നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അറിയുമോ ധനേഷ് കുമാറിനെ? പ്രകൃതിയെ സംരക്ഷിക്കാൻ പോരാടുന്ന ഓഫീസറെ ?

  അറിയുമോ ധനേഷ് കുമാറിനെ? പ്രകൃതിയെ സംരക്ഷിക്കാൻ പോരാടുന്ന ഓഫീസറെ ?

  ഏഴായിരത്തി അഞ്ഞൂറ് ഏക്കര്‍ വനഭൂമി ധനേഷിന്റെ ഇടപെടലിലൂടെ തിരിച്ചുപിടിച്ചു. 4500 ഏക്കര്‍ ഭൂമികൂടി തിരിച്ചുപിടിക്കാന്‍ ധനേഷ് പോര്‍മുഖത്താണ്

  Youtube Video
  • Share this:
  കോഴിക്കോട്: 2014. വയനാട് മുട്ടിലില്‍ മരം മുറിച്ചു കടത്തുന്നത് സാഹസികമായി തടഞ്ഞ സൗത്ത് വയനാട് ഡിഎഫ്ഒ യെ കല്‍പറ്റ ഓഫീസിലെത്തി സംവിധായകന്‍ രഞ്ജിത്ത് അഭിനന്ദിച്ചു.

  .'നിങ്ങളുടെ ഏതെങ്കിലും സിനിമയില്‍ ടൈറ്റിലിലെവിടെയങ്കിലും പ്രകൃതി സംരക്ഷണത്തിന്റെ ഒരു സന്ദേശം നല്‍കിയിട്ടുണ്ടോ?​' എന്ന് അഭിനന്ദനത്തിനു മറുപടിയായി ചോദിച്ച ഓഫിസറുടെ പേരാണ് പി ധനേഷ് കുമാര്‍.

  പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു ഒത്തുതീർപ്പിനും നില്‍ക്കാതിരിക്കുകയെന്ന നിലപാടില്‍ അണുവിട ചലിക്കില്ല ഈ കോഴിക്കോട്ടുകാരന്‍. വനം, റിസോര്‍ട്ട്, ക്വാറി, ഭൂമാഫിയകള്‍ക്കിരെ തുടര്‍ച്ചയായി പോരാട്ടം നടത്തിയ വനപാലകന്‍. കോഴിക്കോട് ഫ്‌ളയിംഗ് ഡിഎഫ് ഒയായ പി ധനേഷ് കുമാറും സംഘവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഒതുങ്ങിപോകുമായിരുന്നു മുട്ടില്‍ മരംകൊള്ള . പ്രതികളില്‍ നിന്ന് നിരവധി ഭീഷണികളും പ്രലോഭനങ്ങളുമുണ്ടായിട്ടും അതെല്ലാം അവഗണിച്ചായിരുന്നു പ്രവര്‍ത്തനം. മുട്ടിലില്‍ നിന്ന് മുറിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ കടത്താനുള്ള ശ്രമം മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ എം കെ സമീര്‍ തടഞ്ഞപ്പോള്‍ ഒപ്പം നില്‍ക്കുക മാത്രമല്ല പ്രതികളെ കുടുക്കാന്‍ പഴുതടച്ച റിപ്പോര്‍ട്ട് തന്നെ ധനേഷ് കുമാര്‍ നല്‍കി.

  Also Read- വിവാദ ഉത്തരവിന്റെ പേരിലെ മരംമുറി അന്വേഷണം ശക്തമാക്കും; രണ്ട് ഡിഎഫ്ഒമാർക്ക് പ്രത്യേക ചുമതല

  ഇത് മാത്രമായിരുന്നു കൊള്ളസംഘത്തിന്റെ നീക്കങ്ങള്‍ പൊളിഞ്ഞതിന്റെ പിന്നിലുള്ള കാരണം. മുട്ടില്‍ കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ചേര്‍ന്ന് നടത്തുന്ന സൂര്യ ടിമ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ധനേഷായിരുന്നു. കൊള്ള വിവാദമായപ്പോള്‍ രൂപീകരിച്ച അന്വേഷണസംഘത്തില്‍ ആദ്യം ധനേഷും ഇടംപിടിച്ചു. തൃശൂര്‍, എറണാകുളം ജില്ലകളിലായിരുന്നു അദേഹത്തിന് ചുമതല. അതിന് തൊട്ടുപിന്നാലെ നിലമ്പൂരില്‍ 13 ഈട്ടിതടികള്‍ ധനേഷും സംഘവും പിടികൂടി. ബാഹ്യ ഇടപെടലിന്റെ ഫലമായി അദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി. കേസ് അട്ടിമറിക്കാനുള്ള നീക്കമായി മാധ്യമങ്ങളില്‍ നിന്ന് വാര്‍ത്താ പ്രവാഹമുണ്ടായപ്പോള്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടു. അങ്ങനെ കാസര്‍ക്കോട് മുതല്‍ എറണാകുളം വരെ എട്ടുജില്ലകളുടെ അന്വേഷണസംഘ തലവനായി  മാറി ഈ 49 കാരൻ .

  മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥന്‍. മാനന്തവാടി റെയ്ഞ്ച് ഓഫീസറായിരിക്കെ വനം-ക്വാറി മാഫിയയുടെ കണ്ണിലെ കരടായി. നിരവധി ഭീഷണികള്‍ക്ക് നടുവില്‍ ധനേഷ് തല ഉയര്‍ത്തി നടന്നു. നെന്‍മാറ ഡിഎഫ്ഒ ആയിരിക്കെ നെല്ലിയാമ്പതിയിലെ പോബ്‌സണ്‍ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരുടെ ഭൂമി കയ്യേറ്റം കണ്ടെത്തി പോരാട്ടം തുടര്‍ന്നു. അന്യാധീനപ്പെട്ട 6000 ഏക്കര്‍ വനഭൂമി സര്‍ക്കാറിലേക്ക് മുതല്‍കൂട്ടി. രാത്രിയില്‍ ഗുണ്ടകള്‍ നെന്മാറ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചു. ധനേഷായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ആക്രമണമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് അദേഹം അവിടെ നിന്ന് മാറിയതുകൊണ്ട് ജീവന്‍ നഷ്ടമായില്ല. ഡിഎഫ്ഒ ഓഫീസിലെ ഫയലുകളെല്ലാം അക്രമികള്‍ നശിപ്പിച്ചു. എങ്കിലും ധനേഷ് അതൊക്കെ വീണ്ടും എഴുതിയുണ്ടാക്കി പോരാട്ടം തുടര്‍ന്നു.

  Also Read- മുട്ടില്‍ മരംമുറി: 'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ'; ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  ഏഴായിരത്തി അഞ്ഞൂറ് ഏക്കര്‍ വനഭൂമി ധനേഷിന്റെ ഇടപെടലിലൂടെ തിരിച്ചുപിടിച്ചു. 4500 ഏക്കര്‍ ഭൂമികൂടി തിരിച്ചുപിടിക്കാന്‍ ധനേഷ് പോര്‍മുഖത്താണ്. പ്ലാന്റേഷനുകളുടെ കൈവശമുള്ള നിക്ഷിപ്ത വനഭൂമി പലതും ഇഎഫ്എല്‍(പരിസ്ഥിതി ദുര്‍ബല പ്രദേശം)ആക്കിയത് ധനേഷായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും സ്വകാര്യ വനഭൂമികളില്‍ പലതും തിരിച്ചുപിടിക്കാന്‍ ശ്രമം തുടരുന്നു.

  വയനാട്ടിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതികെയുള്ള പോരാട്ടം, നെല്ലിയാമ്പതിയിലെ ആനവേട്ട, അട്ടപ്പാടിയിലെ കഞ്ചാവ് മാഫിയ എന്നിവര്‍ ധനേഷിന് മുമ്പില്‍ മുട്ടുവിറച്ച വിഭാഗങ്ങളാണ്. വയനാട്ടിലെ കടുവാവേട്ട സംഘം രാത്രി ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നറിഞ്ഞ് ധനേഷും സംഘവും നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ എല്ലാവരും പിടിയില്‍. ബത്തേരി-പുല്‍പ്പള്ളി റോഡരികില്‍ എപ്പോഴും കാണപ്പെടുന്ന കാട്ടാനയെ വെടിവെച്ച് കൊന്നവരെ പിടികൂടിയതും അതിസാഹസികമായിത്തന്നെ.

  Also Read- കൊച്ചിയിൽ നിന്ന് കൂടുതൽ തടികൾ പിടികൂടി ; അന്വേഷണത്തിന് വനം വകുപ്പ്

  ലക്കിടിയിലെ ആനവേട്ട സംഘത്തെ പിടികൂടിയപ്പോള്‍ ദേശീയ കടുവ സംരക്ഷണ സേനയുടെ പുരസ്‌കാരം തേടിയെത്തി. 2006ല്‍ മികച്ച വനപാലകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വര്‍ണ്ണമെഡലിന് അര്‍ഹനായി. 2011ല്‍ സര്‍ക്കാറിന്റെ ഗുഡ് സര്‍വീസ് എന്‍ട്രിയും 2012ല്‍ സാന്ക്ച്വറി ഏഷ്യാ പുരസ്‌കാരവും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്‌കാരവും തേടിയെത്തി. ഇതിനൊപ്പം പത്ത് വര്‍ഷത്തിനിടെ എട്ട് സ്ഥലംമാറ്റവും ലഭിച്ചിരുന്നു. പക്ഷെ അതിനൊന്നും ധനേഷിന്റെ പോരാട്ട വീര്യത്തെ തളർത്താനായില്ല.
  Published by:Chandrakanth viswanath
  First published:
  )}