ഒന്നരലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ്; സീറ്റില്ല വിഷമമുണ്ട്; കോൺഗ്രസിനൊപ്പം തന്നെയെന്ന് ജോസഫ് വാഴയ്ക്കൻ
- Published by:Rajesh V
- news18-malayalam
Last Updated:
'ജോസഫ് വാഴയ്ക്കൻ രാഷ്ട്രീയം തുടങ്ങിയത് കോൺഗ്രസിന്റെ പതാക പിടിച്ചാണ്. അവസാനവും കൈയിൽ ഒരു പതാക മാത്രമേ കാണു. അത് കോൺഗ്രസിന്റെ മൂവർണ്ണ കൊടി തന്നെയായിരിക്കും'
കോട്ടയം: സ്ഥാനാർത്ഥിയാകുമെന്ന നേതാക്കളുടെ ഉറപ്പിൽ ഫ്ലക്സും പോസ്റ്ററും തയാറാക്കിയ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് സീറ്റ് ലഭിച്ചില്ല. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് ജോസഫ് വാഴയ്ക്കൻ തയാറെടുപ്പ് നടത്തിയത്. ഒന്നരലക്ഷം പോസ്റ്ററും 2500 ഫ്ലക്സ് ബോർഡുമാണ് തയാറാക്കിയത്. ഏറ്റുമാനൂരില്‍ ഒറ്റപ്പേരെന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് ഫ്ലക്സും പോസ്റ്ററും തയാറാക്കിയതെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമുണ്ടെന്നും ജോസഫ് വാഴയ്ക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം മുതല്‍ തന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞത്. ഇക്കാര്യം തന്നോടു സൂചിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങാനും പോസ്റ്റുകളും ഫ്ലക്സും പ്രിന്റ് ചെയ്യാനും പറഞ്ഞു. അതുകൊണ്ടാണ് വന്‍ തുക ചിലവഴിച്ച് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ ഇന്നലെകളിൽ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാടെന്ന് ജോസഫ് വാഴയ്ക്കൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.
advertisement
കുറിപ്പിന്റെ പൂർണരൂപം
വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം വന്നിരിക്കുകയാണ്. വാർത്തകളിൽ എന്റെ പേരും നിറയുന്ന ഈ നിമിഷം ചിലത് പറയാനുണ്ട്. ജോസഫ് വാഴയ്ക്കൻ പാർട്ടിക്കെതിരെ മത്സരിക്കാൻ പോകുന്നു എന്നാണ് വാർത്ത. കോട്ടയം ജില്ലയിലെ രാമപുരത്തെ കെ എസ് യൂ പ്രവർത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം ഏതാണ്ട് അൻപത് വർഷത്തേക്ക് കടക്കുമ്പോൾ എന്റെ പേരിനൊപ്പം പറയുന്ന കോൺഗ്രസ് എന്നതാണ് എന്റെ ഐഡന്റിറ്റി.
ഒന്നുമല്ലാതിരുന്ന ഒരു കെ എസ് യൂ പ്രവർത്തകനിൽ നിന്ന് കെ എസ് യൂവിന്റെ സംസ്ഥാന അധ്യക്ഷനും, യൂത്ത് കോൺഗ്രസ് നേതൃ പദവികളും, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി ഒട്ടേറെ പദവികൾ എനിക്ക് നൽകിയതും അതിലൂടെ എനിക്ക് മേൽവിലാസം ഉണ്ടാക്കി തന്നതും എന്റെ കോൺഗ്രസ് പാർട്ടിയാണ്. ഞാൻ പറഞ്ഞിട്ടുള്ളത് പോലെ ഈ പാർട്ടി എനിക്ക് എന്റെ അമ്മയെ പോലെയാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം തൊട്ട് കേരളത്തിന്റെ നിയമസഭയിൽ പ്രവർത്തിക്കാൻ അവസരം തന്നതും പാർട്ടിയാണ്.
advertisement
ഇതും വായിക്കുക: 'UDF സ്ഥാനാർത്ഥി പ്രഖ്യാപനം ചരിത്ര വേഗതയില്‍; ഒരു ചാനല്‍ 48 മണിക്കൂറിനിടെ നാല്‍പതോളം വ്യാജ വാര്‍ത്തകള്‍ നൽകി' വി ഡി സതീശൻ
ഇന്ന് കേരളത്തിൽ കോൺഗ്രസിന്റെ മുഖമായി നിൽക്കുന്ന നേതാക്കളോടൊപ്പം ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ചോരയും നീരും പാർട്ടിക്ക് വേണ്ടി സമർപ്പിച്ച വ്യക്തിയാണ് ഞാൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഏറ്റുമാനൂർ സീറ്റ് ശ്രദ്ധിക്കണം എന്ന് നേതൃത്വമാണ് എന്നോട് ആവശ്യപെട്ടത്. ആ വാക്ക് അനുസരിച്ചു ഏറ്റുമാനൂരിൽ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും കടന്ന് പ്രവർത്തനം മുന്നോട്ട് പോയിരുന്നു. സ്ഥാനാർഥിത്വത്തിൽ ഒറ്റപേര് മാത്രമേയുള്ളു എന്ന് നേതൃത്വം അവസാന നിമിഷവും അറിയിച്ചതിനെ തുടർന്നു തെരഞ്ഞെടുപ്പ് പ്രവർത്തനം വളരെയേറെ മുന്നോട്ട് പോയിരുന്നു. കാരണം ഇലക്ഷന് വളരെ കുറച്ചു ദിവസം മാത്രമേയുള്ളൂ എന്നത് കൊണ്ടാണ്. അവസാന നിമിഷം തീരുമാനം മാറ്റുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് നേതൃത്വത്തോട് പ്രകടിപ്പിച്ചു എന്നത് സത്യമാണ്.
advertisement
എന്നാൽ അത് പാർട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള മുന്നോട്ട് പോക്കിന് തടസമോ ബുദ്ധിമുട്ടോ സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടല്ല. പിണറായി ഭരണത്തിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള യാത്രയിൽ നാം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണ്. എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ ഇന്നലെകളിൽ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാട്. യൂ ഡി എഫ് മുന്നണിക്കായി ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.
advertisement
ഏറ്റുമാനൂരിൽ ജനവിധി തേടുന്ന പ്രിയപ്പെട്ട അനിയൻ നാട്ടകം സുരേഷിന് ആശംസകൾ നേരുന്നു. ശബരിമല കൊള്ളയടക്കം തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ മന്ത്രിയെ ഇവിടെ പരാജയപ്പെടുത്തുക എന്നത് കേരളത്തിന്റെ ആവശ്യമാണ്. അതിനായുള്ള പോരാട്ടത്തിന് അഭിവാദ്യങ്ങൾ.
ജോസഫ് വാഴയ്ക്കൻ രാഷ്ട്രീയം തുടങ്ങിയത് കോൺഗ്രസിന്റെ പതാക പിടിച്ചാണ്. അവസാനവും കൈയിൽ ഒരു പതാക മാത്രമേ കാണു. അത് കോൺഗ്രസിന്റെ മൂവർണ്ണ കൊടി തന്നെയായിരിക്കും
Summary: In a dramatic turn of events in Kottayam, veteran Congress leader Joseph Vazhackan found himself excluded from the UDF candidate list despite being asked by the leadership to begin campaigning for the Ettumanoor seat. Having already spent a significant amount on 1.5 lakh posters and 2,500 flex boards, Vazhackan expressed his deep emotional hurt but ruled out any rebellion. In a heartfelt Facebook post, he reaffirmed his 50-year loyalty to the Congress party, stating he began his journey with the Tricolour and would end it with the same. He has pledged his full support to the official candidate, Nattakom Suresh, to ensure the UDF's victory.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Mar 20, 2026 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നരലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ്; സീറ്റില്ല വിഷമമുണ്ട്; കോൺഗ്രസിനൊപ്പം തന്നെയെന്ന് ജോസഫ് വാഴയ്ക്കൻ









