രാജ്യാന്തര സമ്മർദ്ദങ്ങളും ഇന്ത്യയുടെ നയതന്ത്രപരമായ ഇടപെടലുകളും അന്താരാഷ്ട്ര യുദ്ധകരാറുകളുമാണ് അഭിനന്ദന്‍ വർത്തമാനെ തിരികെ ഇന്ത്യക്ക് വിട്ടുതരാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിന് പിന്നിലെന്നാണ് നയതന്ത്രവിദഗ്ധർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല പാകിസ്ഥാൻ പ്രധാനമന്ത്രിയെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് പറയുന്നത്. അറസ്റ്റ് ചെയ്ത് വിംഗ് കമാൻഡറെ വിട്ടയക്കാൻ പാകിസ്ഥാൻ തീരുമാനിക്കാനുണ്ടായ കാരണവും കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായി നവ്ജ്യോത് സിംഗ് സിദ്ദുവാണ് പട്ടാളക്കാരനെ തിരികെയെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതെന്നാണ് സിദ്ദീഖ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കോൺഗ്രസ് നേതാവിന്റെ ഇടപെടലാണ് മോചനത്തിന് വഴിത്തിരിവായതെന്ന് സിദ്ദീഖ് പറയുന്നത്.
മുൻ ക്രിക്കറ്റർ കൂടിയായ സിദ്ദു, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന ആളാണ്. ഈ അടുപ്പമാണ് അഭിന്ദിനെ തിരികെ അയക്കാനുള്ള തീരുമാനത്തിൽ നിർണ്ണായകമായതെന്നാണ് സിദ്ദീഖിന്റെ വാദം. സ്വന്തം പട്ടാളക്കാരനെ തിരിച്ച് കിട്ടാൻ ഒന്നും ചെയ്യാതെ സീറ്റും എണ്ണും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്നു മോദിയും ബിജെപിയും എന്നാൽ കോൺഗ്രസിന് രാജ്യസുരക്ഷ കഴിഞ്ഞ് മാത്രമെ രാഷ്ട്രീയമുള്ളു എന്നും സിദ്ദീഖ് പറഞ്ഞു വയ്ക്കുന്നു. തന്റെ വാദം കുറച്ചു കൂടി ശക്തമാക്കാൻ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായപ്പോൾ ആ ചടങ്ങിൽ സിദ്ദുവും പങ്കെടുത്തിരുന്നു എന്ന കാര്യവും ഇദ്ദേഹം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ദേശീയ തലത്തിലും ചില നേതാക്കൾ വിഷയത്തിൽ സിദ്ദുവിന്റെ ഇടപെടൽ സംബന്ധിച്ച് പരാമർശം നടത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പാർട്ടി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.