കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയാ കമ്മറ്റി അംഗങ്ങളോട് വിശദീകരണം തേടി. കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരായ ജില്ലാ കമ്മിറ്റിയുടെ നടപടിക്ക് പിന്നാലെയാണ് പ്രാദേശിക നേതാക്കളോട് വിശദീകരണം തേടിയത്.
കുറ്റ്യാടി സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പരസ്യ പ്രതിഷേധത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം. ഇന്നലെ ചേർന്ന കുന്നുമ്മൽ ഏരിയാ കമ്മിറ്റി യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ മൂന്ന് പേരോട് വിശദീകരണം ആവശ്യപ്പെട്ടു. കുന്നുമ്മൽ ഏരിയാ കമ്മറ്റി അംഗങ്ങളായ ടി കെ മോഹൻദാസ്, കെ പി ചന്ദ്രിക, കുന്നുമ്മൽ കണാരൻ എന്നിവരോടാണ് വിശദീകരണം തേടിയത്. കെ പി ചന്ദ്രിക കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ടി കെ മോഹൻ ദാസ് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രഡിഡന്റുമാണ്. പരസ്യ പ്രതിഷേധത്തെ പിന്തുണച്ചു, പ്രാദേശിക നേതാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല തുടങ്ങിയ ആരോപണങ്ങളിലാണ് വിശദീകരണം തേടിയത്. യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, സി ഭാസ്കരൻ, എ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഏറ്റവുമധികം ശബ്ദമുയർത്തിയത് മോഹൻദാസ് ഉൾപ്പെടെയുള്ളവരായിരുന്നു. കുറ്റ്യാടി ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം വഞ്ചനാപരമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. അന്ന് നടന്ന യോഗത്തിന് ശേഷം പാർട്ടി പ്രവർത്തകർ എളമരം കരീമിനെ തടഞ്ഞുവെച്ച് പ്രതിഷേധം അറിയിക്കുന്നതു വരെയെത്തിയിരുന്നു കാര്യങ്ങൾ.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ആട്ടിമറിക്കാൻ ഈ നേതാക്കൾ പ്രവർത്തിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് റിവ്യൂവിനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും ഇവർക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ പി കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർഥിത്വമോഹമാണ് കുറ്റ്യാടി പ്രശ്നങ്ങളുടെ കാരണമെന്ന വിമർശനമാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നത്. എന്നാൽ കുറ്റ്യാടി എം എൽ എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടി വേണമെന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ശുപാർശയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്കിയത് കുന്നുമ്മല്‍ ഏരിയാ കമ്മറ്റിക്കു കീഴിലുള്ള കുറ്റ്യാടി, വേളം ലോക്കല്‍ കമ്മറ്റികളിലെ നേതാക്കളാണെന്നാണ് പാർട്ടി വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന വടകര ഏരിയാ കമ്മിറ്റി യോഗത്തിലും അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു. പരസ്യ പ്രതിഷേധത്തിൽ നേരിട്ടു പങ്കെടുക്കുകയോ പിന്തുണക്കുകയോ ചെയ്ത പ്രാദേശിക നേതാക്കൾക്കും പാർട്ടി അംഗങ്ങൾക്കും എതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാവും.
Summary
CPM to take strict actions on the Kuttyadi rebel protest issue, demanded explanation from area committee members
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.