• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ്'; സിപിഐക്ക് മറുപടിയുമായി ദേശാഭിമാനി

'കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ്'; സിപിഐക്ക് മറുപടിയുമായി ദേശാഭിമാനി

''മാവോയിസ്റ്റ്‌ ഭീകരതയെ നിസ്സാരവൽക്കരിച്ച്‌ പൊലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം ആർക്കാണ്‌ ഗുണം ചെയ്യുക. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത്‌ പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ളതാണ്‌.''

ദേശാഭിമാനി എഡിറ്റോറിയൽ

ദേശാഭിമാനി എഡിറ്റോറിയൽ

 • Share this:
  തിരുവനന്തപുരം: മഞ്ചിക്കണ്ടിയിൽ പൊലീസിന്റെ വെടിയേറ്റ് നാലു മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം മുഖപത്രം. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിച്ച് പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും സിപിഐ നിലപാടിന് മറുപടിയായി ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു.

  Also Read- 'ചിലരുടേത് മുതലക്കണ്ണീർ; രാജനെ ഉരുട്ടിക്കൊന്നപ്പോൾ മുഖ്യമന്ത്രി അച്യുതമേനോൻ'; CPIക്കെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി

  മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവല്‍ക്കരിച്ച് പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് മുഖപ്രസംഗം ചോദിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ തിരിച്ചുവിടാനാണ് എതിരാളികള്‍ കിണഞ്ഞുശ്രമിക്കുന്നത്. യുഎപിഎ കരിനിയമമാണെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സമീപനം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖപ്രസംഗം പറയുന്നു.

  ദേശാഭിമാനി മുഖപ്രസംഗത്തിന്റെ പൂർണരൂപം

  അട്ടപ്പാടിയിൽ നാല്‌ മാവോയിസ്റ്റുകൾ പൊലീസ്‌ വെടിയേറ്റ്‌ മരിച്ചതും കോഴിക്കോട്ട്‌ രണ്ട്‌ യുവാക്കൾക്കെതിരെ നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമം (യുഎപിഎ) ചുമത്തിയതും വലിയ വിവാദങ്ങൾക്ക്‌ വഴിതുറന്നിരിക്കുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മാവോയിസ്റ്റ്‌ തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമാണ്‌ കേരളം. മതതീവ്രവാദത്തിനും മലയാളമണ്ണിൽ കാര്യമായ വേരോട്ടമില്ല. കേരളം ആർജിച്ച സാമൂഹ്യപുരോഗതിയും ഇടതുപക്ഷ മനസ്സുമാണ്‌ ഈ നേട്ടത്തിന്‌ ആധാരം. മറ്റ്‌ സംസ്ഥാനങ്ങളിലെല്ലാം തീ്വ്രവാദ ശക്തികൾ ഭീകരപ്രവർത്തനങ്ങളിലൂടെ തുടർച്ചയായി ദുരന്തങ്ങൾ വിതയ്‌ക്കുന്നുണ്ട്‌. സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ജനവിഭാഗങ്ങളെ ദുർബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ്‌ മാവോയിസ്റ്റുകൾ മലയോര–വനമേഖലകളിൽ നിലയുറപ്പിക്കുന്നത്‌. പൊലീസ്‌–അർധസൈനിക സേനയിൽപെട്ടവരാണ്‌ ഇവരുടെ സായുധപ്രവർത്തനത്തിന്റെ പ്രധാന ഇരകൾ. നിരവധി രാഷ്ട്രീയപ്രവർത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്‌.

