• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident |ബെംഗളുരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

Accident |ബെംഗളുരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ബെംഗളൂരു: ബെംഗളൂരുവില്‍(Bengaluru) നടന്ന വാഹനാപകടത്തില്‍(accident) രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

  മരിച്ചവരില്‍ രണ്ടുപേര്‍ പുരുഷന്മാരും രണ്ടുപേര്‍ സ്ത്രീകളുമാണ്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി ശില്‍പ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മറ്റു രണ്ടുപേര്‍ കൂടിയുണ്ട്. എല്ലാവരും മലയാളികള്‍ ആണെന്ന സൂചനയുമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പേരു വിവരങ്ങളും ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

  പാലക്കാട് ആനങ്ങാടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ള കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. ഒന്നിനു പിന്നില്‍ മറ്റൊന്ന് എന്ന വിധത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് വാഗണര്‍ യാത്രക്കാരായിരുന്ന നാലുപേരുടെ ജീവന്‍ തല്‍ക്ഷണം നഷ്ടപ്പെടാന്‍ കാരണമായത്.

  ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇതോടെ വാഗണര്‍ മുന്നിലുണ്ടായിരുന്ന സ്‌കോര്‍പിയോയില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ സ്‌കോര്‍പിയോ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ടു കാറുകളും തകര്‍ന്നു. ഇതാണ് വാഗണറിലെ യാത്രക്കാരുടെ മരണത്തില്‍ കലാശിച്ചത്

  Accident| കണ്ണൂരിൽ നിർത്തിയ ബസിൽ കാറിടിച്ചു; പുറത്തുനിന്ന കണ്ടക്ടർക്ക് ദാരുണാന്ത്യം

  കണ്ണൂർ: ചായകുടിക്കാൻ വഴിയരികിൽ നിർത്തിയിട്ട ബസിൽ‌ നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുകയറി. അപകടത്തിൽ ബസ് കണ്ടക്ടർ മരിച്ചു. ഉളിയിൽ ടൗണിനും കുന്നിൻകീഴിനുമിടയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപമാണ് അപകടം. ബെംഗളൂരുവിൽ നിന്നും തലശ്ശേരി വഴി കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി ബസ്സിലെ കണ്ടക്ടർ കർണാടക സ്വദേശി പി ​പ്രകാശാണ് മരിച്ചത്.

  പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്നും വരുന്ന ബസ് ഉളിയിൽ ടൗണിന് സമീപത്തുള്ള ഹോട്ടൽ പരിസരത്ത് ചായ കുടിക്കാൻ നിർത്തിയതായിരുന്നു. ബസ്സിൽ നിന്നും ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.

  ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ. നിർത്തിയിട്ട ബസ്സിലും സമീപത്തുള്ള വൈദ്യുതി തൂണിലുമായാണ് കാർ ഇടിച്ചുകയറിയത്. ഈ സമയം ബസിന്റെ പുറക് വശത്തെ ടയറിന് സമീപം നിൽക്കുകയായിരുന്ന കണ്ടക്ടർ കാറിനും ബസ്സിനും ഇടയിൽ പെട്ടാണ് മരിച്ചത്.

  ഇടിയുടെ ആഘാതത്തിൽ കാറി​ന്‍റെ മുൻഭാഗം പൂർണമായും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻതന്നെ പരിക്കേറ്റവരെ നാട്ടുകാരും ബസ്സിൽ ഉള്ളവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കണ്ടക്ടറുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് മട്ടന്നൂരിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. ബെംഗളുരു ഡിപ്പോയിലേതാണ് ബസ്.
  Published by:Sarath Mohanan
  First published: