വിവാദമായ മരംമുറി സംഭവത്തിൽ അന്വേഷണം ശക്തവും കാര്യക്ഷമവുമാക്കാനൊരുങ്ങി വനംവകുപ്പ്. ഇതിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണസംഘത്തിൽ രണ്ട് ഡിഎഫ്ഒമാരെക്കൂടെ ഉൾപ്പെടുത്തി. പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവം അന്വേഷി ക്കാനായി നിയോഗിച്ച സംഘത്തിൽ കോഴിക്കോട് ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിനേയും കോതമംഗലം ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ അജു വർഗീസിനേയുമാണ് പ്രത്യേകമായി ഉൾപ്പെടുത്തിയത്.
അന്വേഷണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നതിനാണ് നടപടി. മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ മാരുടെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലൻസ് നിയമിച്ചിരുന്നു. ഇതിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം മേഖലകളിൽ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കുന്ന കോട്ടയം ഫോറസ്റ്റ് കൺസർവേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്.
Also Read-
മുട്ടില്‍ മരംമുറി: 'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ'; ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകകളുടെ അന്വേഷണ സംഘത്തിലാണ് സജു വർഗീസിനെ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് കൺസർവേറ്ററുടെ നിരീക്ഷണത്തിലാണ് ഈ മേഖലകളിലെ അന്വേഷണം.
വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. സ്വന്തം ജില്ലകളിൽ അന്വേഷണം വരാത്ത വിധത്തിൽ മേഖലകൾ മാറ്റിയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഈ മാസം 22 ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘങ്ങളോട് നിർദേശിച്ചിരിക്കുന്നത്.
Also Read-
Explained: കാട്ടിലെ തടി; മുട്ടിലിലെ വെട്ട്; 100 കോടി കവർന്ന 100 ദിന പരിപാടി
2020 ഒക്ടോബര്‍ 24 ന് സംസ്ഥാന റവന്യു വകുപ്പ് ഒരു ഉത്തരവിറക്കിയിരുന്നു. പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് മറ്റനുമതിയുമില്ലാതെ മുറിക്കാമെന്നായിരുന്നു ആ ഉത്തരവ്. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന വിചിത്രമായൊരു നിർദ്ദേശവും അതിൽ ഉണ്ടായിരുന്നു. 2020 ഒക്ടോബര്‍ 24 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു ഉത്തരവിറക്കിയിരുന്നു.
എന്തായാലൂം ഈ ഉത്തരവിന്റെ മറവില്‍ 100 ദിവസത്തിനിടെ വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി പത്തനംതിട്ട എന്നീ അഞ്ചു ജില്ലകളിലായി 100 കോടിയിലേറെ മരംകൊള്ള നടന്നതായാണ് കരുതുന്നത്. വനംകൊള്ള സംബന്ധിച്ച വിവരം പുറത്ത് വന്നത് വിവാദമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.