വന്യജീവി ആക്രമണം തടയുന്നതിന് പകരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി
- Published by:ASHLI
- news18-malayalam
Last Updated:
കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വിഡി സതീശൻ പറഞ്ഞു
തിരുവനന്തപുരം: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കേരളത്തിന്റെ വനാതിര്‍ത്തികളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിട്ടും സമരം ചെയ്തിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും വന്യജീവി ആക്രമണം തടയുന്നതിന് പകരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . സമീപ വര്‍ഷങ്ങളില്‍ ആയിരത്തോളം പേരാണ് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യാപകമായി കൃഷിയിടങ്ങളും നശിപ്പിക്കപ്പെടുന്നു. വനാതിര്‍ത്തികളിലുള്ളവരുടെ ഉപജീവനം പോലും ഇല്ലാതായിരിക്കുകയാണ്. ഫെന്‍സിങ് ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാത്ത അതേ സര്‍ക്കാരാണ് വീണ്ടും കര്‍ഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം ഭേദഗതി ചെയ്യുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ജനങ്ങളെ പരിഗണിക്കാതെ സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്നതാണ് നിയമമാക്കുന്നത്. ഈ നിയമ ഭേദഗതി വനത്തനിനുള്ളിലെ ആദിവാസികളെയും വനത്തിന് പുറത്തുള്ള സാധാരണ കര്‍ഷകരെയും ഗുരുതരമായി ബാധിക്കും. പുതിയ നിയമത്തിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരമാണ് നല്‍കുന്നത്. പിഴ അഞ്ചിരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വനാതിര്‍ത്തികളിലുള്ള കര്‍ഷകരോടുള്ള വെല്ലുവിളിയാണ് ഈ നിയമ ഭേദഗതി. വനസംരക്ഷണത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ 29 ശതമാനത്തില്‍ അധികം വനം മേഖലയുള്ള സംസ്ഥാനത്ത് ജനവാസ പ്രദേശങ്ങള്‍ കൂടി വനമാക്കി മാറ്റാനുള്ള ശ്രമത്തെ പ്രതിപക്ഷം എതിര്‍ക്കും. കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വിഡി സതീശൻ പറഞ്ഞു.
advertisement
വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അമിതാധികാരം ആദിവാസികളുടെയും കര്‍ഷകരുടെയും ജീവിതത്തെ ഗൗരവതരമായി ബാധിക്കും. ആരുടെ വീട്ടിലും സെര്‍ച്ച് വാറണ്ടില്ലാതെ റെയ്ഡ് നടത്താന്‍ അധികാരം നല്‍കിയിരിക്കുകയാണ്. ഇത് സ്വകാര്യതയ്ക്ക് എതിരെയുള്ള വെല്ലുവിളിയായിരിക്കും. കര്‍ഷകരും ആദിവാസികളുമായിക്കും ഇതിന്റെ ഇരകളായി മാറുന്നത്. കാര്‍ഷിക മേഖല വനമാക്കുന്നത് എവിടുത്തെ നീതിയാണെന്നു അദ്ദേഹം ചോദിച്ചു. വനനിയമവും നീര്‍ത്തണ സംരക്ഷണ നിയമവും തീരദേശ പരിപാലന നിയമവും കഴിഞ്ഞാല്‍ കുറച്ചു ഭൂമി മാത്രമാണ് കേരളത്തിലുള്ളത്. സി.എച്ച്.ആറിന്റെ പേരിലും ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലമാണ് നഷ്ടമാകുന്നത്. വനാതിര്‍ത്തികളിലുള്ളവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് ഒരു നടപടികളുമില്ല. ഞാന്‍ മന്ത്രിയായതു കൊണ്ടാണോ ആന നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന വനം മന്ത്രിയാണ് നമുക്കുള്ളത്. ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നതിനു വേണ്ടിയുള്ളതാണ് വനഭേദഗതി. സംസ്ഥാനത്തിന്റെ പ്ലാന്‍ അലോക്കേഷനില്‍ നിന്നും സംസ്ഥാനം എത്ര പണം ചെലവഴിച്ചുവെന്നും കേന്ദ്ര ഫണ്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 17, 2024 10:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്യജീവി ആക്രമണം തടയുന്നതിന് പകരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി