'ശരീഅത്ത് ശരി' എന്ന് കേരള സർക്കാർ; സുപ്രീംകോടതിയിൽ ഉടൻ സത്യവാങ്മൂലം നൽകും
- Published by:Rajesh V
- news18-malayalam
Last Updated:
പിന്തുടർച്ചാവകാശ നിയമവും മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളും ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ചുള്ളതാണെന്ന വാദമാണ് സർക്കാർ ഉയർത്തുക
തിരുവനന്തപുരം: മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ. ഈ നിലപാട് ഉറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയിൽ ഉടൻ സത്യവാങ്മൂലം സമർപ്പിക്കും. ഖുർആൻ സുന്നത്ത് സൊസൈറ്റി, വി പി സുഹ്റ തുടങ്ങിയവർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്പെഷ്യൽ ലീവ് പെറ്റിഷനിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുക.
മുസ്ലിം സ്ത്രീകളുടെ പിന്തുടർച്ചാവകാശ കാര്യത്തിൽ ഇസ്ലാമിക നിയമം വിവേചനം കാട്ടുന്നുവെന്നും, ആ വിവേചനം ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം.
ശരീഅത്ത് നിയമത്തിൽ അടങ്ങിയിരിക്കുന്ന മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പിന്തുടർച്ചാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമാണെന്ന് വ്യക്തമാക്കിയാകും സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുക. മുസ്ലിം സ്ത്രീകളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങൾ പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരയാണ് സ്പെഷ്യൽ ലീവ് പെറ്റിഷൻ സമർപ്പിച്ചത്.
advertisement
മുസ്ലിം വ്യക്തിനിയമം സ്ത്രീകളോട് വിവേചനം കാണിക്കുകയും നിയമത്തിന് മുന്നിൽ മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്നും പരാതിക്കാർ വാദിച്ചിരുന്നു. എന്നാൽ, ഹർജിയിൽ തീർപ്പുകൽപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി, പ്രശ്‌നങ്ങൾ പരിഗണിച്ചുള്ള നിയമനിർമാണം നിയമസഭയ്ക്ക് വിടുകയായിരുന്നു.
advertisement
എന്നാൽ, നിലവിലുള്ള ആചാരങ്ങളും നടപടിക്രമങ്ങളും തുടരണമെന്ന് സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത മതനേതാക്കളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉന്നതതല യോഗം ഏകകണ്ഠമായി അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഈ വിഷയത്തിൽ നിയമനിർമാണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.
Also Read- സ്കൂൾ സമയമാറ്റം മദ്രസാ പഠനത്തെ ബാധിക്കും; അത് പ്രധാനമായതിനാൽ സർക്കാർ നിലപാട് സ്വാഗതാർഹം; സമസ്ത
ഇസ്ലാം അംഗീകരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട ഒരാൾക്ക് വിവേചനത്തെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിക്കും. പിന്തുടർച്ചാവകാശ തത്വങ്ങൾ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന് വിരുദ്ധമാണെന്ന് ഹർജിക്കാർക്ക് തോന്നുന്നുവെങ്കിൽ, അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി പ്രവർത്തിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോടതിയിലൂടെ അവർക്ക് അവരുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ കഴിയില്ലെന്നും സർക്കാർ വാദിക്കും.
advertisement
പിന്തുടർച്ചാവകാശത്തിൽ സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുവെന്ന ഹർജിക്കാരുടെ വാദത്തെ സർക്കാർ എതിർക്കുമെന്നും അവർ ഉയർത്തുന്ന വാദം ശരിയല്ലെന്നും നിലനിൽക്കുന്നതല്ലെന്നും വാദിക്കുമെന്നും നിയമ വൃത്തങ്ങൾ സൂചിപ്പിക്കുന്നതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2022 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശരീഅത്ത് ശരി' എന്ന് കേരള സർക്കാർ; സുപ്രീംകോടതിയിൽ ഉടൻ സത്യവാങ്മൂലം നൽകും