കോട്ടയം: കേരളത്തിലെ എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സർക്കാർ പ്രവർത്തിക്കുമ്പോൾ, അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി. കേരളം സമാനതകളില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ എല്ലാവരും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നാടിന് വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, എല്ലാ കേരളാ കോൺഗ്രസ്സ് പ്രവർത്തകരും, പൊതുജനങ്ങളും തങ്ങളാൽ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ വിവാഹച്ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മകളുടെ വിവാഹ ചടങ്ങ് നിലവിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.
മഹാപ്രളയ കാലത്ത് സ്വന്തം ജീവിത മാർഗമായിരുന്ന ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ആളാണ് കൊല്ലം സ്വദേശിനി സുബൈദ. അന്ന് ആടിനെ വിറ്റു കിട്ടിയ തുകയാണ് സുബൈദ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പിന്നീട് കോവിഡ് മഹാമാരി പിടിമുറുക്കിയ കഴിഞ്ഞ ലോക്ക്ഡൌൺ കാലത്തും സുബൈദ സി എം ഡി ആർ എഫിലേക്ക് സംഭാവന നൽകിയിരുന്നു. ഇപ്പോഴിതാ, വീണ്ടും ഒരിക്കൽ കൂടി ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് സുബൈദ. 5000 രൂപയാണ് ഇത്തവണ നല്‍കിയത്. കഴിഞ്ഞവര്‍ഷം കോവിഡ് പിടിമുറുക്കിത്തുടങ്ങിയപ്പോള്‍ പ്രാരബ്ധങ്ങള് മറന്ന്, ആടിനെ വിറ്റുകിട്ടിയ തുകയില്‍നിന്ന് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവര്‍ നല്‍കിയിരുന്നു.
2020ൽ ആടിനെ വിറ്റു കിട്ടയ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുബൈദ നൽകിയത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് പിന്നീട് അവർക്ക് അഞ്ചു ആടുകളെ സമ്മാനമായി ലഭിക്കുകയും ചെയ്തിരുന്നു. അതിൽ ഒരു ആടിനെയാണ് അവർ ഇപ്പോൾ വിറ്റത്. ആടിനെ വിറ്റുകിട്ടിയ തുക ജില്ല കലക്ടര്‍ ബി. അബ്ദുല് നാസറിന് അവര്‍ നേരിട്ട് കൈമാറി. ബാക്കി വന്ന തുകയില്‍നിന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ വീതം അരിയും സാമ്പത്തികസഹായവും നല്‍കുമെന്ന് സുബൈദ അറിയിച്ചു.
സംസ്ഥാനത്തെ വാക്‌സിന്‍ക്ഷാമം സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനിടയായതാണ് തുക നല്‍കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് സുബൈദ പറയുന്നു. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയും ആടിനെ വളർത്തിയുമാണ് സുബൈദ ഉപജീവനം നടത്തുന്നത്. ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്ദുല് സലാമിനും സഹോദരനുമൊപ്പമാണ് സുബൈദയുടെ താമസം.
Also Read- Covid 19 | സംസ്ഥാനത്ത് ശനിയും ഞായറും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍
പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്‍റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നുവെന്ന് ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള്‍ നല്‍കുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാക്സിന്‍ വാങ്ങാനുള്ള സംഭാവന എത്തുകയാണ്.
ഇത്തരത്തില്‍ വാക്സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്‍കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് വാക്സിന്‍ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്‍ക്കാം. ആവര്‍ത്തിച്ച് നടത്താനുള്ള ഒരു അഭ്യര്‍ത്ഥന എല്ലാവരും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നതാണ്. നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ റിസര്‍ട്ട് കിട്ടുന്നതുവരെ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ കഴിയണം.
രോഗം പടരുന്നതിന്‍റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓര്‍മ വേണം. അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഓരോരുത്തരും എന്നു കാണണം. ഇക്കാര്യം മാധ്യമങ്ങളോടും കൂടി പറയുകയാണ്. സമൂഹത്തെ അപകടത്തില്‍നിന്ന് രക്ഷിക്കുകയാണ് എല്ലാവരുടെയും കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദ ഒരു വര്‍ഷത്തിനുശേഷം വാക്സിന്‍ വിതരണത്തിനും തന്‍റെ സംഭാവന നല്‍കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cmdrf, Covid Vaccine Covid vaccine kerala, Jose K Mani, Kerala government, Pinarai Vijayan, Vaccine Challenge