• HOME
  • »
  • NEWS
  • »
  • kerala
  • »
  • നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കി

നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കി

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ല എന്ന് സംഘാടകർകേരളത്തിൽ മതേതര നൃത്ത വേദികൾ കൂടുതൽ വേണംകാലം മുന്നോട്ട് പോകുന്തോറും വിലക്കുകളും നിയന്ത്രണങ്ങളും കൂടുന്നു

  • Share this:
കൂടൽമാണിക്യം (Koodalmanikyam)  ക്ഷേത്രത്തിലെ നൃത്തോത്സവ വേദിയിൽ നിന്ന് ഒഴിവാക്കിയത് നിരാശ നൽകുന്നുവെന്ന് ഭരതനാട്യം നർത്തകിയായ വി പി മൻസിയ (VP Mansiya). ഹിന്ദു അല്ലെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയത് എന്നും തനിക്ക് മതം ഇല്ലെന്നും മൻസിയ പറഞ്ഞു. തൃശൂർ ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ഉള്ള നൃത്തോത്സവത്തിൽ ഏപ്രിൽ 21 നു വൈകുന്നേരം ആയിരുന്നു  മൻസിയയുടെ നൃത്തം നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പരിപാടിയുടെ സംഘാടകർ മൻസിയയെ വിളിച്ച് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിക്കുക ആയിരുന്നു.

അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതിൽക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ്  സംഘാടകരുടെ വിശദീകരണം. തനിക്ക് നേരിടേണ്ടി വന്ന അനുഭവം വി പി മൻസിയ ന്യൂസ് 18 നോട് പങ്ക് വെച്ചു.

" ഫോൺ വിളിച്ച് ഒരു സ്റ്റേറ്റ്മെൻ്റ് പോലെ ആണ് അവർ ഇക്കാര്യം അറിയിച്ചത്. അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല, മൻസിയ ഹിന്ദുവാണോ എന്ന് ചോദിച്ചു. ഞാൻ ഇപ്പോൾ ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. ജനിച്ചതും വളർന്നതും മുസ്ലിം സമുദായത്തിൽ ആയിരുന്നു, പക്ഷേ ഇപ്പൊൾ ഒരു മതത്തിലും ഇല്ല. കല്യാണം കഴിഞ്ഞപ്പോൾ മതം മാറിയോ എന്ന് ആയിരുന്നു പിന്നീട് ചോദിച്ചത്. എന്നാൽ അവർ ഹിന്ദു രീതിയിൽ തന്നെ ആണ് ജീവിക്കുന്നത് ഞാൻ മതം ഇല്ലാത്ത രീതിയിലും. "

" ഞാൻ ഭരതനാട്യം നർത്തകി എന്ന നിലയ്ക്ക് ആണ് അപേക്ഷിച്ചത്. ക്ഷേത്രത്തിൽ തൊഴാൻ അല്ല അനുമതി ചോദിച്ചത്. അവർ എൻ്റെ നൃത്തത്തിന് നിലവാരം പോരെന്ന് പറഞ്ഞാണ് ഒഴിവാക്കിയിരുന്നു എങ്കിൽ ഇത്ര നിരാശ തോന്നില്ലായിരുന്നു. അവർ ക്ഷമാപണം നടത്തണം എന്ന് ഒന്നും ഞാൻ പറയുന്നില്ല എങ്കിലും നേരിട്ട് ഇങ്ങനെ പറയാതെ ആണ് ഇക്കാര്യം പറഞ്ഞിരുന്നത് എങ്കിൽ കുറച്ചെങ്കിലും നന്നായിരുന്നു. "

