'കെ.സി. വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ ജയിക്കുമായിരുന്നു'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്
- Reported by:Saranya Snehajan
- news18-malayalam
- Published by:Rajesh V
Last Updated:
കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിലയിരുത്തൽ
ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും യോഗത്തിന്റെ വിലയിരുത്തൽ. ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോൽവി ഉറപ്പായി. കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിലയിരുത്തൽ.
തോമസ് ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹത്തെ പത്തനംതിട്ടയിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും വിലയിരുത്തലുണ്ടായി. പത്തനംതിട്ടയിൽ മത്സരിക്കേണ്ടത് രാജു എബ്രഹാം ആയിരുന്നു.
മുതിർന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും നേരെ വിമർശനം ഉയർന്നു. ജാവദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തു. പാർട്ടിയുടെ അഭിപ്രായം പറയാൻ എ കെ ബാലനെ ആരും ഏൽച്ചിട്ടില്ലെന്നും വിമർശനമുണ്ടായി.
advertisement
അതേസമയം, എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് പിഴവുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി ഇടതുപക്ഷത്തോടൊപ്പമാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഈഴവ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉൾപ്പടെ അടിസ്ഥാന വർഗം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തു നിന്നകന്നു നിന്നുവെന്നും യോഗം വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Jun 28, 2024 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ.സി. വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ ജയിക്കുമായിരുന്നു'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്










