• HOME
  • »
  • NEWS
  • »
  • kerala
  • »
  • Vijay Babu | 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമെന്ന് പറയരുത്'; വിജയ് ബാബു കേസിൽ ഹൈക്കോടതി

Vijay Babu | 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമെന്ന് പറയരുത്'; വിജയ് ബാബു കേസിൽ ഹൈക്കോടതി

'മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ഇരുവരുടെയും ചാറ്റുകളില്‍ നിന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് വ്യക്തമാണ്'- കോടതി നിരീക്ഷിച്ചു

വിജയ് ബാബു

വിജയ് ബാബു

  • Share this:
    കൊച്ചി: ഉഭയസമ്മതപ്രകാരമുള്ളലൈംഗിക ബന്ധങ്ങള്‍ ബലാത്സംഗങ്ങളായി മാറുന്ന സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. യുവനടിയെ ബാലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയുള്ള ഉത്തരവിലാണ് ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ടുള്ള നിര്‍ണ്ണായകമായ നിരീക്ഷണങ്ങള്‍ കോടതി നടത്തിയിരിയ്ക്കുന്നത്.

    സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ സാമാന്യവത്കരണത്തില്‍ നിന്ന് കോടതികള്‍ മോചിതമാവണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കെട്ടുകഥകളും മിഥ്യാധാരണകളും ചമയ്ക്കപ്പെടുന്നു. ഈ കെണിയില്‍ കോടതികള്‍ വീണു പോവരുത്. ബലാത്സംഗ കെട്ടുകഥകളില്‍ പവിത്രത, ബലാത്സംഗത്തിനെതിരായ പ്രതിരോധം, പ്രത്യേക രീതിയിലുള്ള പെരുമാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നതായും കോടതി നിരീക്ഷിയ്ക്കുന്നു.

    സ്ത്രീകളുടെ പെരുമാറ്റം പുരുഷന്റെ വീക്ഷണകോണില്‍ നിന്ന്  പരിശോധിയ്ക്കുന്നത് കോടതികള്‍ ഒഴിവാക്കണം. കെട്ടുകഥകള്‍, ആവര്‍ത്തനങ്ങള്‍, സാമാന്യവത്ക്കരണം തുടങ്ങി പക്ഷാപാതത്തിന്റെ എല്ലാ രൂപങ്ങളും ഒഴിവാക്കിയാവണം ലൈംഗികാതിക്രമ കേസുകള്‍ പരിഗണിയ്‌ക്കേണ്ടത്. ബലാത്സംഗ പ്രതിരോധം, ശാരിരീകമായ ആക്രമണം.പ്രത്യേക രീതിയിലുള്ള പെരുമാറ്റം, പെട്ടെന്നുള്ള റിപ്പോര്‍ട്ട് ചെയ്യല്‍ തുടങ്ങി പവിത്രതയേക്കുറിച്ചുള്ള തനിയാവര്‍ത്തന സങ്കല്‍പ്പങ്ങളാണ്. മേല്‍പ്പറഞ്ഞവ എന്തായാലും പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ ബലാത്സംഗമായി മാറുന്നത് ഒഴിവാക്കണം. ഓരോ കേസും അതിന്റേതായ വസ്തുതാപരമായ സാഹചര്യങ്ങള്‍ പരിഗണിച്ച് കണക്കിലെടുക്കണം. ഓരോ  കേസിലും അതിന്റേതായ അടിസ്ഥാനപരമായ സവിശേഷതകളും കണക്കിലെടുക്കണം. ജാമ്യാപേക്ഷ പരിഗണിയ്ക്കുമ്പോള്‍ ശേഖരിച്ച വസ്തുതകള്‍ സൂഷ്മമായി പരിശോധിയ്ക്കുകയോ അതേക്കുറിച്ച് അഭിപ്രായം പറയാതിരിയ്ക്കാനും കോടതികള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.

    പ്രശസ്ത നോര്‍വീജിയന്‍ സാഹിത്യകാരനായ ഇബ്‌സന്റെ വാക്കുകള്‍ ഉദ്ധരിച്ച് കോടതി ഇങ്ങനെ  പറയുന്നു. 'പുരുഷന്‍മാര്‍ രൂപപ്പെടുത്തിയ നിയമങ്ങളും സ്ത്രീ പെരുമാറ്റത്തെ പുരുഷവീക്ഷണ കോണില്‍ നിന്ന് വിധിയ്ക്കുന്ന നീതിന്യായ വ്യവസ്ഥയുമുള്ള ഇന്നത്തെ സമൂഹത്തില്‍ സ്ത്രീയ്ക്ക് സ്വയം സ്ത്രീയായി നിലനില്‍ക്കാനാവില്ല'.

    അതിജീവിതയ്‌ക്കെതിരായി വിജയ് ബാബു ഉന്നയിച്ച മിക്ക വാദമുഖങ്ങളും മുഖവിലയ്‌ക്കെടുത്താണ് ഉത്തരവെന്നും വ്യക്തമാവുന്നു. താഴെ പറയുന്ന വസ്തുതകള്‍ ജാമ്യ ഹര്‍ജി പരിഗണിയ്ക്കുമ്പോള്‍ കണക്കിലെടുക്കാതിരിയ്ക്കാനാവില്ലെന്ന് ഉത്തരവില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കുന്നു.

    Also Read- Vijay Babu| ബലാത്സംഗ കേസ്; നിർമാതാവ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം

    വിധിന്യായത്തിന്റെ 23 ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു

    1. വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവിതയ്ക്ക് അറിയാമായിരുന്നു. കുട്ടിയെ ഓര്‍ത്ത് വിജയ് ബാബു വിവാഹബന്ധം തുടരുകയാണ്.

    2. വിവാഹബന്ധം തുടരുന്ന വിജയ് ബാബുവിന് അതിജിവീതയുമായി വിവാഹം കഴിയ്ക്കാനുള്ള ഒരു സാധ്യതകള്‍ നിലവിലില്ല.

    3. പീഡനം നടന്നതായി ആരോപിയ്ക്കപ്പെടുന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെ അതിജീവിത ആരുടെയെങ്കിലും തടവിലായിരുന്നില്ല.

    4. അതിജീവിതയും വിജയ്ബാബുവുമായി വാട്‌സ് ആപ്പ് ഇന്‍സ്റ്റാംഗ്രാം എന്നിവ വഴി നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകളുണ്ട്.

    5. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ഇരുവരുടെയും ചാറ്റുകളില്‍ നിന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് വ്യക്തമാണ്.

    6. മാര്‍ച്ച് 31 മുതല്‍ മാര്‍ച്ച് 30 വരെയുള്ള മെസേജുകള്‍ അതിജീവതയുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തതായി കാണുന്നു. വിജയ് ബാബുവിന്റെ ഫോണില്‍ നിന്നും മെസേജുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളിലെ മെസേജുകള്‍ ഒരു ചോദ്യചിഹ്നമായി തുടരുന്നു.

    7. വിജയ് ബാബുവും അതിജീവിതയും തമ്മില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെയുള്ള മൊബൈല്‍ ആശയവിനിമയങ്ങളില്‍ ലൈംഗിക പീഡനം നടന്നതിന്റെ ഒരു സൂചനകളുമില്ല.

    10. വിജയ് ബാബു അതിജീവിതയെ പുതിയ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മറ്റൊരു നടിയെ നായികയായി നിശ്ചയ്ക്കുകയും ചെയ്തു. ഏപ്രില്‍ 15 നാണ് ഇക്കാര്യം അതിജീവിതഅറിഞ്ഞത്. തൊട്ടുപിന്നാലെ 17 ന് പരാതി നല്‍കുകയും ചെയ്തു

    11.വിജയ്ബാബുവിന്റെ ഭാര്യ  ഗാര്‍ഹിക പീഡനക്കുറ്റം ആരോപിച്ച് നടനെതിരെ പരാതി നല്‍കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കുശേഷം എന്നാല്‍ പരാതി പിന്‍വലിച്ചു.

    അഞ്ചു ലക്ഷം രൂപയുടെ ബോണ്ട്, സംസ്ഥാനം വിട്ടുപോകരുത്, 27 മുതല്‍ അടുത്തമാസം 3 വരെ ചോദ്യം ചെയ്യലിന് ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് വിജയ്ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിയ്ക്കണമെന്നും  കോടതി നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിയെയോ കുടുംബത്തെയോ അപമാനിയ്ക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

    ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണ് പരാതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. സിനിമയില്‍ അവസരം നല്‍കാതിരുന്നതാണ് പ്രതികാരത്തിന് കാരണം. കോടതിയുടെ നിര്‍ദ്ദേശപ്രകാരം നാട്ടിലെത്തിയെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിയ്ക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും പ്രതി കോടതിയില്‍ വാദിച്ചു. ഇരയുടെ പേരു വെളിപ്പെടുത്തിയെന്ന കേസില്‍ ജാമ്യം ലഭിയ്ക്കുന്ന വകുപ്പുകളുള്‍പ്പെടുത്തിയുള്ള കേസായതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.

    വിജയ് ബാബുവില്‍ നിന്ന് കടുത്ത ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായാണ് മലയാള സിനിമയിലെ യുവനടി പരാതി നല്‍കിയത്. പരാതി നല്‍കിയതിനു പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതിയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന പോലീസ് നിലപാടിനെ വിമര്‍ശിച്ച കോടതി വിജയ് ബാബുവിന് നാട്ടിലെത്തുന്നതിനായി അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അവസാന ദിനങ്ങളില്‍ അടച്ചിട്ട കോടതി മുറിയില്‍ വാദം കേട്ടശേഷമാണ് വിധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
    Published by:Anuraj GR
    First published: