ആസാദ് മുക്കം
കോഴിക്കോട്: നിരവധി രക്ഷാപ്രവർത്തന വാർത്തകൾ കേട്ടിട്ടുള്ള മുക്കം അഗ്നിരക്ഷാസേന നിലയത്തിൽ നിന്നും ഇത്തവണ കേൾക്കാനുള്ളത് തികച്ചും വ്യത്യസ്തമായ ഒരു രക്ഷാപ്രവർത്തന വാർത്തയാണ്. ചാത്തമംഗലം കെട്ടാങ്ങൽ സ്വദേശികളായ ജിതിനും ഭാര്യ ധിനിയും തങ്ങളുടെ കുഞ്ഞിനെപ്പോലെ പോറ്റുന്ന ആഫ്രിക്കൻ ലൗ ബേഡിന്റെ കാലിൽ കുടുങ്ങിയ റിങ്ങാണ് മുക്കം അഗ്നിരക്ഷാസേന സുരക്ഷിതമായി മുറിച്ചു മാറ്റിയത്.
മുക്കം അഗ്നി രക്ഷാ നിലയത്തിലാണ് ഇന്നലെ വൈകിട്ട് തികച്ചും വ്യത്യസ്തമായ ഒരു രക്ഷാപ്രവർത്തനം. ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ വാവാട്ട് വീട്ടിൽ ജിതിനും ഭാര്യ ധിനിയും തങ്ങളുടെ കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കുന്ന ആഫ്രിക്കൻ ലൗ ബേഡിന്റെ കാലിൽ കുടുങ്ങിയ റിങ്ങാണ് മുക്കം അഗ്നിരക്ഷാസേന സുരക്ഷിതമായി മുറിച്ചു മാറ്റിയത്.
ആറുമാസം മുമ്പാണ് ഇവരുടെ വീട്ടിലേക്ക് ഇവർ കുഞ്ഞുസ് എന്ന് വിളിക്കുന്ന ആഫ്രിക്കൻ ലൗ ബേഡ് എത്തിയത്. സുഹൃത്തിന്‍റെ പക്കൽ നിന്നും വാങ്ങി കൊണ്ടുവരുമ്പോൾ തന്നെ കാലിൽ റിംഗ് ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പക്ഷി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട ഇവർ അഴിച്ചുമാറ്റാൻ പല രീതിയിലും ശ്രമിച്ചു. ഒന്നും നടക്കാതെ വന്നതോടെയാണ് മുക്കം അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചത്. തുടർന്ന് സേന അംഗങ്ങൾ അരമണിക്കൂറിലേറെ സമയമെടുത്ത് കട്ടർ ഉൾപ്പെടെയുള്ള മിഷനറികൾ ഉപയോഗിച്ച് പക്ഷിയുടെ കാലിൽ നിന്നും റിംഗ് മുറിച്ച് മാറ്റുകയായിരുന്നു.
കൂട്ടിലടക്കാതെ തൻറെ കുഞ്ഞിനെപ്പോലെ നോക്കുന്ന പക്ഷിയുടെ കാലിൽ നിന്നും റിംഗ് സുരക്ഷിതമായി മുറിച്ചുമാറ്റിയതിന്റെ സന്തോഷം ജിതിന്റെ ഭാര്യ നിധിയുടെ മുഖത്തും കാണാമായിരുന്നു.
കാലിൽ കുടുങ്ങിയ റിംഗ് മുറിച്ചുമാറ്റിയതോടെ തന്നെ രക്ഷിച്ച അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരോട് തന്റെ സ്നേഹം പങ്കുവെചാണ് കുഞ്ഞൂസ് എന്ന ആഫ്രിക്കൻ ലൗ ബേഡ് ഉടമകളായ ജിതിന്റെയും നിധിയുടെയും കൂടെ മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.