" ഞാൻ ഏറ്റവും അധികം സ്റ്റേജുകളിൽ കയറിയിട്ടുള്ളത് ക്ഷേത്രങ്ങളോട് ചേർന്ന് തന്നെയാണ്. പക്ഷേ അതെല്ലാം 2007 കാലത്ത് ആണ്. കേരളം അന്ന് കുറേക്കൂടി വിശാലമായിരുന്നു എന്ന് തോന്നുന്നു. ഇപ്പോൾ മുൻപ് ഉള്ളതിനേക്കാൾ പിന്നോക്കം പോകുക ആണ് എന്ന് തോന്നി പോകുക ആണ്. "" മുൻപ് ഒരിക്കൽ വളാഞ്ചേരിയിൽ എനിക്ക് വേണ്ടി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക വേദി ഒക്കെ തന്ന ഒരു അനുഭവം ഉണ്ട്. അന്ന് സംഘാടകർ പറഞ്ഞത് മൻസിയയുടെ നൃത്തം ഞങ്ങൾക്ക് വേണം എന്നായിരുന്നു. അത് പോലെ രണ്ട് വർഷം മുൻപ് ഗുരുവായൂരിൽ നിന്നും ഒഴിവാക്കിയ ഒരു അനുഭവം ഉണ്ടായി. അന്ന് സംഘാടകർ പറഞ്ഞത് പ്രതിഷേധം ഉണ്ടാകുമോ എന്ന ഭയം ഉണ്ട്, അത് കൊണ്ട് പിന്മാറണം എന്ന് അഭ്യർത്ഥിക്കുക ആണ് എന്നായിരുന്നു. അന്ന് ഞങ്ങൾ എല്ലാം തയ്യാറായിരുന്നു. പക്ഷേ പിന്മാറേണ്ടി വന്നു. "

" മുൻപ് നൃത്തം പഠിക്കുന്ന കാലത്ത് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു. അന്നൊക്കെ ഏറെ വിഷമിച്ചിരുന്നു. പക്ഷേ ഇന്ന് ഇപ്പോൾ ഫോണിൽ വിളിച്ച് വരേണ്ട എന്ന് പറഞ്ഞപ്പോൾ നിരാശ ഉണ്ടെങ്കിൽ പോലും ഈ സാഹചര്യത്തെ ചിരിച്ചു കൊണ്ട് നേരിടാൻ എനിക്ക് കഴിയുന്നുണ്ട്. കാലം പോകുന്തോറും വിലക്കുകളും പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നത് കൂടി വരികയാണ്. ഇവിടെ വേണ്ടത്ര പിന്തുണ കലാകാരന്മാരിൽ നിന്ന് പോലും ലഭിക്കുന്നില്ല. ഇന്നലെ മറ്റുള്ളവർക്ക് നേരെ  ചൂണ്ടിയ വിരലുകൾ നാളെ അവർക്ക് നേരെയും ഉയരും എന്ന് മനസിലാക്കണം "

" ഇവിടെ ഒരു ബദൽ സംവിധാനം ഉയർന്നു വരേണ്ടത് ഉണ്ട്. മതേതര വേദികൾ ഉണ്ടാകണം.  കേരളത്തിൽ അങ്ങനെയുള്ള ശാസ്ത്രീയ നൃത്ത വേദികൾ ഇനിയും കൂടുതൽ വേണം.  നൃത്തം ഒരു മതത്തിൻ്റെയും കുത്തക അല്ല. ജാതി മത ഭേദമില്ലാതെ എല്ലാവർക്കും നൃത്തം ചെയ്യാൻ കഴിയുന്ന വേദികൾ ഉയർന്നു വരേണ്ടതുണ്ട്. "
വി പി മൻസിയ പറഞ്ഞു നിർത്തി.

ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ മുസ്ലിം പള്ളിക്കമ്മിറ്റിയില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഊരുവിലക്ക് നേരിട്ടതിനു പിന്നാലെയാണ് നൃത്തം അവതരിപ്പിക്കാൻ കഴിയില്ലെന്ന് കാട്ടി ക്ഷേത്രോത്സവകമ്മിറ്റിയും മൻസിയയ്ക്ക് എതിരെ രംഗത്തെത്തുന്നത്.മൻസിയയുടെ ഫേസ്ബുക്ക്‌ കുറിപ്പ്‌:

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ" ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്‌ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.

നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

മതേതര കേരളം

Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..
Published by:Rajesh V
First published: