കണ്ണൂർ: അനുഭാവികൾ എന്ന തരത്തിൽ നവമാധ്യമങ്ങളിൽ പോസ്റ്റിടുന്ന കൊട്ടേഷൻ മാഫിയ സംഘ അംഗങ്ങൾക്ക് കടിഞ്ഞാണിടാൻ സി പി എം. രാമനാട്ടുകര സ്വർണ കവർച്ച ശ്രമ കേസിലെ സൂത്രധാരനെന്ന് സംശയിക്കുന്ന അർജുൻ ആയങ്കി പാർട്ടി അനുഭാവിയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കൊട്ടേഷൻ മാഫിയാസംഘങ്ങൾക്കെതിരെ ജൂലൈ അഞ്ചിന് കണ്ണൂർ ജില്ലയിലെ 3801 കേന്ദ്രങ്ങളിൽ വിപുലമായ ക്യാംപെയിൻ സംഘടിപ്പിക്കാനാണ് സി പി എം തീരുമാനം.
"ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ചില വിവാഹാഘോഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ശുഭ്ര വസ്ത്രം ധരിച്ച് രംഗത്തു വന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം" സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി.
അതേസമയം കൊട്ടേഷൻ സംഘങ്ങൾ പാർട്ടി അനുഭാവികൾ ആയി നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് സി പി എമ്മിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കപ്പക്കടവിലെ ഡി. വൈ. എഫ്. ഐ യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അർജുനെ പിന്നീട് പുറത്താക്കിയിരുന്നു. എന്നാൽ സി. പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജനും, പി. ജയരാജനും മുതിര്‍ന്ന നേതാക്കളും ഉള്ള പ്രധാന പാര്‍ട്ടി വാട്‌സാപ് ഗ്രൂപില്‍ അര്‍ജുന്‍ ആയങ്കി കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്.
സാധാരണ കുടുംബത്തിലെ അംഗമായിരുന്ന അർജുൻ അടുത്ത കാലങ്ങളിൽ ആണ് സമ്പന്നൻ ആയത്. പെട്ടെന്ന് ഇരുനില വീടും കാറും സ്വന്തമാക്കിയതും ആർഭാടമായി വിവാഹം നടത്തിയതും പലരെയും അമ്പരപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരാളുടെ സാമ്പത്തിക സ്രോതസ്സ് കൃത്യമായി അന്വേഷിച്ചില്ല എന്ന ആക്ഷേപവും പാർട്ടി പ്രാദേശിക ഘടകത്തിൽ ഒരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊട്ടേഷൻ സംഘങ്ങൾക്ക് എതിരെ കർശന നിലപാട് സ്വീകരിക്കാൻ സി പി എം കണ്ണൂർ ജില്ലയിൽ തയാറാക്കുന്നത്.
അതിനിടെ രാമനാട്ടുകര സ്വർണ കവർച്ച കേസിലെ ആസൂത്രകൻ അർജുൻ ആയങ്കിയുടെ കാറുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നാടകീയരംഗങ്ങൾ. അഴീക്കോട് കപ്പൽ പൊളിക്കുന്ന കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കാർ പോലീസും അന്വേഷണസംഘവും എത്തുന്നതിന് മുൻപ് തന്നെ കടത്തി.
ഇന്നലെ രാത്രിയാണ് അർജുൻ ആയങ്കിയുടെ കാർ കേന്ദ്രത്തിൽ ഉണ്ടെന്ന് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചെങ്കിലും ആരും എത്തിയല്ല. രാവിലെ ദൃശ്യമാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ സ്ഥലത്തുനിന്ന് കാർ അപ്രത്യക്ഷമായി. കാർ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ വളപട്ടണം പോലീസ് ഉദ്യോഗസ്ഥർക്ക് വാഹനം കണ്ടെത്താനായില്ല.
സ്വർണ്ണക്കടത്ത് അപകട സമയത്ത് ഇതേ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വ്യക്തമായിരുന്നു. കപ്പൽ പൊളിക്കുന്ന കേന്ദ്രത്തിൽ നിന്നും കാർ കടത്തിയത് കൊട്ടേഷൻ സംഘത്തിൽ പെട്ടവരാണ് എന്നാണ് സൂചന. കാർ ഒളിപ്പിച്ച നിലയിൽ അഴീക്കോട് ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്നിട്ടും അത് കസ്റ്റഡിയിലെടുക്കാനോ തുടർ നടപടികൾ സ്വീകരിക്കാനോ പോലീസ് മെനക്കെട്ടില്ല എന്നും ആക്ഷേപമുണ്ട്.
അതേ സമയം അർജുൻ നിരന്തരം കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കളളക്കടത്തിൽ ചതിച്ച സംഘത്തിലെ മറ്റൊരാളെ ഭീഷണി പ്പെടുത്തുന്നതാണ് ശബ്ദ സന്ദേശം. രാമനാട്ടുകര സംഭവത്തിന് ഏതാനും മാസങ്ങൾ മുമ്പ് നടത്തിയ സംഭാഷണമാണ് ഇതെന്നാണ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Cpm kannur, Gold smuggling, M v jayarajan, Quotation members