'ലൗ ജിഹാദ്' : ജോസ് കെ മാണിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻതിരുവനന്തപുരം: ‘ലൗ ജിഹാദ്’ സംബന്ധിച്ച് ജോസ് കെ മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ക്രൈസ്തവ സമുദായ നേതാക്കൾ മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിൻ്റെ അപ്രമാദിത്തമാണുള്ളത്. ഇരു മുന്നണികളെയും മുസ്ലീം ലീഗിൻ്റെ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളിൽ നിന്നും നീതി കിട്ടിയില്ലെന്ന പരാതി ക്രൈസ്തവ സമൂഹത്തിന് ഉണ്ട്. യുഡിഎഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ലിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്വം കേരളത്തിൽ അനുവദിച്ച് കൊടുക്കണോ എന്ന് ജനങ്ങൾ ചിന്തിക്കണം. കെ സി ബി സിയും ക്രൈസ്തവ സമൂഹവും ഉയർത്തിയ ആശങ്ക തന്നെയാണ് ജോസ് കെ മാണി പങ്ക് വെച്ചത്. കേരളത്തിൽ ഭീകരവാദത്തോട് ചേർന്ന് നിൽക്കാത്തവർ ഈ ആശങ്കയെ ഗൗരവമായി കാണണം.
Also Read- കെ ടി ജലീലിനോട് 'ഫിറോസിക്ക'യെ തിരക്കിയ കുഞ്ഞു സമയെ കാണാൻ ഫിറോസ് കുന്നംപറമ്പിൽ എത്തി
സംസ്ഥാനത്ത് യുഡിഎഫുമായി ബിജെപി സഖ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം മലർന്ന് കിടന്ന് തുപ്പലാണെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ സഖ്യത്തിൽ ചേരുന്നതിന് പണം വാങ്ങുന്ന പാർട്ടിയാണ് സി പി എം എന്ന് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ നടൻ കമൽ ഹാസൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ പാർട്ടിയെ തന്നെ വിൽപ്പന ചരക്കാക്കിയ സി പി എം നേതൃത്വത്തിന് ഈ ആരോപണം ഉയർത്താൻ അർഹതയില്ല. ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പാക്കാനുള്ള മാന്യത ഇനിയെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോസ് കെ മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസിയും രംഗത്തെത്തി.
ജോസ് കെ മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രതികരിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
അതേസമയം, ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നും അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നുമായിരുന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. അതേസമയം, വിഷയത്തിൽ ജോസ് കെ മാണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു. മതമൗലിക വാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും കാനം പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Jose K Mani, Love jihad, Minister v muraleedharan