ഫുട്ബോൾ ഭ്രാന്തിനെതിരെ സമസ്ത; 'കാര്യം വിട്ട് കളി വേണ്ട; അതിരുവിട്ട ആരാധന അപകടകരം'; സന്ദേശത്തിന്റെ പൂർണരൂപം

Last Updated:

ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍ ഖുത്ബ. താരങ്ങളോടുള്ള വ്യക്തിആരാധന ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും പള്ളികളിൽ ഇന്ന് ഉച്ചയ്ക്ക് നമസ്കാരത്തിന് ശേഷം സന്ദേശം നൽകുമെന്നും സമസ്ത വ്യക്തമാക്കുന്നു. സന്ദേശത്തിന്റെ പൂർണരൂപം

ലോകക്കപ്പ്: ഫുട്ബോളും വിശ്വാസിയും
ഫുട്ബോൾ  ഒരു കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. തിരുനബി(സ)കുട്ടികളെ ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു.
പെരുന്നാൾ ദിവസം അമ്പുകൾ കൊണ്ടുള്ള പരമ്പരാഗതമായ പരിപാടി അവതരിപ്പിച്ച ഏത്യോപ്യക്കാരോട് അത് തുടരാൻ നബി (സ്വ) പറയുകയുണ്ടായി.
വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളിൽ റസൂൽ  ഏർപ്പെട്ടതും പത്‌നി ആഇശ(റ)യുമായി തിരുനബി മത്സരിച്ചതും എത്യോപ്യക്കാർ പള്ളിയിൽ നടത്തിയ കായികാഭ്യാസങ്ങൾ നോക്കിക്കാണുവാൻ പ്രവാചകൻ ﷺ പത്‌നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തിൽ പ്രസിദ്ധമാണ്. എന്നാൽ നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം കളിയും. കാര്യം വിട്ട് കളിയില്ല. നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം.
advertisement
ഖുർആൻ പറയുന്നു:
‘അനാവശ്യ കാര്യങ്ങളിൽനിന്നും തിരിഞ്ഞുകളയുന്നവരായിരിക്കും വിശ്വാസികൾ’ ( 23:3)
വ്യര്‍ത്ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. മൂഢന്‍മാരെ ഞങ്ങള്‍ക്ക്‌ ആാ‍വശ്യമില്ല.
( 28:55).
കളിക്കമ്പം ജ്വരവും ലഹരിയുമാവരുത്
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവൻ ചെലവിടുന്ന സമയവും പണവും അവന്റെ നാഥൻ നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും അവൻ അവന്റെ രക്ഷിതാവിന് മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ഒരു ലഹരിയായി തീരാൻ പാടില്ല. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയിൽ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്.
advertisement
കളി ജമാഅത്തുകൾ നഷ്ടപ്പെടുത്തരുത്
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്.
ഉറക്കമൊഴിയരുത്:
ഖുർആൻ:
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും ചെയ്തു.
പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
(78: 9, 10, 11 )
advertisement
ഫാൻസ് (ആരാധകർ)
ഫുഡ്ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ആ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.
സകലതെരുവുകളിലും കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാൽപന്തിനോടുള്ള സ്‌നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഫുട്ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണ്.
advertisement
സ്നേഹവും കളി താൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ വളരെ അപകടമാണ്. അല്ലാഹു വിനെ മാത്രമേ ആരാധിക്കാവൂ.ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിൻ്റെ പോലും കാരണമാകും.
അതുപോലെ ദുർവ്യയം പാടില്ല
ഖുർആൻ:
തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്‍റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു.
17:27).
കളിയെ സ്പോർട്സ് മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്തമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല.
advertisement
സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ
സംസ്ഥാന കമ്മിറ്റി
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫുട്ബോൾ ഭ്രാന്തിനെതിരെ സമസ്ത; 'കാര്യം വിട്ട് കളി വേണ്ട; അതിരുവിട്ട ആരാധന അപകടകരം'; സന്ദേശത്തിന്റെ പൂർണരൂപം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement