തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ തീരുമാനിച്ചു. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചത്. കെ കെ അഷ്റഫ്, ആർ രാജേന്ദ്രൻ, സി കെ ശശിധരൻ, പി വസന്തം എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയാണ് നേരത്തെ ജയനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. ഇതിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ കെ കെ അഷ്റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചത്. എ പി ജയൻ ചുരുങ്ങിയ കാലയളവിൽ കോടികളുടെ സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതി.
അടൂരിൽ ഡയറി ഫാം ആരംഭിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയിൽ പറയുന്നു. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകുന്നതിനു മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സെക്രട്ടറി സ്ഥാനത്ത് ഇത് മൂന്നാം ടേം ആണ്ജയനു. കാനം വിരുദ്ധ പക്ഷത്തെ അറിയപ്പെടുന്ന നേതാവ് കൂടിയാണ് ജയൻ. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.