പോപ്പുലർ ഫ്രണ്ട് ഹർത്താൽ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി;സ്വമേധയാ കേസെടുത്തു; ഡിജിപി ഹാജരാകണം
- Published by:Rajesh V
- news18-malayalam
Last Updated:
പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു
കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി നടപടി. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിശദമായ ഉത്തരവ് 11 മണിക്കുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡിജിപി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ അറുപതോളം വാഹനങ്ങളാണ് തകർത്തത്. നിരവധി ഇടങ്ങളില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. അക്രമം തടയാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാരും ആക്രമിക്കപ്പെട്ടു. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ട് ലോറികളുടെയും ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.
advertisement
യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2022 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ട് ഹർത്താൽ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി;സ്വമേധയാ കേസെടുത്തു; ഡിജിപി ഹാജരാകണം


