രണ്ടാഴ്ച മുൻപാണ് കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് എത്തിയത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ക്രൈംബീറ്റാണ് ചുമതല. ജില്ലയിലെ ഗുണ്ടാ അക്രമവും കൊലപാതക സംഭവങ്ങളും പോലീസുകാരുടെ സ്റ്റാറ്റ്യൂട്ടറി റിക്കവറിക്ക് സ്വകാര്യ ബാങ്കിനെ ഏൽപ്പിച്ച നടപടിയുമൊക്കെ വാർത്തകളായി കൊടുത്ത് പതിയെ കളത്തിലിറങ്ങുകയായിരുന്നു. എന്തെങ്കിലും ഒന്ന് കാര്യമായി ചെയ്യണം. തിരിച്ചുവരവിൽ അങ്ങനെയൊരു ആലോചനയുണ്ടായിരുന്നു.
ജയിൽമോചിതയായി മാസങ്ങൾ കഴിഞ്ഞിട്ടും സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഏതു കേസിൻ്റെ ചരിത്രം പരിശോധിച്ചാലും വാദിക്കും പ്രതിക്കുമൊക്കെ എന്തെങ്കിലും പറയാൻ കാണും. സ്വർണക്കടത്ത് കേസ് സജീവമായി നിൽക്കുമ്പോൾ പുറത്തുവന്ന വാർത്തകളിലൊന്ന് സ്വപ്നയ്ക്ക് നാലോ അഞ്ചോ നമ്പരുകൾ ഉണ്ടെന്നാണ്. എന്റെ കയ്യിൽ ഒരു നമ്പർ ഉണ്ട്. മുൻപ് എപ്പോഴോ മാധ്യമപ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കണ്ടു സേവ് ചെയ്തതാണ്.
മൊബൈൽ എടുത്ത് നമ്പറിലേക്ക് വിളിച്ചു. ബെല്ലുണ്ട്. ഫോണെടുത്തു. സ്ത്രീശബ്ദം. " സ്വപ്നയാണോ ". "അതെ". കേസുമായി ബന്ധപ്പെട്ട പ്രതികരണത്തിനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോഴേ മറുപടി തന്നു. " സോറി ". " അല്ല, നിങ്ങളുടെ ഭാഗവും കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ അത് തുറന്നു പറയാനുള്ള ഒരു അവസരവുമാണ് " - എൻ്റെ അവസാനത്തെ ഡയലോഗ് സ്വപ്നയെ സംബന്ധിച്ച് ആലോചിക്കാനുള്ള വസ്തുതയാണെന്നതു പോലെ തന്നെ മാധ്യമ പ്രവർത്തകനെന്ന നിലയിൽ പ്രതികരണം സംഘടിപ്പിക്കുക എന്ന ലക്ഷ്യം വച്ചുള്ള ഒരു നീക്കവുമാണ്.
നിരാശയായിരുന്നു ഫലം. "കേസ് കോടതിയിൽ ആയതിനാൽ പ്രതികരിക്കുന്നില്ല". ഇനിയും ബലം പിടിക്കുന്നത് ബുദ്ധിയല്ല എന്ന് തോന്നി. അവർ നമ്പർ ബ്ലോക്ക് ചെയ്താൽ കോൺടാക്ട് കൂടി നഷ്ടമാകും. "എപ്പോഴെങ്കിലും പ്രതികരിക്കണം എന്ന് തോന്നിയാൽ അറിയിക്കണം എന്ന് പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു " ഈ സംഭവം ബ്യൂറോയിൽ സഹപ്രവർത്തകരായ ടി ജി സജിത്തിനോടും വി വി അരുണിനോടും പറഞ്ഞിരുന്നു. കിട്ടിയാൽ പ്രതികരണം എങ്ങനെയും സംഘടിപ്പിക്കണം എന്നായിരുന്നു അവരുടേയും അഭിപ്രായം.
