സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചു
Last Updated:
വയനാട്: ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു. അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നായിരുന്നു സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി പിന്‍വലിച്ചത്.
പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് വൈകിട്ട് അഞ്ചുമണിയോടെ വിശ്വാസികൾ കൂട്ടമായി എത്തി തള്ളിക്കയറുകയായിരുന്നു. സിസ്റ്ററിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്ന് ഇടവക വികാരി സ്റ്റീഫനോട് വിശ്വാസികൾ ആവശ്യപ്പെട്ടു. ഇടവക സമൂഹത്തോട് നന്ദി പറഞ്ഞ സിസ്റ്റര്‍ ലൂസി തനിക്കെതിരെയുള്ള നടപടി പിന്‍വലിച്ചതില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സഭയിലെ കൊള്ളരുതായ്മക്കെതിരെ തുടർന്നും പോരാടുമെന്നും ഒരു തരത്തിലുള്ള വീട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സിസ്റ്റര്‍ പറഞ്ഞു.
advertisement
സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകൾ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കൽ എടുത്തുവെന്നാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സംഭവത്തെ തുടര്‍ന്ന് പറഞ്ഞത്. ഇവര്‍ അച്ചടക്ക നടപടികള്‍ നേരിട്ട് വരികയാണെന്നും 2003 ല്‍ തന്നെ സിസ്റ്ററിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രിഗേഷന്‍ പ്രതിനിധികള്‍ പറഞ്ഞത്. എന്നാല്‍ സിസ്റ്റര്‍ ലൂസിക്ക് കുടുംബത്തിന്‍റെയും വിശ്വാസികളുടെയും പൂര്‍ണ്ണ പിന്തുണയാണ് ഉണ്ടായിരുന്നത്.
എഫ്.സി.സി സന്യാസ സമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുര കാരക്കാട് മഠത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടത്തിയ സമരത്തിന് സിസ്റ്റര്‍ ലൂസി പിന്തുണ പ്രഖ്യാപിക്കുകയും വിഷയത്തില്‍ സഭയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2018 7:21 PM IST


