കോട്ടയം: ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് മാറ്റി ജോസ് കെ മാണി രംഗത്തെത്തി. 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായം. ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുള്ള കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു ജോസ് കെ മാണി നിലപാട് മാറ്റിയത്. മുഖ്യമന്ത്രിയും സി. പി. ഐ സംസ്ഥാന സെക്രട്ടറിയും പ്രസ്താവനയോടുള്ള എതിര്‍പ്പ് അറിയിച്ചതോടെയാണ് നിലപാട് മാറ്റി രംഗത്തെത്താൻ ജോസ് കെ മാണിയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോസ്. കെ. മാണിയുടെ പ്രസ്താവന വിവാദമായതോടെ എല്‍. ഡി. എഫും പ്രതിരോധത്തിലായി. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കാനം രാജേന്ദ്രനും ജോസ് മാണിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. ലൗ ജിഹാദെന്നത് മതമൗലിക വാദികളുടെ പ്രചാരണമാണെന്നും പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നുമായിരുന്നു കാനം പറഞ്ഞത്.
Also Read- 'ലൗ ജിഹാദ്' : ജോസ് കെ മാണിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ
ഹേഗിയ സോഫിയ ക്രിസ്ത്യൻ ദേവാലയം മുസ്‌ലിം പള്ളിയാക്കി മാറ്റിയതിനെ പാണക്കാട് തങ്ങൾ സ്വാഗതം ചെയ്തപ്പോൾ അതിനെതിരെ മൗനം പാലിച്ച കോൺഗ്രസ് നേതൃത്വവും നാളിതുവരെ നിലപാട് വ്യക്തമാക്കാത്ത എൽഡിഎഫ് നേതൃത്വവും ക്രിസ്ത്യൻ സമുദായത്തോട് അനീതിയും വഞ്ചനയുമാണ് കാണിക്കുന്നതെന്ന് കഴക്കൂട്ടത്തെ എൻഡി എ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭ സുരേന്ദ്രൻ. അത് പോലെ തന്നെ ക്രിസ്ത്യൻ-ഹിന്ദു പെൺകുട്ടികളെ വ്യാജപ്രേമം നടിച്ച് സിറിയയിലേക്ക് കടത്തുന്ന ലൗ ജിഹാദിനെ കുറിച്ചും കഴക്കൂട്ടത്തെ LDF സ്ഥാനാർഥിയും UDF സ്ഥാനാർഥിയും നിലപാട് വ്യക്തമാക്കണമെന്ന്ശോ ഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപി അധികാരത്തിൽ വന്നാൽ ലൗ ജിഹാദ് നിരോധിക്കുമെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ ജനസംഖ്യാ ആനുപാതികമായ വിഹിതം നൽകുമെന്നും ശോഭ പറഞ്ഞു.
‘ലൗ ജിഹാദ്’ സംബന്ധിച്ച് ജോസ് കെ മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. ക്രൈസ്തവ സമുദായ നേതാക്കൾ മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിൻ്റെ അപ്രമാദിത്തമാണുള്ളത്. ഇരു മുന്നണികളെയും മുസ്ലീം ലീഗിൻ്റെ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളിൽ നിന്നും നീതി കിട്ടിയില്ലെന്ന പരാതി ക്രൈസ്തവ സമൂഹത്തിന് ഉണ്ട്. യുഡിഎഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ലിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്വം കേരളത്തിൽ അനുവദിച്ച് കൊടുക്കണോ എന്ന് ജനങ്ങൾ ചിന്തിക്കണം. കെ സി ബി സിയും ക്രൈസ്തവ സമൂഹവും ഉയർത്തിയ ആശങ്ക തന്നെയാണ് ജോസ് കെ മാണി പങ്ക് വെച്ചത്. കേരളത്തിൽ ഭീകരവാദത്തോട് ചേർന്ന് നിൽക്കാത്തവർ ഈ ആശങ്കയെ ഗൗരവമായി കാണണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Cpm, Jose K Mani, Kerala Assembly Elections 2021, Kerala Assembly Polls 2021, Love Jihaad