തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ (Guruvayur Temple) ഥാര്‍ (Mahindra Thar) ലേലത്തില്‍ തര്‍ക്കം. താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും 21 ന് ഭരണസമിതി യോഗത്തിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിയാണ് പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്ക് ഥാര്‍ ലേലത്തില്‍ പിടിച്ചത്. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.
നേരിട്ടെത്തി നിരതദ്രവ്യം കെട്ടിവയ്ക്കാത്തവരെ ലേലത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് ദേവസ്വം തീരുമാനിച്ചതിനാല്‍ ഒരാള്‍ക്ക് മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാനായത്. ലേലം ഉറപ്പിച്ച ശേഷം പിന്‍മാറുന്നത് ശരിയല്ലെന്ന് അമല്‍ മുഹമ്മദലിയുടെ പ്രതിനിധി പറഞ്ഞു.
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡൽ ഇതിനോടകം തന്നെ ഇന്ത്യയിൽ സൂപ്പർഹിറ്റാണ്. ഇതിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് ഗുരുവായൂരിൽ സമർപ്പിച്ചത്. ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ കാണിക്കയായി എത്തിയത്.
ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി.
2020 ഒക്ടോബര്‍ രണ്ടിന് വിപണിയില്‍ എത്തിയ ഈ വാഹനം ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഫോര്‍ വീല്‍ ഡ്രൈവ് വാഹനമെന്ന പേരിൽ പ്രശസ്തമാണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന അംഗീകാരവും ഉണ്ട്. വിപണിയില്‍ എത്തി കുറഞ്ഞ കാലം കൊണ്ട് നിരവധി അവാര്‍ഡുകളാണ് ഈ വാഹനം നേടിയിട്ടുള്ളത്.
എ.എക്സ്. എല്‍.എക്സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഥാറില്‍ സ്ഥാനം പിടിച്ചിട്ടുള്ള പുതുതലമുറ ഫീച്ചറുകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Guruvayoor temple, Mahindra Thar