കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ ജോസ് കെ മാണി. രാജ്യസഭാ തെരഞ്ഞെടുപ്പ് വോട്ടിൽ പങ്കെടുക്കാതെ വിട്ടുനിൽക്കും. അവിശ്വാസ പ്രമേയം വോട്ടെടുപ്പിൽ പങ്കെടുക്കും.
പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യില്ല. ഇതിനോട് രണ്ടിനോടും വിയോജിക്കാനുള്ള അഭിപ്രായം നിയമസഭയിൽ രേഖപ്പെടുത്തും. പിജെ ജോസഫ് ഉൾപ്പെടെ മുഴുവൻ എംഎൽഎമാർക്കും വിപ്പ് നൽകുമെന്നും ജോസ് കെ മാണി ആവർത്തിച്ചു.
പാർട്ടിയിൽ തർക്കം ഉണ്ടാകുന്നതിനു മുൻപ് റോഷി അഗസ്റ്റിനെ വിപ്പായി തീരുമാനിച്ചതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഇതാണ് പരിഗണിക്കുന്നത്. എന്നാൽ ജോസ് കെ മാണിയെ തള്ളി ജോസഫ് വിഭാഗം രംഗത്തെത്തി.
ജോസഫ് വിഭാഗം നൽകുന്ന വിപ്പ് അംഗീകരിച്ചില്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ തർക്കം തുടരുന്നതിനാൽ സ്പീക്കർ എടുക്കുന്ന തീരുമാനം നിർണായകമാണ്.
കേരള കോൺഗ്രസിന്റെ വോട്ടുകൾക്ക് നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കാൻ കഴിയില്ല എന്നിരിക്കെ നിയമസഭയിലെ വോട്ടെടുപ്പുകൾ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ആയുധമാക്കി മാറ്റുകയാണ് ജോസും ജോസഫും.
സ്വർണ്ണക്കടത്ത് പോലെയുള്ള വലിയ വിവാദം ഉയരുമ്പോഴും സർക്കാരിനെതിരെ ജോസ് കെ മാണി വോട്ട് ചെയ്യാത്തത് പി ജെ ജോസഫ് ആയുധമാക്കും. സ്വതന്ത്ര നിലപാട് എന്നത് ചൂണ്ടിക്കാട്ടാൻ ആകും ജോസ് കെ മാണി ശ്രമിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jose K Mani, Joseph vs jose k mani, Kerala congress rift