ഏതാണ്ട് രണ്ടാഴ്ച പിന്നിടുന്നു. ഡി സി ബുക്സിൻ്റെ പച്ചക്കുതിര മാസികയിൽ ഉടൻ പുറത്തിറങ്ങാൻ പോകുന്ന എം ശിവശങ്കറിന്റെ പുസ്തകത്തിലെ ചില പരാമർശങ്ങൾ. സ്വപ്നയെ കുറ്റപ്പെടുത്തുന്ന തരത്തിലും ചിലതുണ്ടെന്ന് മനസ്സിലാക്കി. ഡിസി ബുക്സ് സ്റ്റാച്യുവിലെ ജീവനക്കാരൻ ബാബുച്ചേട്ടനും കൊല്ലത്തെ രവി പിള്ളച്ചേട്ടനും പരിചയക്കാരാണ്. രണ്ടു പേരെയും വിളിച്ചു. ഏങ്ങനെയെങ്കിലും പുസ്തകത്തിൻ്റെ ഒരു പ്രതി സംഘടിപ്പിച്ചു തരണം. വ്യാഴാഴ്ച വൈകിട്ടാണ് ഈ ഫോൺ വിളികൾ. പിറ്റേന്ന് രാവിലെയേ കൊല്ലത്തും തിരുവനന്തപുരം ഷോപ്പുകളിലും ബുക്ക് എത്തൂ. കോട്ടയത്തെ വില്പനശാലകളിൽ പുസ്തകം എത്തിയിട്ടുണ്ട്. നേരെ ഞങ്ങളുടെ എഡിറ്റർ പ്രദീപ് പിള്ളയെ വിളിച്ചു. "സർക്കാർ അനുമതിയില്ലാതെ എഴുതിയ പുസ്തമല്ലേ. പ്രകാശന ചടങ്ങൊന്നുമില്ലാതെ നാളെ പുസ്തകത്തിൻ്റെ വില്പന ആരംഭിക്കുന്നുണ്ട്. ആദ്യം സംഘടിപ്പിച്ച് നമുക്ക് വാർത്തയാക്കിയാലോ " ?
എഡിറ്ററുടെ പച്ചക്കൊടി. " സംഘടിപ്പിച്ച് വാർത്തയടിക്ക് "
നേരെ കോട്ടയം റിപ്പോർട്ടർ ശ്രീജിത്തിനെ വിളിച്ചു. സിംഗിൾമെൻ ബ്യൂറോയിൽ രാത്രി വിളിച്ച് വാർത്ത പറയുന്നതിന് ബുദ്ധിമുട്ടുണ്ട്. രാവിലെ മുഴുവൻ ഒറ്റയ്ക്ക് ഓടി രാത്രി വീട്ടിലോ റൂമിലോ എത്തുമ്പോൾ വീണ്ടും വാർത്തയെടുക്കാനുള്ള "ക്വട്ടേഷൻ " വരുമ്പോൾ ദേഷ്യം വരാൻ സാധ്യതയുണ്ട്. (എനിക്ക് ദേഷ്യം വന്നിട്ടുണ്ട്😀) മടിച്ചാണെങ്കിലും ശ്രീജിത്തിനെ വിളിച്ചു. പിന്നെ
രാത്രി 10 മണിക്ക് ബ്രേക്കിംഗായി പോയത് ചരിത്രം. കോട്ടയത്ത് കടകൾ അടച്ചു പോയിട്ടും പുസ്തകം അപ്പോഴേക്കും വാങ്ങിയ ഒരാളുടെ വീട് തപ്പിപ്പിടിച്ചു പോയാണ് ശ്രീജിത്ത് വാർത്ത ചെയ്തത്. ശ്രീജിത്തിൻ്റെ പ്രയ്തനം പാഴായില്ല.
Also Read-
Reporter's Account രാത്രി എട്ടു മണിക്ക് കടയടച്ചിട്ടും ശിവശങ്കറിന്റെ പുസ്തകം രണ്ടു മണിക്കൂറിൽ വാർത്ത ആയതെങ്ങിനെ?
