'സിപിഎം കോൺഗ്രസ് വാർഡ് മെമ്പർമാരും പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ; തന്റെ പേരിൽ മാത്രം വിവാദമെന്തു കൊണ്ട്?' എൻ ജയരാജ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സാംസ്കാരിക സദസ്സും അവാർഡ് ദാനവും ആണ് എന്നാണ് സംഘാടകർ അറിയിച്ചതെന്ന് എൻ ജയരാജ്
കോട്ടയം: പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് പ്രൊഫസർ എൻ ജയരാജ് പങ്കെടുക്കുമെന്ന് ചൂണ്ടിക്കാട്ടി പോപ്പുലർ ഫ്രണ്ട് പുറത്തിറക്കിയ നോട്ടീസ് വിവാദത്തിൽ. ഇതിന് പിന്നാലെ പ്രതികരണവുമായി എൻ ജയരാജ് രംഗത്തെത്തി. പോപ്പുലർ ഫ്രണ്ട് പരിപാടിയാണ് എന്ന് അറിഞ്ഞുകൊണ്ട് അല്ല താൻ പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകർക്ക് ഉറപ്പു നൽകിയത് എന്ന് ജയരാജ് പറയുന്നു. സാംസ്കാരിക സദസ്സും അവാർഡ് ദാനവും ആണ് എന്നാണ് സംഘാടകർ അറിയിച്ചത്. നാട്ടിലെ എംഎൽഎ എന്ന നിലയിൽ അതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാമെന്ന് ആദ്യം സംഘാടകരോട് പറഞ്ഞത്. അതിനുശേഷം ആണ് പോപ്പുലർ ഫ്രണ്ട് പരിപാടി ആണെന്ന് താൻ അറിഞ്ഞത് എന്ന് ജയരാജ് വ്യക്തമാക്കി.
പരിപാടിയുടെ രാഷ്ട്രീയനിറം തനിക്ക് അറിയില്ലായിരുന്നു എന്നാണ് ജയരാജ് വിശദീകരിക്കുന്നത്. ഏതായാലും വിവാദം ആളിക്കത്തിയതോടെ ജയരാജ് മറ്റൊരു ചോദ്യവും ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് തന്റെ പേര് മാത്രം വിവാദത്തിൽ ഉയർന്നുവന്നത് എന്നതാണ് ജയരാജ്. പോപ്പുലർ ഫ്രണ്ട് പുറത്തിറക്കിയ ഇതേ നോട്ടീസിൽ സിപിഎം കോൺഗ്രസ് നേതാക്കളുടെ പേരും പറയുന്നുണ്ട്. പരിപാടി നടക്കുന്ന ചാമംപതാൽ ഉൾപ്പെടുന്ന പ്രദേശത്തെ വാർഡ് കൗൺസിലർമാർ ആണ് പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുക്കുന്നത്. സിപിഎം പ്രാദേശിക നേതാവായ വാർഡ് മെമ്പർ സൗദ സാലിഹും, കോൺഗ്രസ് വാർഡ് മെമ്പർ ഡെൽമ ജോർജ്ജും പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ പങ്കെടുക്കുമെന്ന് കാണുന്നുണ്ട്. എന്തുകൊണ്ടാണ് ഈ പേരുകൾ വിവാദമാക്കാത്തത് എന്നും ജയരാജ് ചോദിക്കുന്നു. തന്റെ പേര് മാത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ട് എന്നാണ് ജയരാജ് പറയുന്നത്. വിവാദങ്ങൾക്ക് പിന്നിൽ ബിജെപിയാണ് ഉള്ളത് എന്ന് ജയരാജ് വിശദീകരിക്കുന്നു.
advertisement
പോപ്പുലർ ഫ്രണ്ട് വാഴൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന നാട്ടൊരുമ പരിപാടിയിലാണ് എൻ ജയരാജ് പങ്കെടുക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രമായ ചാമമ്പതാലിൽ നടക്കുന്ന സമ്മേളനം ഇതോടെ വിവാദം ആയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മധ്യ മേഖല പ്രസിഡന്റ് എൻ ജയരാജ്, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻലാൽ എന്നിവർ ഇതിനകം എൻ ജയരാജിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എൻ ജയരാജ് കൃത്യമായ ലക്ഷ്യങ്ങളോടെയാണ് പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് ജയരാജ് പിൻവാങ്ങണം എന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
advertisement
പോപ്പുലർ ഫ്രണ്ട് വേദിയിൽ പാർട്ടി നേതാവ് പങ്കെടുക്കുന്നു എന്നത് കേരള കോൺഗ്രസ് എമ്മിനെയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ ജയരാജനെതിരെ നടപടി ഒന്നും വേണ്ട എന്നാണ് കേരള കോൺഗ്രസ് എം ധാരണ. ഇക്കാര്യത്തിൽ ജയരാജ് വിശദീകരിച്ച കാര്യങ്ങൾ തൃപ്തികരമാണ് എന്നും കേരള കോൺഗ്രസ് എം വിലയിരുത്തുന്നു. അതേസമയം പാർട്ടിക്ക് ഏറെ സ്വാധീനമുള്ള മേഖലയായ കാഞ്ഞിരപ്പള്ളിയിൽ ഈ വിഷയം ശക്തമായി ഉയർത്താൻ ആണ് ബിജെപി തീരുമാനം. ജയരാജന് പ്രാദേശികമായി ഏറെ ബന്ധമുള്ള നേതാവാണ്. അതുകൊണ്ടുതന്നെ പരിപാടിയെക്കുറിച്ചും സംഘാടകരെ കുറിച്ചും അറിയില്ല എന്ന് വിശദീകരണം വിശ്വാസയോഗ്യമല്ല എന്നും ബിജെപി നേതാക്കൾ പ്രതികരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2022 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎം കോൺഗ്രസ് വാർഡ് മെമ്പർമാരും പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ; തന്റെ പേരിൽ മാത്രം വിവാദമെന്തു കൊണ്ട്?' എൻ ജയരാജ്