Vijay Babu| ബലാത്സംഗ കേസ്; നിർമാതാവ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം
- Published by:Naseeba TC
- news18-malayalam
Last Updated:
ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന് (Vijay Babu)മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം.
രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. ഇരക്കെതിരെ സാമൂഹ്യ മാധ്യമത്തിലടക്കം ഒരു പരാമർശവും നടത്തരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.
കോടതി നിർദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്.
ഉഭയസമ്മത പ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ബ്ലാക് മെയിലിന്റെ ഭാഗമായാണ് പരാതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.
advertisement
എന്നാൽ വിജയ് ബാബുവിൽ നിന്നും കടുത്ത പീഡനം നേരിടേണ്ടി വന്നെന്നായിരുന്നു നടിയുടെ വാദം. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാഹർജി കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.
പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.
ഏപ്രിൽ 22ന് ആണ് നടി പൊലീസിൽ പരാതി നൽകിയത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവിൽ അന്ന് ആരോപിക്കുകയും ചെയ്തു.
advertisement
തുടർന്ന് ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോർജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് നീക്കം തുടങ്ങിയതോടെയാണ് ദുബായിയിൽ തിരിച്ചെത്തി ശേഷം കേരളത്തിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 22, 2022 11:02 AM IST