കോഴിക്കോട്: ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ തീവെച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ് നിഗമനം. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്.
ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നത് പൊലീസിൽ ആസൂത്രിത ആക്രമണമെന്ന സംശയം ബലം കൂട്ടുന്നു. ട്രെയിനിൽ തീ പിടിച്ചതിനെ തുടർന്ന് രക്ഷപെടാന്‍ തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒൻപതു പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
Also Read-കോഴിക്കോട് ട്രെയിനിൽ തീവെപ്പ്; ഒരു കുട്ടിയുൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ
കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മനമന്‍സിലില്‍ റഹ്‌മത്ത് (45), മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും.
Also Read-കോഴിക്കോട് ട്രെയിനിൽ തീയിട്ടത് ചുവന്ന കള്ളി ഷർട്ട് ധരിച്ചയാൾ;ആശുപത്രിയിൽ ഒൻപതുപേർ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ ഇന്നലെ രാത്രി 9.11 ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോരപ്പുഴയ്ക്കു സമീപം എത്തിയപ്പോൾ ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് കോച്ചിലേക്കു കയറിയ ശേഷം കുപ്പിയില്‍ കരുതിയ ഇന്ധനം യാത്രക്കാർക്ക് നേരെ ദേഹത്തേക്ക് വീശി ഒഴിച്ചശേഷം തീവെക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം, അക്രമി ചങ്ങല വലിച്ച് ഇറങ്ങിയോടി എന്നാണ് വിവരം. ഇയാളുടെ കാലില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്ന ആളല്ല എന്ന് ടി.ടി.ആര്‍. പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack in Train, Fire, Indian railway, Kozhikode, Kozhikode news, Train, Train fire