'സഖാവ് ചിന്തയെ കൊല്ലാതെ കൊല്ലുകയാണ്; ക്രൂരതക്കും ഒരതിരുണ്ട്, ഇത് തുടരരുത്; പി.കെ ശ്രീമതി
- Published by:Arun krishna
- news18-malayalam
Last Updated:
ചിന്തക്കെതിരേ കഴിഞ്ഞ കുറച്ചുനാളായി നടക്കുന്നത് അപവാദങ്ങളുടെ പെരും മഴയാണെന്നും നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുന്നത് ചിന്ത ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണെന്നും ശ്രീമതി പറഞ്ഞു
സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരെ നിരവധി ആരോപണങ്ങളാണ് അടുത്തകാലത്തായി ഉയര്‍ന്നിട്ടുള്ളത്. ശമ്പള കുടിശികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആറിതണുക്കും മുന്‍പേ എത്തിയ കേരള സര്‍വകലാശാലയിലെ ‘വാഴക്കുല ബൈ വൈലോപ്പള്ളി’ വിവാദവും കൊല്ലം തങ്കശേരി നക്ഷത്ര ഹോട്ടലിലെ താമസവുമടക്കം ഗുരുതര ആരോപണങ്ങളാണ് യുവജന കമ്മീഷന് അധ്യക്ഷയ്ക്ക് നേരെ ഒന്നിനുപിറകെ ഒന്നായി പുറത്തുവരുന്നത്.
ഈ സാഹചര്യത്തില്‍ വിവാദങ്ങളില്‍പ്പെട്ട ചിന്താ ജെറോമിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി.കെ ശ്രീമതി. ചിന്തക്കെതിരേ കഴിഞ്ഞ കുറച്ചുനാളായി നടക്കുന്നത് അപവാദങ്ങളുടെ പെരും മഴയാണെന്നും നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുന്നത് ചിന്ത ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണെന്നും ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം.
advertisement
ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാന്‍ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ പ്രത്യേകിച്ച് ഒരു അവിവാഹിതയെ തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണ്ണിച്ച യാഥാസ്ഥിതികത്വം അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
വിമര്‍ശിക്കുന്നത് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്. മാനസികമായി ഒരു പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ ഇങ്ങനെ തളര്‍ത്തിയിടരുത്. ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യല്‍മീഡിയയും യൂത്ത് കോണ്‍ഗ്രസും നടത്തുന്നത് വിമര്‍ശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ടെന്നും ഇനി ഇത് തുടരരുതെന്നും ശ്രീമതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 08, 2023 7:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സഖാവ് ചിന്തയെ കൊല്ലാതെ കൊല്ലുകയാണ്; ക്രൂരതക്കും ഒരതിരുണ്ട്, ഇത് തുടരരുത്; പി.കെ ശ്രീമതി