'കുഞ്ഞാലിയെ കൊന്നത് ഞാനല്ല; ഗോപാലന്‍': കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വെളിപ്പെടുത്തൽ

Last Updated:

'കമ്യൂണിസ്റ്റുകാരുമായി പൊരുതിനിന്ന ആളെന്ന നിലയിൽ ഞാനായിരുന്നു അവരുടെ നോട്ടപ്പുള്ളി. അതുകൊണ്ട് എന്നെ കേസിലെ ഒന്നാംപ്രതിയാക്കി.'

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കുഞ്ഞാലി വധക്കേസിൽ താൻ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ആരാണ് കുഞ്ഞാലിയെ കൊലപ്പെടുത്തിയതെന്നും ആര്യാടൻ വെളിപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആര്യാടന്റെ തുറന്നു പറച്ചിൽ.
കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലൻ എന്നയാളാണ് കുഞ്ഞിലിയെ വെടിവച്ചു കൊന്നതെന്നും അര്യാടൻ വ്യക്തമാക്കുന്നു. ഗോപാലൻ പിന്നീട് കുത്തേറ്റ് മരിച്ചു. അന്ന് ഗോപാലൻ നൽകിയ മരണമൊഴി കൂടി പരിഗണിച്ചാണ് തന്നെ കുഞ്ഞാലി വധിക്കേസിൽ നിന്നും കുറ്റവിമുക്തനാകകിയതെന്നും അര്യാടൻ വ്യക്തമാക്കുന്നു.
advertisement
? താങ്കൾ അല്ലെങ്കിൽപ്പിന്നെ ആരാണ് കുഞ്ഞാലിയെ വെടിവെച്ചത്‌
ചുള്ളിയോട് അന്ന് രാവിലെമുതൽ സംഘർഷം ആരംഭിച്ചിരുന്നു. ഞാൻ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവർത്തകരുമായി സംസാരിക്കുമ്പോൾ പുറത്ത് ഞങ്ങളുടെയും പ്രവർത്തകർ സംഘടിച്ചുതുടങ്ങി. ഇതിൽ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നിൽപ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാൻ കോണിപ്പടിയിൽ എത്തിയപ്പോൾ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോൾ ഞാൻ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്.

? ഗോപാലന് കുഞ്ഞാലിയോട് എന്തെങ്കിലും പ്രത്യേകവിരോധം ഉണ്ടായിരുന്നോ

ഗോപാലൻ അന്ന് ഞങ്ങളുടെ പ്രവർത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടർ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മിൽ ഒരിക്കൽ  റോഡിൽവെച്ച് തർക്കമുണ്ടായിരുന്നു. ട്രാക്ടർ ഓടിച്ചുപോവുമ്പോൾ കുഞ്ഞാലിയുടെ ജീപ്പിൽ തട്ടിയെന്നതിന്റെ പേരിൽ ജീപ്പിൽനിന്നിറങ്ങിയ കുഞ്ഞാലി  ഗോപാലനെ അടിച്ചുവീഴ്ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തിൽ സംഭവിച്ചത്.

ജയിലിലടച്ച  പ്രതികളായ ഞങ്ങൾ 25 പേരിൽ ഞാനൊഴികെ എല്ലാവർക്കും ജാമ്യം കിട്ടി.  കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലായിരുന്നു കേസിന്റെ  വിചാരണ.  വിചാരണവേളയിൽ എല്ലാദിവസവും കോടതിയിൽ വാദംകേൾക്കാൻ ഗോപാലൻ മുന്നിൽവന്നിരിക്കുമായിരുന്നു.  ഗോപാലനാണ് വെടിവെച്ചതെന്ന് അന്ന് എനിക്കറിയുമായിരുന്നില്ല. ഒരു കോൺഗ്രസ് അനുഭാവി എന്നനിലയിൽ വിചാരണ കേൾക്കാൻ വരുന്നു എന്നേ ഞാൻ കരുതിയുള്ളൂ. അന്നൊക്കെ  ഗോപാലൻ  വളരെ അനുകമ്പയോടെയാണ് എന്നെ നോക്കിയിരുന്നത്.  നേതാവായ എന്നോടുള്ള സഹാനുഭൂതി കാരണമാവാം ഈ അനുകമ്പയെന്നേ അന്ന് ധരിച്ചിരുന്നുള്ളൂ.

? വധക്കേസിൽ ഒന്നാംപ്രതി താങ്കളാണല്ലോ. വെടിയേറ്റ കുഞ്ഞാലി എം.എൽ.എ. നൽകിയ മരണമൊഴിയിൽ താങ്കളാണ് വെടിവെച്ചതെന്ന് പറഞ്ഞിട്ടുമുണ്ട്...

അന്ന് എന്നോടൊപ്പം ഓഫീസിലുണ്ടായിരുന്ന ആരുടെ കൈയിലും തോക്കോ ആയുധങ്ങളോ ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരുമായി പൊരുതിനിന്ന ആളെന്ന നിലയിൽ ഞാനായിരുന്നു അവരുടെ നോട്ടപ്പുള്ളി. അതുകൊണ്ട് എന്നെ കേസിലെ ഒന്നാംപ്രതിയാക്കി. സംഭവസ്ഥലത്തുവെച്ചുതന്നെ ഞങ്ങൾ 25 പേരെ പോലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോയി കോഴിക്കോട് ജയിലിലടച്ചു. പ്രശ്നം പറഞ്ഞുതീർക്കാൻ ഞങ്ങളുടെ ഓഫീസിൽ എത്തിയ കെട്ടിട ഉടമയും ഒരു അധ്യാപകനും അങ്ങനെ ഞങ്ങളോടൊപ്പം കേസിൽ പ്രതികളായി.

? ഒന്നാം പ്രതിയായ താങ്കളെ കോടതി എങ്ങനെയാണ് വെറുതേവിട്ടത്

അക്കാലത്തെ ഏറ്റവും വിവാദമായ കൊലക്കേസായിരുന്നു ഇത്. കോടതിമുറിയിൽ വിചാരണകേൾക്കാൻ  പ്രമുഖരായ പലരും എത്തിയിരുന്നു.  കുഞ്ഞാലി ഹെഡ്‌കോൺസ്റ്റബിൾ കുഞ്ഞമ്പുനായർക്ക് നൽകിയ മൊഴിയാണ് എനിക്കെതിരായി ഹാജരാക്കിയ ശക്തമായ തെളിവ്. ഞാനാണ് വെടിവെച്ചതെന്നായിരുന്നു മൊഴി. വെടിയേറ്റ ഉടനെ മഞ്ചേരി ആശുപത്രിയിലേക്കാണ് കുഞ്ഞാലിയെ കൊണ്ടുപോയത്. അവിടെയുള്ള ഡോക്ടറോടും കുഞ്ഞാലി ഇത് ആവർത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റിയപ്പോൾ  അവിടെവെച്ച് കുഞ്ഞാലിയുടെ മൊഴിയെടുക്കാൻ രണ്ടുതവണ കുന്ദമംഗലം മജിസ്‌ട്രേറ്റ് വന്നെങ്കിലും അബോധാവസ്ഥയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. കേസിൽ വഴിത്തിരിവായത് മെഡിക്കൽകോളേജിലെ ഒരു പ്രമുഖഡോക്ടർ നൽകിയ ഉപദേശമാണ്.

എന്റെ അഭിഭാഷകൻ പി.വി. അയ്യപ്പൻ കേസിന് ഹാജരാവാൻ വരുമ്പോൾ അന്ന് കോഴിക്കോട് അളകാപുരി ഹോട്ടലിലാണ് താമസിച്ചത്. ഒരു ദിവസം വക്കീലിനെ കാണാൻ രാവിലെ ഡോക്ടർ എത്തി. വെടിയേറ്റ കുഞ്ഞാലിക്ക് ശക്തമായ തോതിൽ മയങ്ങാനുള്ള മരുന്ന്‌ നൽകിയിരുന്നതായി ആശുപത്രിയിലെ കേസ് ഷീറ്റിൽ പറഞ്ഞിട്ടുണ്ട്. ഇത്രയും മരുന്ന്‌ കുത്തിവെച്ചയാൾക്ക്  പോലീസിനോ, ഡോക്ടർക്കോ മൊഴിനൽകാൻ കഴിയില്ലെന്നായിരുന്നു മെഡിക്കൽകോളേജിലെ ഡോക്ടറുടെ വിദഗ്‌ധോപദേശം. എന്റെ വക്കീലിന്റെ ഈ വാദം കോടതി ശരിവെച്ചു. രാഷ്ട്രീയ എതിരാളിയെന്ന നിലയിൽ എന്നെ തകർക്കാനാണ് ഇതുപോലൊരു മൊഴി ഉണ്ടാക്കിയതെന്നായിരുന്നു എന്റെ വക്കീലിന്റെ വാദം. പിന്നെ അറസ്റ്റുചെയ്ത് പോലീസ് കൊണ്ടുപോവുമ്പോൾ ഞങ്ങളുടെ ദേഹത്തുനിന്നോ, ഓഫീസിൽനിന്നോ തോക്ക് കണ്ടെടുക്കാനായിട്ടില്ല.  പോലീസിൽ മുൻകൂട്ടി വിവരം അറിയിച്ച്‌ സഹായം തേടിയ ഞങ്ങൾ തോക്കുമായി സ്ഥലത്തെത്തിയെന്ന വാദം കോടതി അംഗീകരിച്ചില്ല. അങ്ങനെ 1970 ഏപ്രിൽ 16-ന്  കോടതി മുഴുവൻ പ്രതികളെയും വെറുതേവിട്ടു.

? കേസിൽ വെറുതേവിട്ടെങ്കിലും സി.പി.എമ്മിന്റെ കരുത്തനായ നേതാവിനെ കൊലചെയ്ത കേസിലെ പ്രതിയെന്ന നിലയ്ക്ക് പിന്നീട് ഭീഷണി നേരിടേണ്ടിവന്നിട്ടുണ്ടോ...

ഞാനല്ല കുഞ്ഞാലിയെ വെടിവെച്ചതെന്ന് അവർക്ക് (സി.പി.എമ്മിന്) നന്നായി അറിയാമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ഞാനായിരുന്നു അവരുടെ മുഖ്യ എതിരാളി. അതുകൊണ്ട് എന്നെ ഒന്നാംപ്രതിയാക്കി.  ജയിൽമോചിതനായശേഷം ഭീഷണിയോ വധഭീഷണിയോ ഒന്നും ഉണ്ടായിട്ടില്ല.

? ജയിൽമോചിതനായശേഷം ഗോപാലനെ എപ്പോഴെങ്കിലും നേരിട്ട് കണ്ടിരുന്നോ

ജയിൽ മോചിതനായി ഞാൻ വരുമ്പോഴേക്കും ഗോപാലൻ കോൺഗ്രസിന്റെ സജീവപ്രവർത്തകനായിക്കഴിഞ്ഞു. ഗോപാലനാണ് അന്ന് വെടിവെച്ചതെന്ന് അപ്പോഴേക്കും പരക്കെ സംസാരമായിട്ടുണ്ട്.  പല പരിപാടികളിലും വെച്ച് ഗോപാലനെ കണ്ടിരുന്നു. ഇക്കാര്യങ്ങളൊന്നും വിശദമായി സംസാരിക്കാൻ സാധിച്ചില്ല. ഇതിനിടെ ഗോപാലൻ ഒരുദിവസം രാത്രി സിനിമ കണ്ട് മടങ്ങി നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിൽ കിടന്നുറങ്ങി. രാത്രി വൈകി മൂത്രമൊഴിക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ അക്രമികൾ കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. മഞ്ചേരി  ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപാലനെ കാണാൻ ചെന്നപ്പോൾ സംസാരിക്കാവുന്ന നിലയിലായിരുന്നെങ്കിലും ഗോപാലന്റെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലായി. മജിസ്‌ട്രേറ്റിനെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു.

ഞാൻ ഗോപാലനെ കണ്ട് സംസാരിച്ചു. ആരാണ് ഇത് ചെയ്തതെന്ന് വല്ല സൂചനയും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, അന്നത്തെ സി.പി.എം. ജില്ലാസെക്രട്ടറി ഇ.കെ. ഇമ്പിച്ചിബാവയും ഏരിയാസെക്രട്ടറി  മാധവൻനായരുമാണ് കുത്തിയതെന്ന് മൊഴിനൽകാമെന്ന് ഗോപാലൻ പറഞ്ഞു. ‘‘ഇവരെ നീ കണ്ടോ ഗോപാലാ’’ എന്ന് ഞാൻ ചോദിച്ചു. ‘‘കുഞ്ഞാലിയെ ഞാൻ വെടിവെച്ചതിന് നിങ്ങളല്ലേ ജയിലിൽ കിടന്നത്. ഇനി കുറച്ചുകാലം അവരും ജയിലിൽ കിടക്കട്ടെ’’ -എന്ന് ഗോപാലൻ പറഞ്ഞു. ‘‘അങ്ങനെ വാശി തീർക്കരുത്, സത്യം മാത്രമേ പറയാവൂ, ഇമ്പിച്ചിബാവയ്ക്കും മാധവൻനായർക്കും ഇതിൽ പങ്കില്ലെങ്കിൽ അവരുടെ പേര് പറയരുത്. സംഭവിച്ച കാര്യം മാത്രമേ പറയാവൂ’’ -എന്ന് ഞാൻ പറഞ്ഞു. ‘‘താനല്ലെടാ കുഞ്ഞാലിയെ കൊന്നത്’’ -എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അവർ കുത്തിയതെന്ന് ഗോപാലൻ ഓർത്തെടുത്തു. ഓർമയുള്ള കാര്യം മാത്രം പറഞ്ഞാൽ മതിയെന്ന് ഞാനും പറഞ്ഞു. പിന്നാലെ മജിസ്‌ട്രേറ്റ് എത്തി മൊഴിയെടുത്തു. ‘‘കുഞ്ഞാലിയെ കൊന്നത് താനല്ലെടാ’’ എന്ന് ആക്രോശിച്ചുള്ള ആക്രമണം മജിസ്‌ട്രേറ്റിനോട് പറഞ്ഞു.  കുഞ്ഞാലിവധക്കേസിന്റെ അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ ഗോപാലന്റെ ഈ മരണമൊഴി കോടതി ഗൗരവമായി പരിഗണിച്ചു. ഹൈക്കോടതിയിൽ കേസ് തള്ളുന്നതിന് പ്രധാനകാരണമായത് ഗോപാലന്റെ മരണമൊഴിയാണ്. കുത്തേറ്റ് ചികിത്സയിലായിരുന്ന ഗോപാലൻ 1971  ഫെബ്രവരി 13-ന് മരിച്ചു.

കെ. കുഞ്ഞാലി എം.എൽ.എ.യെ വെടിവെച്ച സംഭവത്തിൽ അന്നത്തെ മലപ്പുറം ഡി.സി.സി.പ്രസിഡന്റായിരുന്ന ആര്യാടൻമുഹമ്മദ് ആയിരുന്നു ഒന്നാംപ്രതി. കൈനാറിപ്പുറം ചന്ദ്രൻ, മാട്ടുമ്മൽ മുഹമ്മദ്, ചേലേക്കാട്ട് അബ്ദുൽസലാം, പൈക്കാടൻ അബു, പാലയ്ക്കത്തൊടി അവറാൻകുട്ടി, കൊടിയാടൻ ഗോവിന്ദൻ, കല്ലംകുന്നൻ മൊയ്തു, തെയ്യംവീട്ടിൽ വേലായുധൻ ചെട്ട്യാർ, ടി. മുഹമ്മദ്, പെരുമ്പള്ളി ഹംസ, വടക്കെത്തൊടി യൂസഫ്, വടക്കത്ത് തങ്കമണി, എൽ.കെ. അബു, എൻ.കെ. യൂസഫ്, പുലിക്കോട്ട് കുമാരൻ, നീലമ്പ്ര മുഹമ്മദ്, കളത്തിങ്കൽത്തൊടി അബ്ദു, വഴുതിനങ്ങാപറമ്പൻ ഗോപാലൻ, ചുരപ്പിലാൻമുഹമ്മദ്, പാലക്കൽ സെയ്തലവി, കെ. മുഹമ്മദ്, നെടുമ്പള്ളി അയ്യപ്പൻ, പാലേരിക്കണ്ടിയിൽ കമ്മു, പുലിക്കോട്ടിൽ കുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതിൽ നാലാം പ്രതി ചേലേക്കാട്ട് അബ്ദുൾസലാം ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോയി. മറ്റ് 24 പേരെയും കോടതി വെറുതേവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഞ്ഞാലിയെ കൊന്നത് ഞാനല്ല; ഗോപാലന്‍': കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വെളിപ്പെടുത്തൽ
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement