'അയ്യപ്പഭക്തന്റെ നെഞ്ചിൽ ചവിട്ടുന്ന പൊലീസ്'; വ്യാജചിത്രം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
Last Updated:
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സമൂഹമാധ്യമത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകനെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയിൽ രാജേഷ് ആർ. കുറുപ്പിനെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നിൽക്കുന്ന അയ്യപ്പഭക്തന്‍റെ നെഞ്ചിൽ പൊലീസുകാരന്‍ ചവിട്ടുന്ന ചിത്രവും കഴുത്തിനു നേരെ അരിവാൾ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫേസ്ബുക്കിൽ രാജേഷ് പ്രചരിപ്പിച്ചത്. മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്ന വിശദീകരണത്തോടെയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടിൽ ശബരിമല തീർത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും. സംഭവം വിവാദമായതോടെ ഫേസ്ബുക്കിൽ നിന്ന് രാജേഷ് ചിത്രങ്ങൾ പിൻവലിച്ചിരുന്നു.
advertisement
ശബരിമല വിഷയത്തിൽ പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിനായാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് വിവാദമായപ്പോൾ പിൻവലിക്കുകയായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറുകയും ചെയ്തു. കേരള പൊലീസ് ആക്ട്, അപകീർത്തിപ്പെടുത്തൽ, സമുദായ സംഘർഷം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2018 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അയ്യപ്പഭക്തന്റെ നെഞ്ചിൽ ചവിട്ടുന്ന പൊലീസ്'; വ്യാജചിത്രം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ


