'വേണ്ടത് കൊന്നവരെയല്ല കൊല്ലിച്ചവരെ; അതാരെന്ന് ആകാശ് തില്ലങ്കേരിയിൽ നിന്ന് കേൾക്കണം'; ഷുഹൈബിന്റെ പിതാവ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മകൻ നഷ്ടപ്പെട്ട വേദന ഇന്നും അനുഭവിക്കുന്നുണ്ട്. എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇതുവരെ അറിയില്ലെന്നും പിതാവ് പറഞ്ഞു.
കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ പിതാവ്. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഷുഹൈബിനെ കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് വേണ്ടതെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു.
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവര്‍ ആരാണെന്ന് ആകാശ് തില്ലങ്കേരിയുടെ വായിൽ നിന്ന് കേൾക്കണമെന്നും ഇക്കാര്യം തില്ലങ്കേരി തന്നെ പറയുക തന്നെ ചെയ്യുമെന്നും മുഹമ്മദ് പറഞ്ഞു. മകൻ നഷ്ടപ്പെട്ട വേദന ഇന്നും അനുഭവിക്കുന്നുണ്ട്. എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇതുവരെ അറിയില്ലെന്നും പിതാവ് പറഞ്ഞു.
കൊല്ലാൻ ആഹ്വാനം ചെയ്തവർക്ക് വരെ പാർട്ടിക്കാർ ജോലി കൊടുത്തെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിക്കഴിഞ്ഞു. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്നും നീതി കിട്ടിയിട്ടില്ല. ശുഹൈബ് വധക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസ് മാർച്ച് 14ന് കോടതി പരിഗണിക്കുന്നുണ്ടെന്നും മുഹമ്മദ് പറഞ്ഞു.
advertisement
ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്. വിവാദത്തിന് പിന്നാലെ സരീഷ് പൂമരം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
”പ്രതിഫലം അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരിന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ് വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചിരിക്കണ്ടി വന്നത്”- ആകാശ് തില്ലങ്കേരി കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
February 15, 2023 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വേണ്ടത് കൊന്നവരെയല്ല കൊല്ലിച്ചവരെ; അതാരെന്ന് ആകാശ് തില്ലങ്കേരിയിൽ നിന്ന് കേൾക്കണം'; ഷുഹൈബിന്റെ പിതാവ്