തിരുവനന്തപുരം: കോർപറേറ്റ് ശൈലി സൈന്യത്തിൽ കൂടി കൊണ്ട് വരാനുള്ള മോദി സർക്കാരിന്റെ നീക്കമാണ് അഗ്നിപഥ് (Agnipath) പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). കോർപ്പറേറ്റ് രീതിയാണ് ജോലിയിലെ സ്ഥിരിതയില്ലായ്മ. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരാളേയും സ്ഥിരമായി നിയമിക്കുന്നില്ല. ആ കോർപ്പറേറ്റ് രീതി സൈന്യത്തിൽ കൊണ്ടുവരുന്നത് അപകടകരമാണ്.
ജോലിയിലെ സ്ഥിരതയില്ലായ്മ ചെറുപ്പക്കാരെ നിരാശരാക്കും. ആ നിരാശയിൽ നിന്നാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. കോർപ്പറേറ്റ് പ്രീണന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്ന സാഹചര്യത്തിൽ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ. കാലാവധി കഴിയുന്ന അഗ്നിവീരന്മാർക്ക് അർദ്ധസൈനിക വിഭാഗത്തിലും അസം റൈഫിൾസിലും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്. മറ്റൊരു ട്വീറ്റിൽ സേനകളിൽ അപേക്ഷിക്കുന്ന അഗ്നിവീറുകൾക്ക് പ്രായപരിധി ഇളവ് ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഗ്നിപഥിലെ ആദ്യ ബാച്ചിന് നിശ്ചിത ഉയർന്ന പ്രായപരിധിയേക്കാൾ അഞ്ച് വർഷത്തേക്കാണ് ഇളവ് ലഭിക്കുക.
പദ്ധതിക്കെതിരായ പ്രതിഷേധം ഇന്നും തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ ഇന്നും പ്രതിഷേധക്കാർ ട്രയിനിന് തീയിട്ടു. ഇവിടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. യുപിയിൽ പ്രതിഷേധിച്ച 260 പേരെ അറസ്റ്റ് ചെയ്തു.
അഗ്നിപഥ് പദ്ധതിക്കെതിരേ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; കെ സുരേന്ദ്രന്‍
അഗ്നിപഥ് പദ്ധതിക്കെതിരേ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്ന യുവജനസംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണെന്നും സുരേന്ദ്രൻ.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.