മലപ്പുറം: ശബരിമല ദര്‍ശനം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ കനകദുര്‍ഗ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഭര്തൃബന്ധുക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റാണ് കനകദുര്‍ഗ ആശുപത്രിയിലായത്. ശബരിമല ദര്‍ശനത്തിനുശേഷം ആദ്യമായി വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് പട്ടികകൊണ്ട് തലയ്ക്ക് അടിച്ചെന്നാണ് പരാതി. ഇതേത്തുടന്ന് അവരെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ അമ്മയെ തള്ളിയിട്ടെന്ന ആരോപണവുമായി കനകദുഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തി. കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് കനകദുര്‍ഗ പറയുന്നത്. സംഭവത്തെക്കുറിച്ച് കനകദുര്‍ഗ പറയുന്നതിങ്ങനെ, 'രാവിലെ ഏഴു മണിയോടെ വീട്ടിലെത്തിയ ഞാന്‍ അകത്തേക്ക് പ്രവേശിച്ചു. അപ്പോള്‍ ആരാണെന്ന് ചോദിച്ച് ഏട്ടന്റെ അമ്മ അവിടേക്ക് വരികയും എന്നെ കണ്ട ശേഷം അടുക്കളയിലേക്ക് പോയി പട്ടികയെടുത്ത് കൊണ്ടു വന്ന് തലയ്ക്ക് അടിക്കുകയുമായിരുന്നു. പൊലീസുകാരുടെയും മറ്റുള്ളവരുടെയുമൊപ്പം കഴിഞ്ഞശേഷം എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ചോദിച്ചാണ് ഉപദ്രവിച്ചത്. തലയ്ക്കും ശരീരമാസകലവും തുടരെത്തുടരെ അടിച്ചു. എന്നാല്‍ തിരിച്ചൊന്നും ചെയ്തിട്ടില്ല. ആ ഒരു ബഹുമാനത്തോടെ നിന്ന് കൊള്ളുകയായിരുന്നു'.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് രാവിലെയോടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഭര്‍തൃമാതാവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും അവര്‍ പട്ടിക കൊണ്ട് കനകദുര്‍ഗയുടെ തലയ്ക്കടിക്കുകയുമായിരുന്നെന്നാണ് പരാതി. കനകദുര്‍ഗ പെരിന്തല്‍മണ്ണ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞാണ് കനകദുര്‍ഗ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം നവംബര്‍ 24ന് കനകദുര്‍ഗ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും തിരിച്ചിറങ്ങേണ്ടി വന്നു. പിന്നീട് ജനുവരി 2ന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയതോടെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതേത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടായി. ശബരിമല ദര്‍ശനം നടത്തിയതില്‍ കനകദുര്‍ഗയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. വിവാദങ്ങള്‍ക്കുശേഷം ഇന്നാണ് കനകദുര്‍ഗ ആദ്യമായി വീട്ടിലെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.