തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ (medical colleges) തിരിച്ചറിയല്‍ കാര്‍ഡ് (ID card) പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ (Health Minister Veena george) നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ (Fake Doctor) ചമഞ്ഞ് യുവാവ് രോഗിയെ ചികിത്സിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇതോടെയാണ് മെഡിക്കല്‍ കോളജുകളിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കർശന നിർദേശം നൽകിയത്. രോഗികളുടെ കൂട്ടിരുപ്പുകാരായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്ടറുടെ നിർദേശം അനുസരിച്ച് മാത്രമേ മറ്റൊരാൾക്ക് കൂടി അനുമതി ലഭിക്കൂ. ജീവനക്കാരും വിദ്യാർഥികളും നിർബന്ധമായും ഐഡി കാർഡ് ധരിക്കണം. സുരക്ഷാ ജീവനക്കാർ ഐഡി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. പൊതുജനങ്ങളും ജീവനക്കാരും നിർദേശങ്ങളോട് സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Also Read-
Fake Doctor | ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ യുവാവ് രക്തസാമ്പിളുകളില്‍ വെള്ളം ചേര്‍ത്തു; വൃക്ക തകരാറിലെന്ന് പറഞ്ഞ് പണം തട്ടി
മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ യൂണിറ്റ് 4 ല്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനെ സഹായിക്കാനെന്ന മട്ടില്‍ എത്തിയതായിരുന്നു പ്രതി. ഇയാള്‍ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിച്ചു. രീതികളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ വ്യാജ ഡോക്ടറാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ചേര്‍ന്ന് പിടികൂടി സെക്യൂരിറ്റി ഓഫിസില്‍ എത്തിച്ചു പൊലീസിന് കൈമാറി. കോടതി നിഖിലിനെ റിമാന്‍ഡ് ചെയ്തു.
ചോദ്യം ചെയ്യലില്‍, മുട്ടുവേദനയുമായി വന്ന രോഗിക്ക് ഗുരുതര രോഗം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 4.8 ലക്ഷം തട്ടിയെന്നും നിഖില്‍ സമ്മതിച്ചു. ഒന്നാം വര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് പരാതി നല്‍കിയത്.
ഒരു വര്‍ഷം മുന്‍പ് സഹോദരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് പിജി ഡോക്ടറാണെന്ന് പറഞ്ഞ് നിഖില്‍ സഹായത്തിന് ഒപ്പം കൂടിയതെന്ന് ഇദ്ദേഹം പറഞ്ഞു. രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നു. ജ്യേഷ്ഠന് ഗുരുതര രോഗം കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും മരുന്നിനും 4 ലക്ഷം രൂപയും തുടര്‍പഠനത്തിനെന്ന പേരില്‍ 80,000 രൂപയും വാങ്ങി. കഴിഞ്ഞ ദിവസമാണ് ഇയാളെ വീണ്ടും കണ്ടത്. വ്യാജനാണെന്നറിഞ്ഞപ്പോഴാണ് താനും തട്ടിപ്പിനിരയായെന്ന് കാട്ടി പരാതി നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.