തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് രാജി സന്നദ്ധത അറിയിച്ചെന്നും പാര്‍ട്ടി അംഗീകരിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ജോസഫൈന് നടത്തിയ പരമാര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി രാജി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. പാര്‍ട്ടി നിലപാട് കൃത്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'' വനിതാ കമ്മീഷന് അധ്യക്ഷ മാധ്യമത്തില്‍ നടത്തിയ പരാമര്‍ശം സമൂഹം ചര്‍ച്ച ചെയ്തു. അവര്‍ നടത്തിയ പരമാര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല. അവര്‍ തന്നെ അത് തെറ്റാണെന്ന് പറഞ്ഞ് ക്ഷമ ചോദിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പരിശോധിച്ചു. ജോസഫൈന് യോഗത്തില്‍ വിഷയം വിശദീകരിച്ചു. പിശകില്‍ ഖേദം രെഖപ്പെടുത്തിയെന്ന് പാര്‍ട്ടിയെ അറിയിച്ചു. രാജി സന്നദ്ധത അറിയിച്ചു. പാര്‍ട്ടി അത് അംഗീകരിച്ചു' എ വിജയരാഘവന് പറഞ്ഞു.
സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ സ്ത്രീപക്ഷ കേരളം എന്ന പ്രചാരണ പരിപാടി സിപിഎം സംഘടിപ്പിക്കുമെന്ന് വിജയരാഘവന് അറിയിച്ചു. സിപിഎം അംഗങ്ങളും കേഡര്‍മാരും പ്രാദേശിക തലത്തില്‍ ഗൃഹസന്ദര്‍ശനം അടക്കമുള്ളവ നടത്തി സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രചാരണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അധ്യക്ഷ പദത്തില്‍ 11 മാസം കൂടി അവശേഷിക്കെയാണ് പാര്‍ട്ടി ജോസഫൈന്റെ രാജി. അടുത്ത വര്‍ഷം മെയ് വരെയാണ് വനിതാ കമ്മീഷന് ജോസഫൈന് കാലാവധി ഉണ്ടായിരുന്നത്.
സെക്രട്ടറിയേറ്റില്‍ നേതാക്കളാരും ജോസഫൈനെ പിന്തുണച്ചില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തില്‍ സി പി എം നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന് യോഗത്തില്‍ വിശദീകരിച്ചു. ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിന് മുന്നിലെത്തിയിരുന്നു.
വിഷയത്തില്‍ ജോസഫൈന് ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടത് ആഭിമുഖ്യമുള്ളവരില്‍ നിന്നുപോലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ട്. മുന്‍പുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പ്രതികരണങ്ങളില്‍ കരുതല്‍ വേണമെന്ന ശക്തമായ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ജോസഫൈന് വീണ്ടും വിവാദത്തില്‍ ചാടിയത്.
ജോസഫൈന് ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത്രയേറെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെടുത്തത്. മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന് വനിത കമ്മീഷന് അധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമര്‍ശങ്ങളും മുന്നണിക്കും സര്‍ക്കാരിനാകെ തന്നെയും തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.