• HOME
 • »
 • NEWS
 • »
 • kerala
 • »
 • കൊതുകിനെ തുരത്താൻ എന്തുകൊണ്ട് ഗുഡ് ബൈ ഈഡിസുമായി ആരോഗ്യവകുപ്പ്

കൊതുകിനെ തുരത്താൻ എന്തുകൊണ്ട് ഗുഡ് ബൈ ഈഡിസുമായി ആരോഗ്യവകുപ്പ്

വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം കൊതുക് നിയന്ത്രണം വിജയിക്കാൻ അത്യന്താപേക്ഷിതമാണ്.

News 18

News 18

 • Last Updated :
 • Share this:
  #ബി. ഇക്ബാൽ

  'ഗുഡ് ബൈ ഈഡിസ്' എന്ന പേരിൽ വളരെ പ്രസക്തമായ പൊതുജനാരോഗ്യ സംരംഭത്തിന് കേരള ആരോഗ്യവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളുടെ നശീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
  കേരളത്തിൽ 90കളുടെ അവസാനത്തോടെ പ്രത്യക്ഷപ്പെട്ട് അനേകം ജീവൻ വർഷം തോറും അപഹരിച്ച് വരുന്ന ഡങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് പരത്തുന്നത്.

  രണ്ടുതരം ഈഡിസ് കൊതുകുകൾ; അപകടകാരി ഈജിപ്റ്റൈ

  ഈഡിസ് ഈജിപ്റ്റൈ, ഈഡിസ് ആൽബോപിക്റ്റസ് എന്നീ രണ്ട് തരം ഈഡിസ് കൊതുകുകളാണുള്ളത്. എണ്ണത്തിൽ കൂറ്റുതൽ ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ ആണെങ്കിലും രോഗവ്യാപന നിരക്ക് ഈഡിസ് ഈജിപ്റ്റൈയ്ക്കാണ് കൂടുതലായിട്ടുള്ളത്. കൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് മസ്തിഷ്ക ജ്വരം (ജാപ്പനീസ് എൻസെഫലൈറ്റിസ്), വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്നത്. കേരളം അറുപതുകളുടെ അവസാനത്തോടെ നിർമ്മാർജ്ജനം ചെയ്ത് കഴിഞ്ഞിരുന്ന മലേറിയ പരത്തുന്നത് അനോഫിലസ് കൊതുകുകളാണ്. മലേറിയ വീണ്ടും തിരികെ വന്നതിന് കാരണം അനോഫിലസ് കൊതുകുകളുടെ സാന്നിധ്യം സംസ്ഥാനത്ത് ഇപ്പോഴുമുണ്ട് എന്നതിന്‍റെ സൂചനയായി കണക്കാക്കേണ്ടിയിരിക്കുന്നു. ആലപ്പുഴ ജില്ലയിൽ കണ്ടുവന്നിരുന്ന ഇപ്പോൾ മിക്കവാറും നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള ഫൈലേറിയാസിസ് (മന്തു രോഗം) പ്രധാനമായും കൂലക്സ്, മൻസോണിയ കൊതുകുകൾ വഴിയാണ് വ്യാപിക്കുന്നത്.

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും; സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനം

  സിക്ക പനിയും ഈഡിസ് കൊതുകും

  ഈഡിസ് ഈജിപ്തൈ കൊതുകുകൾ കേരളത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഇതേ കൊതുകുകൾ പരത്തുന്ന സിക്ക പനി, മരണനിരക്ക് വളരെ കൂടുതലുള്ള മഞ്ഞപ്പനി (Yellow Fever) തുടങ്ങിയ രോഗങ്ങൾ പ്രവാസിജനത ഏറെയുള്ള കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എത്താൻ സാധ്യതയുണ്ട്. 2014ലെ ലോകകപ്പ് ഫുട്ബോൾ നടന്ന അവസരത്തിൽ ബ്രസീലിൽ നിന്നാണ് സിക്കാ പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്. അഹമ്മദാബാദിൽ നിന്നും കഴിഞ്ഞവർഷം മെയ് മാസത്തിൽ മൂന്നുപേർക്ക് സിക്ക പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. സിക്ക പനി ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കൾക്ക് ഗുരുതരമായ ജന്മവൈകല്യങ്ങളുണ്ടാവാൻ സാധ്യതയുണ്ട്.

  ഡങ്കി പനിയുടെ പ്രചാരകർ

  കേരളത്തിൽ ഇപ്പോൾ കൂടുതലായി കണ്ട് വരുന്നത് ഈഡിസ് കൊതുകുകളും അവ പരത്തുന്ന ഡങ്കി പനിയുമാണ്. കെട്ടി കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. അതുകൊണ്ട് വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. അതുകൊണ്ട് വീട്ടിലും ചുറ്റുപാടും കെട്ടി കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്.

  കൊതുകു നിർമ്മാർജ്ജനത്തിനുള്ള മാർഗങ്ങൾ ഇവ

  കൊതുകുകളുടെ നിർമ്മാർജ്ജനത്തിനുള്ള എറ്റവും ഉചിതമായ മാർഗ്ഗമായ ഉറവിട നശീകരണമാണ് (Source Reduction) ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാ‍ൻ സാധ്യതയുള്ള ടയറുകൾ, കുപ്പികൾ ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്താണ് ഉറവിട ന്യൂനികരണം സാധ്യമാക്കേണ്ടത്. റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് കമഴ്ത്തി വെക്കണം. കെട്ടി കിടക്കുന്ന വെള്ളം നീക്കാം ചെയ്യാനുള്ള ഡ്രൈ ഡേ (Dry Day) ആഴ്ചയിലൊരു ദിവസം നിർബന്ധമായും നടത്തിയിരിക്കണം. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്ന അവസരത്തിൽ ബക്കറ്റിലും മറ്റും ശേഖരിച്ചിട്ടുള്ള വെള്ളം കളഞ്ഞ് ബക്കറ്റ് കമഴ്ത്തി വെക്കാൻ ശ്രമിക്കണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയിൽ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകുകൾ വീട്ടിലേക്ക് കടന്നുവന്ന് രക്തം ശേഖരിക്കാൻ മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതൽ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാൻ ശ്രമിക്കേണ്ടതാണ്.

  ഫോഗിംഗ് വഴിയുള്ള കൊതുകു നശീകരണം

  കൊതുക് നശീകരണത്തിനായി ഫോഗിങ്ങാണ് ഇപ്പോൾ പ്രയോഗിച്ച് വരുന്നത്. മാലത്തയോൺ എന്ന കീടനാശിനിയിൽ ഡീസലോ മണ്ണെണ്ണയോ ചേർത്ത മിശ്രിതമാണ് ഇതിനായുള്ള പ്രത്യേക് ഫോഗിംഗ് ഉപകരണമുപയോഗിച്ച്. ആരോഗ്യവകുപ്പും പഞ്ചായത്തുകളും ഫോഗിംഗ് നടത്തുന്നുണ്ട്. എന്നാൽ, നന്നായി ആസൂത്രണം ചെയ്ത് ഒരു കേന്ദ്രത്തിൽ മാത്രമായി പരിമിതപ്പെടുത്താതെ പ്രദേശം മുഴുവനായി ഫോഗിംഗ് നടത്തിയില്ലെങ്കിൽ കൊതുകുകൾ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ട്. കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി മത്സ്യങ്ങളെ വെള്ളകെട്ടിൽ വളർത്തുക, വന്ധ്യരായ ആൺകൊതുകുകളെ വളർത്തി വിടുക തുടങ്ങിയ ജൈവരീതികൾക്ക് പരിമിതമായ പ്രയോജനം മാത്രമാണുള്ളത്. കൊതുക് സാന്ദ്രത കുറഞ്ഞ സാഹചര്യങ്ങളിലാണ് ഇത്തരം രീതികൾ ഫലപ്രദമാവുക.

  വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം

  പ്രാണീജന്യ രോഗ നിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിന്‍റെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. ചേർത്തലയിലും കോഴിക്കോടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിന്‍റെ (Centre for Disease Control) സേവനവും കൊതുക് നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമൂഹ്യാരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ചിട്ടുള്ള ഡങ്കി പഠന ഗവേഷണ പ്രൊജക്ടിന്‍റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പകർച്ചവ്യാധി നിയന്ത്രണത്തിൽ വലിയ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. ഈ പ്രൊജക്ടിന്‍റെ ഭാഗമായി സിംഗപ്പൂരിലും മറ്റും വിജയകരമായി നടപ്പിലാക്കിവരുന്ന കൊതുകു നിവാരണത്തിനുള്ള കൊതുക് കെണി (Mosquito Trap) സംസ്ഥാനത്ത് പ്രയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

  വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം കൊതുക് നിയന്ത്രണം വിജയിക്കാൻ അത്യന്താപേക്ഷിതമാണ്. ആരോഗ്യവകുപ്പിന്‍റെയും പഞ്ചായത്തുകളുടെയും മറ്റ് ഗവേഷണ സ്ഥാപനങ്ങളൂടെയും കൊതുക് നശീകരണ യജ്ഞങ്ങൾ ഏകോപ്പിക്കേണ്ടതായിട്ടുമുണ്ട്.
  Published by:Joys Joy
  First published: