‘വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം; മുഖ്യമന്ത്രി വന്നാലേ ഉദ്ഘാടനം ആകൂ?’ കെമാൽ പാഷ

Last Updated:

"ഉദ്ഘാടന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്യൂണിസ്റ്റ് സർക്കാർ പാലം തുറക്കാൻ മുഹൂർത്തം നോക്കി കാത്തിരിക്കുകയാണ്"

കൊച്ചി: ഉദ്ഘാടനത്തിന് മുൻപെ വീ ഫോർ കൊച്ചി പ്രവർത്തകർ വൈറ്റില മേൽപാലം തുറന്ന സംഭവത്തിൽ  പ്രതികരണവുമായി  ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.കെമാൽ പാഷ.  മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.  ഒരു ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഉദ്ഘാടന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്യൂണിസ്റ്റ് സർക്കാർ പാലം തുറക്കാൻ മുഹൂർത്തം നോക്കി കാത്തിരിക്കുകയാണ്. പണി കഴിഞ്ഞാൽ അതു തുറന്നു കൊടുത്തേക്കെന്ന് സർക്കാർ പറഞ്ഞാൽ കാര്യം തീരുന്നിടത്താണ് ഇത്. വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിർമാണം പൂർത്തിയായിട്ടും രണ്ടും കിടക്കുകയാണ്. തിരഞ്ഞെടുപ്പു വരുമ്പോഴേയ്ക്കുള്ള വിലപേശലിനു വേണ്ടി വച്ചോണ്ടിരിക്കുകയാണ് സർക്കാർ. എത്രത്തോളം വൈകിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകാമോ അത്രത്തോളം നല്ലതാണ് എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അങ്ങനെ പ്രശ്നങ്ങളുണ്ടായി ജനങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി ഒമ്പതിന് തുറക്കുമെന്ന തീയതി പറഞ്ഞു വച്ചിരിക്കുന്നത്. അതു തന്നെ കാര്യപരിപാടികൾ തീരുമാനിക്കുകയോ മറ്റോ ചെയ്തതായി അറിയില്ല. അന്നു നടക്കുമെന്ന് പോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ജനങ്ങൾ പൊറുതിമുട്ടി എന്നു പറഞ്ഞാൽ, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയിൽ മണിക്കൂറുകൾ കിടന്ന് വീർപ്പു മുട്ടിയാണ് ജനങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ ഒരു പ്രതിഷേധമാണ് ഉണ്ടായത്."- കെമാൽ പാഷ പറഞ്ഞു.
advertisement
പൊതുമുതൽ നശിപ്പിച്ചെന്നു പറഞ്ഞ് കേസെടുത്താൽ അത് നിലനിൽക്കില്ല. കാരണം എന്താണ് നശിപ്പിച്ചത് എന്നു പറയണം. പാലത്തിലൂടെ പോയാൽ പൊതുമുതൽ നശിക്കുമോ? മുഖ്യമന്ത്രി വന്ന് പാലത്തേൽ കയറിയാലേ നശിക്കാതിരിക്കൂ എന്നുണ്ടോ? ജനങ്ങൾ അവിടെ ഒരു നാശവുമുണ്ടാക്കിയതായി അറിയില്ല. നാശമുണ്ടാക്കിയിട്ടുണ്ടെങ്കിൽ കേസെടുക്കണം. അല്ലെങ്കിൽ അത് പൊതു സ്ഥലമാണ്. അതിലൂടെ വണ്ടി പോയതല്ലേ ഉള്ളൂ. ജനങ്ങളോട് വൈരനിരാതന ബുദ്ധിയോടെയുള്ള പെരുമാറ്റമാണ് ഈ കേസെടുക്കൽ.
advertisement
ഉദ്ഘാടനം ചെയ്യണമെന്നു പറഞ്ഞു വച്ചുകൊണ്ടിരിക്കാൻ ഇത് ആരുടെയും സ്വന്തം കയ്യിൽ നിന്നെടുത്ത് നിർമിച്ചതല്ലല്ലോ, പൊതു ജനങ്ങളുടെ പണമല്ലേ? ഇതുപോലെ പല സ്ഥലങ്ങളിൽ എഴുതിവയ്ക്കും. ഇന്ന എംഎൽഎയുടെ ഫണ്ടിൽ നിന്ന് ഉണ്ടാക്കിയത് എന്നു പറഞ്ഞ്. ഒരു ഇലക്ട്രിക് പോസ്റ്റിൽ ലൈറ്റിട്ടിട്ട് ബോർഡ് തൂക്കിയിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു. ഈ ലൈറ്റിനെക്കാൾ കൂടുതൽ ചെലവ് ബോർഡ് തൂക്കാൻ വന്നിട്ടുണ്ട്. അതാണ് ശരിക്ക് പൊതുമുതൽ നശിപ്പിക്കൽ. എംഎൽഎയുടെ ഫണ്ടിൽ നിന്ന് നിർമിച്ചെന്നു പറയുമ്പോൾ അദ്ദേഹം സ്വന്തം വീട്ടിൽ നിന്നെടുത്ത് ചെലവാക്കിയതാണെങ്കിൽ എഴുതി വയ്ക്കാം. അല്ലാതെ എഴുതിവയ്ക്കുന്നതിൽ എന്താണർഥം. ഉദ്ഘാടനത്തിന് ഒരു ഫലകമുണ്ടാക്കി അതിൽ പേരുവയ്ക്കാൻ വേണ്ടി മാത്രം ജനങ്ങൾ കഷ്ടപ്പെട്ട് കാത്തിരിക്കണോ? ഒരു നിമിഷം മുൻപെങ്കിലും ഉദ്ഘാടനം നടത്തുക എന്നതല്ലേ വേണ്ടത്.
advertisement
പാലത്തിൽ ജനങ്ങളെയാണ് ആദ്യം കയറേണ്ടത്. ആരും കയറ്റാതിരുന്നപ്പോൾ അവർ തനിയെ കയറി. അത് അതിക്രമിച്ചു കടക്കൽ ആവില്ല. അതിനു വകുപ്പില്ല. ഈ കുറ്റങ്ങളൊന്നും വരില്ല. ജനങ്ങളോട് വൈരാഗ്യം കാണിക്കലാണ്. അതിനാണ് കേസെടുക്കുന്നത്. ഇത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധമാണെന്നു മനസിലാക്കി ഒമ്പതാം തീയതി എങ്കിലും തുറക്കാൻ നടപടി സ്വീകരിക്കുകയാണ് സർക്കാർ വേണ്ടത്. ഒമ്പതാം തീയതി തുറക്കുമെന്നും പ്രതീക്ഷിക്കുന്നില്ല. കോവിഡിന്റെ കാലത്ത് ഇതിന്റെയെല്ലാം പേരിൽ വഴക്കുണ്ടാക്കേണ്ട കാര്യമില്ല. ഈ സർക്കാർ പണിതതല്ല ഈ പാലമെന്ന് ആരും പറയില്ല. സ്വന്തം വീട്ടിൽ നിന്ന് തേങ്ങവെട്ടി പണിതതല്ല ഇത് എന്ന് ഓർമിക്കണം. പൊതുജനങ്ങളുടെ പണം, ജനങ്ങളുടെ സ്ഥലം. അതിൽ ജനങ്ങൾക്കു കയറാൻ അവകാശമുണ്ടെന്നും കെമാൽ പാഷ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം; മുഖ്യമന്ത്രി വന്നാലേ ഉദ്ഘാടനം ആകൂ?’ കെമാൽ പാഷ
Next Article
advertisement
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ‌ക്കൊപ്പം പോലീസ് സ്റ്റേഷനിൽ ജന്മദിന കേക്ക് മുറിച്ച ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ‌ക്കൊപ്പം സ്റ്റേഷനിൽ ജന്മദിനകേക്ക് മുറിച്ച ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷൻ
  • കെ പി അഭിലാഷ് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ചതിന് സസ്‌പെന്റ് ചെയ്തു.

  • അഭിലാഷിന്റെ ക്രിമിനൽ ബന്ധം വെളിപ്പെടുത്തുന്ന സിഡിആർ, സാമ്പത്തിക ഇടപാട് തെളിവുകൾ റിപ്പോർട്ടിൽ.

  • അഭിലാഷ് ഗുരുതരമായ മോശം പെരുമാറ്റം, അച്ചടക്കമില്ലായ്മ, അധികാര ദുര്‍വിനിയോഗം നടത്തിയതായി കണ്ടെത്തി.

View All
advertisement