  അടുത്തകാലത്തായി പശ്ചിമഘട്ട വനപ്രദേശങ്ങൾ മാവോയിസ്റ്റുകൾ താവളമാക്കുന്നതായി കേന്ദ്ര ഇന്റലിജൻസ്‌ ഏജൻസികൾ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നു. വയനാട്ടിലും അട്ടപ്പാടിയിലും തീവ്രവാദ സാന്നിധ്യം അനുഭവപ്പെട്ടതുമാണ്‌. 2016 നവംബറിൽ നിലമ്പൂരിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച കുപ്പു ദേവരാജ്‌ ഛത്തീസ്ഗഢ്‌ മേഖലയിൽ നക്‌സലൈറ്റ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്ന ആന്ധ്ര സ്വദേശിയാണ്‌. വനത്തിനകത്ത്‌ തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട്‌ സേനയെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നുവെന്നും , അതല്ല പിടിയിലായവരെ പൊലീസ്‌ പോയിന്റ്‌ ബ്ലാങ്കിൽ (വളരെ അടുത്തുവച്ച്‌) വെടിവച്ച്‌ കൊല്ലുകയായിരുന്നുവെന്നും അന്നും വിവാദം ഉയർന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം എൽഡിഎഫ്‌ സർക്കാരിനുമേൽ കെട്ടിവയ്‌ക്കാനായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്‌. അന്വേഷണത്തിൽ വ്യാജ ഏറ്റുമുട്ടൽ ആയിരുന്നില്ല അതെന്ന്‌ തെളിഞ്ഞു.

  അട്ടപ്പാടിയിൽ ഇപ്പോഴുണ്ടായ ഏറ്റുമുട്ടൽ മരണങ്ങളുടെപേരിലും പഴയ വിവാദം തുടരുകയാണ്‌. തെരച്ചിലിനിടയിലും ഇൻക്വസ്റ്റ്‌ വേളയിലും പൊലീസിനുനേരെ നടന്ന ആക്രമണങ്ങളുടെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. ഉന്നത ഉദ്യോഗസ്ഥരടക്കം തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. എകെ 47 തോക്ക്‌ ഉൾപ്പെടെ സംഭവസ്ഥലത്തുവച്ച്‌ കണ്ടെടുത്തിട്ടുമുണ്ട്‌. ഏതായാലും സർക്കാർ ജുഡീഷ്യൽ മജിസ്‌റ്റീരിയൽതല അന്വേഷണവും ക്രൈംബ്രാഞ്ച്‌ അന്വേഷണവും നടത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

  മാവോയിസ്റ്റ്‌ ഭീകരതയെ നിസ്സാരവൽക്കരിച്ച്‌ പൊലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം ആർക്കാണ്‌ ഗുണം ചെയ്യുക. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത്‌ പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ളതാണ്‌. എന്നാൽ, കേരളത്തിലെ പ്രതിപക്ഷകക്ഷികൾ നിർഭാഗ്യവശാൽ ജനവിരുദ്ധസമീപനവും കുറ്റകരമായ അനാസ്ഥയുമാണ്‌ കാണിക്കുന്നത്‌. രാജ്യദ്രോഹവും ഭീകരപ്രവർത്തനവും ആരോപിച്ച്‌ പൗരന്മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയുംചെയ്യുന്ന ഭരണകൂടഭീകരതയെ ഒരിക്കലും കുറച്ചുകാണേണ്ടതില്ല. ഗൂഢാലോചന കേസുകൾ ചുമത്തിയും ചൈനീസ്‌ ചാരന്മാർ എന്ന്‌ ആരോപിച്ചും കമ്യൂണിസ്‌റ്റുകാരെയാണ്‌ ഏറ്റവുമധികം വേട്ടയാടിയത്‌. അടിയന്തരാവസ്ഥക്കാലത്തും എല്ലാ പൗരാവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടു. ഇന്നത്തെ യുഎപിഎയുടെ ആദ്യരൂപം 1967ലെ കോൺഗ്രസ്‌ സർക്കാരാണ്‌ കൊണ്ടുവന്നത്‌.