രാത്രി തന്നെ സ്വപ്നയെ വിളിക്കുന്നു. പുസ്തകത്തിലെ പരാമർശങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ പ്രതികരിക്കാൻ അവർ തയ്യാർ! പിറ്റേന്ന് ഉച്ചയ്ക്ക് ചാക്കയിലെ വീട്ടിലേക്ക് ചെല്ലാൻ പറയുന്നു. അങ്ങനെ ക്യാമറാമാൻ സന്തോഷ് മണക്കാടിനൊപ്പം അവിടെയെത്തുന്നു. സ്വപ്നയുടെ ആദ്യ അഭിമുഖം അവിടെ ജനിക്കുന്നു.
ദൃശ്യങ്ങൾ എഡിറ്റിംഗ് ടേബിളിലെത്തിയപ്പോൾ ഡെസ്കിൽ എത്തിയപ്പോൾ അനുഭവിച്ച ടീം വർക്കിൻ്റെ മികച്ച അനുഭവം കൂടി പറയാതെ പോകാനാവില്ല. പലവിധ പ്രതിസന്ധികൾക്കിടയിലും ഞങ്ങൾക്കെല്ലാം പോസിറ്റീവായി എനർജിയായി മുന്നിൽ നിൽക്കുന്ന എഡിറ്റർ പ്രദീപ് പിള്ളയായിരുന്നു ഇതിലും കാര്യങ്ങൾ നൂറേ നൂറിൽ ഓടിച്ചത്. ഇൻ്റർവ്യൂ ആയതിനാൽ വലിച്ചു വച്ച് എഡിറ്റ് ചെയ്യാം. 33 മിനുട്ട് ഇൻ്റർവ്യൂ ഏതാണ്ട് 20 മിനുട്ടു കൊണ്ട് പാകപ്പെടുത്തിയെടുത്തു. പക്ഷേ, ഈ ഇരുപത് മിനുട്ട് നേരത്തിനുള്ളിൽ ഗ്രാഫിക് കാർഡുകൾ, വോയ്സ് ഓവറുകൾ ഉൾപ്പെട്ട മൊണ്ടാഷുകൾ തുടങ്ങിയവയെല്ലാം തയ്യാർ. എണ്ണയിട്ട യന്ത്രം പോലെ എല്ലാപേരും പറന്നു നിന്ന ആ ഇരുപതു മിനുട്ട്! എല്ലാത്തിനും നിർദ്ദേശവുമായി, ഊർജമായി നിന്ന എഡിറ്റർ. 33 മിനുട്ട് ഇൻ്റർവ്യൂ എയർ ചെയ്യാനുള്ള തീരുമാനത്തിനും നന്ദി.
അഭിമുഖം ടെലികാസ്റ്റ് ചെയ്തതിനു പിന്നാലെ ഫോൺ കോളുകളുടെ പെരുമഴയായിരുന്നു. അറ്റൻഡ് ചെയ്യാൻ കഴിയാത്ത കോളുകൾ ഇനിയുമുണ്ട് തിരികെ വിളിക്കാൻ. ഫോൺ കോളുകൾക്കിടയിൽ ഭാര്യയുടെ വിളിയും വന്നു. മറ്റാർക്കും കിട്ടാത്ത ഇൻ്റർവ്യൂ നേടി വിജയശ്രീലാളിതനായി അഭിനന്ദനങ്ങളിൽ വീർപ്പുമുട്ടുമ്പോഴാണ് അഭിനന്ദിക്കാൻ ഭാര്യയുടെയും കോൾ.
ഫോണെടുത്തു
" വരുമ്പോൾ അഞ്ചു മുട്ടയും അരക്കിലോ തക്കാളിയും വാങ്ങിക്കൊണ്ടുവരണം"
" ടി വി വച്ചു നോക്ക് " അമർഷം കാണിക്കാൻ പാടില്ലല്ലോ
"ആങ്ഹാ. സ്വപ്നയുടെ ഇൻറർവ്യൂ ആണല്ലോ... പിന്നേ... മുട്ടയും തക്കാളിയും വാങ്ങാൻ മറക്കരുത്. രാത്രി വേറെ കറിയില്ല".
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.