• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്ത്രീധന തർക്കം: കൊച്ചിയിൽ ഭാര്യയ്ക്കും ഭാര്യാ പിതാവിനും ക്രൂരമർദ്ദനം

സ്ത്രീധന തർക്കം: കൊച്ചിയിൽ ഭാര്യയ്ക്കും ഭാര്യാ പിതാവിനും ക്രൂരമർദ്ദനം

മരുമകൻറെയും കുടുംബത്തിൻറെയും ആക്രമണത്തിൽ കാലൊടിഞ്ഞു വാരിയെല്ല് തകർന്നു ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു യുവതിയുടെ വയോധികനായ പിതാവ്.

ആക്രമണത്തിൽ പരുക്കേറ്റ് കഴിയുന്ന യുവതയുടെ പിതാവ് | News 18 Malayalam

ആക്രമണത്തിൽ പരുക്കേറ്റ് കഴിയുന്ന യുവതയുടെ പിതാവ് | News 18 Malayalam

 • Share this:
  കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ ഭാര്യക്കും ഭാര്യയുടെ പിതാവിനും ക്രൂരമർദ്ദനം. സ്വർണാഭരണങ്ങൾ നൽകാത്തതിന് ഭാര്യയെ മർദ്ദിച്ച യുവാവ് ഭാര്യാ പിതാവിന്റെ കാൽ തല്ലിയൊടിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ ചികിത്സയിലയിൽ കഴിയുന്ന ഭാര്യാ പിതാവിനെ യുവാവ്
  ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. നിസാര വകുപ്പുകൾ ചുമത്തി മാത്രം പോലീസ് കേസെടുത്തതിനെത്തുടർന്ന് യുവതിയും കുടുംബവും പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

  ഭർത്തൃവീട്ടിൽ ഒട്ടനവധി പീഡനങ്ങളാണ് സ്ത്രീധനത്തിന്റെ പേരിൽ 31കാരിയായ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്.   രണ്ടുവർഷം മുമ്പാണ് പച്ചാളം സ്വദേശി  ജിപ്സണുമായുള്ള ഇവരുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ പുതു ജീവിതത്തിൽ തുടക്കം മുതൽ തന്നെ കല്ലുകടി അനുഭവപ്പെട്ടു തുടങ്ങി.  തൻറെ സ്വർണാഭരണങ്ങളും വീട്ടിൽനിന്ന് കൂടുതൽ പണവും ആവശ്യപ്പെട്ടു കൊണ്ട് ഭർത്താവ് നിബന്ധനകൾ തൂടങ്ങി. പിന്നീട് ഇയാളുടെ മാതാപിതാക്കളും ഇതേ വഴി സ്വീകരിച്ചു. തങ്ങൾക്ക് പുതിയ ഫ്ലാറ്റ് വാങ്ങുന്നതിനു വേണ്ടി സ്ത്രീധനമായി 60 പവൻ സ്വർണ്ണാഭരണങ്ങൾ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പെൺകുട്ടി വഴങ്ങി കൊടുത്തില്ല .തുടർന്ന് ഇയാൾ മർദ്ദനമുറകൾ ആരംഭിച്ചു. പലപ്പോഴും ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെയായിരുന്നു മർദ്ദനം. രണ്ടാം വിവാഹമാണെന്ന ഒറ്റക്കാരണത്താലാണ് ഇതെല്ലം സഹിച്ചത് എന്നാണ് യുവതി പറഞ്ഞത്.

  സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ജിപ്സണും അയാളുടെ മാതാപിതാക്കൾക്കും വേണ്ടത് പണം മാത്രമായിരുന്നുവെന്ന് യുവതി പറയുന്നു. ആഭരണവും പണവും കൊടുക്കാതെ വന്നതോടെ പെൺകുട്ടിക്ക് ഭക്ഷണം കൊടുക്കലും കുറഞ്ഞു. ഇവരുടെ വീട്ടിൽ നിന്ന് ഇത് അന്വേഷിക്കാൻ എത്തിയ പെൺകുട്ടിയുടെ അമ്മയോടും വളരെ മോശമായി പെരുമാറിയിട്ടാണ് പെരുമാറിയതെന്നും പറയുന്നു. അപ്പോഴേക്കും പെൺ വീട്ടുകാർക്കും കാര്യം മനസ്സിലായി തുടങ്ങിയിരുന്നു.

  വേർ പിരിയാമെന്ന തീരുമാനത്തിലേക്ക് യുവതി എത്തിയപ്പോൾ  ഭർത്താവിൻറെ സുഹൃത്തായ വൈദികൻ കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. മുൻപ് പല വഴക്കുകളും  ഒത്തുതീർപ്പാക്കാൻ വരാപ്പുഴ അതിരൂപതയിലെ തേവരയിലെ പള്ളിയിൽ സഹ വികാരിയായി പ്രവർത്തിക്കുന്ന ഈ വൈദികൻ എത്തിയിരുന്നു. തൻ്റെ ഭാഗം കേൾക്കാതെ ഭർത്താവിനെയും വീട്ടുകാരെയും അന്ധമായി ന്യായീകരിക്കുന്ന രീതിയിലായിരുന്നു വൈദികൻ്റെ ഇടപെടൽ എന്ന് യുവതി പറയുന്നു .ഇതോടൊപ്പം തന്നെ  ഭർത്താവിൻറെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനും അവർക്കു വേണ്ടി ഇടപെട്ടു .എവിടെ പരാതി കൊടുത്താലും ഇവർ നോക്കിക്കൊള്ളും എന്ന് യുവതിയെ ഭർത്താവിന്റെ മാതാപിതാക്കൾ ഓർമ്മിപ്പിച്ചിരുന്നു. പലപ്പോഴും പരാതി പറയാതെ യുവതി മടിച്ചു നിന്നതും ഇതുകൊണ്ടായിരുന്നു.

  തൻറെ മകളുടെ കഷ്ടപ്പാടുകൾ കണ്ട് നോവുന്ന മനസ്സുമായാണ് പിതാവ് ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഭർത്താവിൻറെ വീട്ടിലേക്ക് എത്തിയത്. അതിനു മുൻപേ തന്നെ അമ്മയ്ക്കൊപ്പം മകൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ച സ്വർണാഭരണങ്ങളും എടുത്തിരുന്നു. ഇതിൽ അരിശം പൂണ്ട നിന്നിരുന്ന ജിപ്സ്ൻ്റെയും അയാളുടെ കുടുംബത്തിൻ്റെയും മുന്നിലേക്കാണ് പിതാവ് എത്തിയത്. ക്രൂരമായ മർദ്ദനം ആയിരുന്നു ഇയാളുടെ നേർക്ക് അവർ അഴിച്ചുവിട്ടത്. മരുമകൻറെയും കുടുംബത്തിൻറെയും ആക്രമണത്തിൽ കാലൊടിഞ്ഞു വാരിയെല്ല് തകർന്നു ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു യുവതിയുടെ വയോധികനായ പിതാവ്.

  സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
  Published by:Naveen
  First published: