കോഴിക്കോട്: നിയമ വിദ്യാർഥി ഉൾപ്പെടെ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയതിനെ വിമർശിച്ച് സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ജില്ലാ കമ്മിറ്റി കെ.ടി കുഞ്ഞിക്കണ്ണനാണ് ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
പോസ്റ്റ് പൂർണരൂപത്തിൽ
ഇടതുപക്ഷത്തിന്റെ നയമല്ല യു.എ.പി.എ ഉപയോഗിക്കുകയെന്നത്. ഇടതുപക്ഷസർക്കാരിന്റെ നയത്തിനെതിരാണ് കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്കെതിരായി യു.എ.പി.എ ചുമത്തിയ പോലീസ് നടപടി. അത് പുനരാലോചിക്കുകയും തിരുത്തുകയും വേണം. 2016-ൽ സർക്കാർ അധികാരത്തിൽ വരുന്ന സന്ദർഭത്തിൽ സംസ്ഥാനത്ത് 165 യു.എ.പി.എ കേസുകൾ ഉണ്ടായിരുന്നു. അതിൽ 42 എണ്ണം പരിശോധിച്ച് ഒഴിവാക്കിയതായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലീസ് എടുത്ത 26 യു.എ.പി.എ കേസുകളിൽ 25 എണ്ണവും ആഭ്യന്തരവകുപ്പിന്റെയും സി.പി.ഐ(എം)ന്റെയും ശക്തമായ ഇടപെടൽ മൂലം ഒഴിവാക്കിയതാണ്. ആശയപ്രചരണത്തിന്റെയോ രാഷ്ട്രീയ അഭിപ്രായങ്ങളുടേയോ പേരിൽ യു.എ.പി.എ ചുമത്തെരുതെന്നത് സർക്കാരിന്റെയും സി.പി.ഐ(എം)ന്റെയും പ്രഖ്യാപിത നയമാണ്.
ഇതിന് വിരുദ്ധമായി പോലീസ് യു.എ.പി.എ ചേർത്ത് കേസ് എടുത്ത സാഹചര്യത്തിലാണ് എല്ലാ കേസുകളും സർക്കാർ പുനഃപരിശോധിച്ചത്. ഹൈക്കോടതിയിൽ സർക്കാർ നൽകിയ അഫിഡവിറ്റിൽ ആശയാഭിപ്രായങ്ങളുടെ പേരിൽ ഒരാൾക്കെതിരെ യു.എ.പി.എ ചുമത്തുകയെന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കിയതുമാണ്. സർക്കാരിന്റെ നയം മറന്ന് പ്രവർത്തിക്കാൻ പോലീസ്‌സേനയ്ക്ക് എന്തധികാരമാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.