തിരുവനന്തപുരം: 2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആഗോള സമാധാന സമ്മേളനം ഉടൻ യാഥാർഥ്യമാകും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമ്മേളനം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് നേരത്തെ ആലോചിച്ചതുപോലെ തന്നെ സമ്മേളനം സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരിക്കുന്നത്.
“ആണവ നിരായുധീകരണം, ലോകസമാധാനം എന്നീ വിഷയങ്ങളിൽ ആഗോള സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. ലോകസമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കുന്നതിനായി പ്രമുഖ സമാധാന പ്രവർത്തകരുമായും ചിന്തകരുമായും ചർച്ചകൾ നടത്തിവരികയാണ്. സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ഓൺലൈനായി പങ്കെടുക്കും ”- കെ എൻ ബാലഗോപാൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സംസ്ഥാന സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച് പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബറിലോ നവംബറിലോ പരിപാടി നടത്താനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു. സെമിനാറുകളും ചർച്ചകളും പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിലെ കന്നി പ്രഖ്യാപനമായിരുന്നു ആഗോള സമാധാന സമ്മേളനം. ആകെ 2 കോടി രൂപ സമ്മേളനത്തിനായി വകയിരുത്തുകയും ചെയ്തിരുന്നു.
“റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്തെ ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഇപ്പോൾ പോലും ആ സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല. ഹിരോഷിമയുടെയും നാഗസാക്കിയിന്റെയും ഓർമ്മകൾ സമാധാനത്തിനായി പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ സമയത്ത് ഒഴികഴിവ് പറഞ്ഞ് മാറിനിൽക്കാൻ സാധിക്കില്ല. നമ്മൾ ഓരോരുത്തരും ചെറിയ സംഭാവന നൽകണം, ” ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറയുന്നു.
Also Read- എംജി സർവകലാശാല: രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞതെന്ത്?
സംസ്ഥാന ബജറ്റിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള മറ്റൊരു പ്രഖ്യാപനം ലാറ്റിനമേരിക്കയുമായുള്ള സംസ്ഥാനത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുമെന്നതായിരുന്നു. കേരള സർവകലാശാലയിലെ സെന്റർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിന്റെ നേതൃത്വത്തിൽ താരതമ്യ പഠനത്തിനും ഗവേഷണത്തിനുമായി 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൈമാറൽ, ഇരട്ട പ്രോഗ്രാമുകൾ, സഹകരണ ഗവേഷണങ്ങൾ എന്നിവയ്ക്കായി ലാറ്റിനമേരിക്കൻ സർവ്വകലാശാലകളുമായി സെന്റർ ചർച്ചകൾ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Economic crisis, Kerala Budget 2022, Kerala government, KN Balagopal