സംസ്ഥാനത്ത് ഇന്നുപകൽ വിവിധ ഭാഗങ്ങളിലുണ്ടായ 5 അപകടങ്ങളിലായി 8 പേർ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കാസർഗോഡ്, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലായാണ് അപകടമുണ്ടായത്
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന 5 വാഹനാപകടങ്ങളിൽ എട്ട് പേര്‍ മരിച്ചു. കാസർഗോഡ്, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലായാണ് അപകടമുണ്ടായത്.
കാസർഗോഡ് പരപ്പയിൽ കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അമ്മയും മകളും മരിച്ചു
ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അമ്മയും മകളും മരിച്ചു. കാസർഗോഡ് അഡൂർ പരപ്പയിലാണ് സംഭവം. ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കേരള കർണാടക അതിർത്തി പങ്കിടുന്ന പ്രദേശത്താണ് അപകടം.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
advertisement
കണ്ണൂരിൽ രണ്ട് വാഹനാപകടങ്ങളിലായി 3 മരണം
കണ്ണപുരും മൊട്ടമ്മലിൽ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം. ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷ്ണൻ (74), കൂളിച്ചാൽ സ്വദേശി തറോൽ ജയരാജൻ (51) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
മറ്റൊരു അപകടത്തിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർഥി മരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി മിഫ്‌സലു റഹ്മാന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിൽ വച്ചായിരുന്നു അപകടം. സർവകലാശാല ഫുട്ബോൾ സെലക്ഷൻ ക്യാംപിന് പോകുന്നതിനിടെയാണ് മിഫ്സലു റഹ്മാൻ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നടക്കുന്ന സെലക്ഷൻ ക്യാംപിൽ പങ്കെടുക്കുന്നതിനായി കണ്ണൂരിൽനിന്ന് ട്രെയിനിൽ പോകാനായാണ് മിഫ്സലു റഹ്മാൻ ബൈക്കിൽ യാത്ര തിരിച്ചത്. പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസുമായാണ് മിഫ്സലു റഹ്മാന്‍റെ ബൈക്ക് കൂട്ടിയിടിച്ചത്.
advertisement
തളിപ്പറമ്പ് സയ്യിദ് നഗര്‍ പള്ളിക്ക് സമീപത്ത് താമസിക്കുന്ന 23കാരൻ പരിയാരം മെഡിക്കല്‍ കോളേജിൽ വിദ്യാര്‍ത്ഥിയാണ്. മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന കെ.പി ഫസലൂ റഹ്മാനാണ് പിതാവ്. മാതാവ് പി.പി മുംതാസും മസ്‌ക്കറ്റിലാണ്. ഇവർ നാട്ടിലെത്തിയ ശേഷമായിരിക്കും ഖബറടക്കം നടത്തുക. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പൊലീസ് കേസെടുത്തു.
കൊല്ലത്ത് ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊല്ലം കാവനാട് പുവന്‍പുഴയില്‍ ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചവറ തെക്കുംഭാഗം ഞാറമൂട് സ്വദേശി ക്ലിന്‍സ് അലക്‌സാണ്ടര്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടം നടന്നയുടൻ ക്ലിൻസ് അലക്സാണ്ടറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
advertisement
പത്തനംതിട്ടയിലെ വാഹനാപകടത്തിൽ രണ്ട് കൊല്ലം സ്വദേശികൾ മരിച്ചു
പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ച രണ്ടുപേരും ഓട്ടോറിക്ഷ യാത്രക്കാരാണ്. കൊല്ലം മലനട സ്വദേശികളായ ജോണ്‍സണ്‍, ദിനു എന്നിവരാണ് മരിച്ചത്. ടോറസ് ലോറിയും ഓട്ടോയും ഇടിച്ചായിരുന്നു അപകടം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2022 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് ഇന്നുപകൽ വിവിധ ഭാഗങ്ങളിലുണ്ടായ 5 അപകടങ്ങളിലായി 8 പേർ മരിച്ചു