തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ തന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്ന എക്സ്റേയുടെ ചിത്രം വ്യാജമാണെന്ന് വടകര എംഎല്‍എ കെ.കെ രമ. ഡോക്ടര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൈയുടെ ലിഗ്മെന്‍റിന് പരുക്കുണ്ടെന്നും ഒരാഴ്ച കൂടി പ്ലാസ്റ്റര്‍ ഇടണമെന്നും ഡോക്ടര്‍ നിര്‍ദേശം നല്‍കി. തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആർ.ഐ സ്കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് കെ.കെ രമ വ്യക്തമാക്കി.
ആശുപത്രിയില്‍ നിന്ന് പുറത്തുപോയ എക്‌സ് റേ അല്ല സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരായി പ്രചരിപ്പിക്കപ്പെടുന്നതെന്ന് രമ പറഞ്ഞു. സാധാരണയായി എക്‌സ് റേ ഷീറ്റിന്റെ താഴെയാണ് രോഗിയുടെ വിവരങ്ങളുണ്ടാകുക. എന്നാല്‍ പ്രചരിച്ച ചിത്രങ്ങളുല്‍ മുകളിലായിരുന്നു വിവരങ്ങള്‍. പ്രചരിച്ച ചിത്രം വ്യാജമാണെന്ന് ഇതിലൂടെ തിരിച്ചറിയാമെന്ന് ഡോക്ടര്‍ പറഞ്ഞതായും രമ ചൂണ്ടിക്കാട്ടി.
നിയമസഭാ സംഘര്‍ഷത്തിനിടെ തനിക്കേറ്റ പരിക്ക് വ്യാജമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ സച്ചിന്‍ ദേവ് എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെ ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പരാതിയുമായി ശക്തമായിത്തന്നെ മുന്നോട്ടുപോകുമെന്നും കെ.കെ. രമ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kk rema, Thiruvananthapuram