  യുപിഎ ഭരണ കാലത്ത്‌ മൂന്ന്‌ തവണ യുഎപിഎ കർക്കശമാക്കുന്ന ഭേദഗതികളുണ്ടായി. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗംചെയ്യപ്പെട്ടു. കേരളത്തിലാകട്ടെ ‘ടാഡ’ അറസ്‌റ്റുകൾ ഉൾപ്പെടെ പലതവണ ‘ഭീകരവിരുദ്ധ നിയമം ’ രാഷ്‌ട്രീയ എതിരാളികൾക്കെതിരെ കോൺഗ്രസ്‌ പ്രയോഗിച്ചു. ഒരു തെളിവുമില്ലാതെ സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെപോലും കൊലക്കേസുകളിൽ പ്രതികളാക്കി ഗൂഢാലോചനയും യുഎപിഎയും ചുമത്തി ജയിലിൽ അടച്ചത്‌ ഉമ്മൻചാണ്ടി സർക്കാരാണ്‌. തലശേരിയിൽ ഫസലിനെ കൊന്നത്‌ ആർഎസ്‌എസുകാരെന്ന്‌ വ്യക്തമായിട്ടും രണ്ട്‌ സിപിഐ എം നേതാക്കൾ ഉൾപ്പെടെ നാടുകടത്തപ്പെട്ടത്‌ യുഡിഎഫ്‌ –-എൻഡിഎഫ്‌ –- ആർഎസ്‌എസ്‌ ഒത്തുകളിയുടെ ഭാഗമാണ്. ഇതെല്ലാം ചെയ്‌തവർ ഇപ്പോൾ മാനവികത പറയുന്നത്‌ രാഷ്ട്രീയനേട്ടം പ്രതീക്ഷിച്ചും.

  കോഴിക്കോട്ട്‌ രണ്ട്‌ യുവാക്കളെ മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതാണ്‌ ഏറ്റവുമൊടുവിൽ സിപിഐ എമ്മിനും സർക്കാരിനുമെതിരെ തിരിച്ചുവിടാൻ എതിരാളികൾ കിണഞ്ഞുശ്രമിക്കുന്നത്‌. ഇക്കാര്യത്തിൽ സിപിഐ എമ്മിന്റെയും സർക്കാരിന്റെയും സമീപനം അർഥശങ്കയ്‌ക്ക്‌ ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്‌. യുഎപിഎ കരിനിയമമാണ്‌. ദുരുപയോഗസാധ്യത മുൻനിർത്തി പാസാക്കുന്ന ഘട്ടത്തിൽത്തന്നെ എതിർത്തത്‌ സിപിഐ എമ്മും ഇടതുപക്ഷവുമാണ്‌. പ്രതീക്ഷിച്ചപോലെ ആ നിയമം ദുരുപയോഗിക്കപ്പെട്ടു. സിപിഐ എമ്മാണ്‌ പകപോക്കലിന്‌ ഏറെ ഇരയായത്‌. ഇതു മനസ്സിലാക്കിയാണ്‌ എൽഡിഎഫ്‌ സർക്കാർ യുഎപിഎ ചുമത്തുന്നതിന്‌ വ്യക്തമായ മാർഗനിർദേശം നടപ്പിൽ വരുത്തിയത്‌. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്കേ ഈ നിയമപ്രകാരം അന്വേഷണവും കേസെടുക്കലും സാധ്യമാകൂ. റിട്ടയേർഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെ അധ്യക്ഷതയിലുള്ള ഉന്നത സമിതിയുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ യുഎപിഎ പ്രകാരം സർക്കാർ പ്രോസിക്യൂഷൻ അനുവദിക്കുകയുള്ളൂ. ഇതനുസരിച്ചാണ്‌ യുഡിഎഫ്‌ സർക്കാർ ചുമത്തിയ ആറ്‌ യുഎപിഎ കേസ്‌ ഈ സർക്കാർ റദ്ദാക്കിയത്‌. എട്ട്‌ കേസിന്‌ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്‌. ലഘുലേഖ കണ്ടെടുത്തതിനും ആശയപ്രചാരണം നടത്തിയതിനും യുഎപിഎ ചുമത്തരുതെന്ന്‌ സിപിഐ എം നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒരുതരത്തിലുള്ള നീതിനിഷേധത്തിനും സർക്കാർ കൂട്ടുനിൽക്കില്ലെന്ന്‌ മുഖ്യമന്ത്രിയും വ്യക്തമാക്കി. വിശദമായ പരിശോധന നടന്നുവരികയുമാണ്‌. ഇക്കാര്യത്തിൽ കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ്‌ മാത്രമാണ്‌. എന്നാൽ, സർക്കാരിന്‌ മുറുകെ പിടിക്കാനുള്ളത്‌ നിയമവ്യവസ്ഥയും ജനതാൽപ്പര്യവുമാണ്‌.

  First published: