• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുഞ്ഞുടുപ്പ്' മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാറിലെ അമ്മയുടെ ചിഹ്നം

'കുഞ്ഞുടുപ്പ്' മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാറിലെ അമ്മയുടെ ചിഹ്നം

‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു ലഭിച്ചതെന്ന് വാളയാറിലെ അമ്മയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി. ആര്‍. നീലകണ്ഠന്‍ വ്യക്തമാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കണ്ണൂര്‍: രണ്ടു പെൺമക്കളുടെ മരണത്തില്‍ നീതി തേടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി അനുവദിച്ചത് ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഒരു ഘട്ടത്തിൽ യു ഡി എഫ് ഇവരെ പിന്തുണയ്ക്കുമെന്നു വരെ സൂചന ഉണ്ടായിരുന്നു. ഇപ്പോഴിതാ വാളയാറിലെ അമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നമാണ് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നത്.

‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു ലഭിച്ചതെന്ന് വാളയാറിലെ അമ്മയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി. ആര്‍. നീലകണ്ഠന്‍ വ്യക്തമാക്കി. ഫ്രോക്ക് ചിഹ്നം വേണമെന്ന് വാളയാറിലെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തിനുള്ള പണം കണ്ടെത്താൻ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണ് മത്സരം. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു.

സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ പ്രതിഷേധം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്തരി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചത്.

വാളയാർ അമ്മയ്ക്ക് പിന്തുണ നൽകി ചരിത്ര പരമായ ദൗത്യം നിർവ്വഹിക്കാൻ യുഡിഎഫ് തയ്യാറാകണമെന്ന് പൊതുപ്രവർത്തക പി ഗീത. ബിജെപി ഉൾപെടെ എല്ലാവരും സ്ഥാനാർത്ഥിത്വം പിൻവലിച്ച് അമ്മയെ പിന്തുണയ്ക്കണം. ഭരണകൂടവും ജനതയും തമ്മിൽ ഏറ്റുമുട്ടുന്ന മണ്ഡലമായി ധർമ്മടം മാറി. വാളയാറിലെ നിസ്സഹായയായ ദളിത് അമ്മയുടെ പോരാട്ടം വോട്ടിന്‍റെ എണ്ണം കൊണ്ടല്ല അളക്കേണ്ടതെന്നും അവർ പറഞ്ഞു.

''എന്റെ മക്കൾക്ക് നീതി ലഭിക്കുന്നതിനാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജൻ എന്നേക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാർ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മൽസരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങൾക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാൻ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടിയാണ് നീക്കം''- വാളയാറിലെ അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read- സുരേഷ് ഗോപി ആശുപത്രി വിട്ടു; തൃശൂരിൽ ഉടൻ പ്രചാരണത്തിനില്ല; വിശ്രമം വേണമെന്ന് ഡോക്ടർമാർ

വാളയാര്‍ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡി വൈ എസ് പി സോജന്‍, എസ് ഐ ചാക്കോ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. ഒരുമാസമായി വാളയാറില്‍ സത്യാഗ്രഹം ഇരിക്കുന്നുവെന്നും എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ലെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.

Also Read- Assembly Election 2021 | വൈപ്പിനിൽ കോൺഗ്രസിനെ തോൽപിക്കുമോ ഐഎൻടിയുസി?

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്ക് മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. 2017ലാണ് 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Published by:Anuraj GR
First published: