കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ രാജ എംഎൽഎ സുപ്രീംകോടതിയെ സമീപിക്കും. സിപിഎം സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. കിർത്താഡ്സ് രേഖകൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തിൽ ഉൾപ്പെട്ട പട്ടിക ജാതിക്കാരൻ എന്ന് അവകാശപ്പെടാൻ കഴിയില്ലാത്തതിനാൽ പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎൽഎയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
എ രാജയ്ക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി .ഇത് അനുവദിച്ചാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്.
ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമാണു ഡി.കുമാറിന്റെ വാദം. എ.രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Devikulam, Election, High court, Supreme court