്ര പരിസരത്ത് തമ്പടിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നു. അപ്രകാരം ക്ഷേത്രത്തിന് അഹിതകരമാകുന്ന യാതൊന്നും തന്നെ അവിടെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബോർഡിന്റെ ബാധ്യതയാണെന്ന്' ശങ്കു ടി ദാസ് പരാതിയില്‍ പറയുന്നു.
കോടതിവിധി മാനിച്ച് പരിപാടി ക്ഷേത്ര മൈതാനത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ട് പ്രശ്നത്തില്‍ അടിയന്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
December 13, 2023 7:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നവകേരള സദസിന് ക്ഷേത്ര മൈതാനം വിട്ടുകൊടുത്തതിനെതിരെ പരാതി