കോന്നി തഹസിൽദാർ ഉൾപ്പെടെ ജീവനക്കാർ കൂട്ടയവധിയെടുത്തു മൂന്നാറിൽ ഉല്ലാസയാത്രയ്ക്കു പോയ സംഭവത്തിനെതിരെ സിപിഎം. ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിക്കാൻ കഴിയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. പ്രവർത്തി ദിവസത്തെ ടൂറിന് ന്യായീകരണമില്ല. ഉദ്യോഗസ്ഥർ ജനങ്ങളുടെ ദാസൻന്മാർ എന്നതാണ് ഇടതു നയം. ഇക്കാര്യത്തിൽ എംഎൽഎ കെ.യു ജനീഷ്കുമാറിന്‍റെ ഇടപെടൽ ശരിയാണ്. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയുടെ സമീപനമാണ് എംഎൽഎയിൽ നിന്ന് ഉണ്ടായത്. എംഎൽഎയുടെ സ്ഥാനം എഡിഎമ്മിന് മുകളിൽ ആണെന്ന് എഡിഎമ്മിന് അറിയില്ലായിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത സംഭവത്തിൽ എഡിഎം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. തഹസിൽദാർ കുഞ്ഞച്ചൻ ഉൾപെടെയുള്ളവർ സംഘത്തിലുണ്ട്. മൂന്നാർ, ദേവികുളം എന്നിവടങ്ങളിലാണ് സംഘം യാത്ര നടത്തിയത്. വിനോദയാത്രയുടെ ചിത്രങ്ങൾ പുറത്തുവന്നു.
ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ്, ക്വാറി ഉടമയുടേതെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുകളിലാണോ ക്വാറി മുതലാളിയെന്ന് കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
താലൂക്ക് ഓഫീസിലെ രജിസ്റ്റർ പരിശോധിക്കാൻ എംഎൽഎയ്ക്ക് അധികാരമില്ലെന്ന രീതിയിൽ എഡിഎം സംസാരിച്ചത് വിവാദമായിരുന്നു. എഡിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ജനീഷ് കുമാർ, മരണവീട്ടിൽ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എംഎൽഎയുടെ ജോലിയെന്നു പറഞ്ഞു. ജീവനക്കാരില്ലാതിരുന്നതിനെ തുടർന്നു എംഎൽഎ ഇന്നലെ താലൂക്ക് ഓഫീസിലെ അറ്റൻഡൻസ് രേഖകൾ പരിശോധിച്ചിരുന്നു. വീഴ്ച കണ്ടെത്തുന്നതിനു പകരം എഡിഎം, എംഎൽഎയുടെ അധികാരമാണ് പരിശോധിച്ചതെന്നും ജനീഷ് കുമാർ കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.