'മറഞ്ഞുനിന്നുള്ള ഭീഷണികള്‍കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്താമെന്ന് വ്യാമോഹിക്കരുത്'; കെ കെ രമ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങള്‍ക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമായിരുന്നില്ല അവസാനത്തേതുമായിരുന്നില്ലെന്നും കെ കെ രമ പറഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കി നമ്മുടെ ജനാധിപത്യ പ്രക്രിയ തന്നെ റദ്ദ് ചെയ്തു കളയുന്ന ഇത്തരം ഗൂഡ ശ്രമങ്ങളെ ജനകീയ ജാഗ്രതകൊണ്ട് ചെറുത്തു തോല്പിക്കേണ്ടതുണ്ടെന്ന് കെ കെ രമ എംഎല്‍എ. ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനും കെ കെ രമയുടെ മകന്‍ അഭിനന്ദിനും നേരെ വധഭീഷണി കത്തയച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രമ.
ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങള്‍ക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമായിരുന്നില്ല അവസാനത്തേതുമായിരുന്നില്ലെന്നും കെ കെ രമ പറഞ്ഞു. പി.ജെ ആര്‍മിയുടെയും കണ്ണൂരിലെ സി.പി.എംന്റെ സൈബര്‍ വിംഗുകളുടെയും നെടുനായകരായിരുന്ന ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയുമൊക്കെ കേരളത്തില്‍ പടുത്തുയര്‍ത്തിയ സമാന്തര അധോലോക സമ്പദ് സാമ്രാജ്യങ്ങള്‍ ഭയാനകമാണ്. അതിനെ തുറന്ന് കാട്ടിയതാണ് ഇപ്പോഴത്തെ ഭീഷണിയുടെ ചേതോവികാരം എന്നും രമ ഫേസ്ബുക്കില്‍ കുറിച്ചു.
ക്വട്ടേഷന്‍ കൊലയാളിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റി വിയോജിപ്പുകളെ കൊന്നുതള്ളുന്ന കയ്യറപ്പില്ലായ്മകളല്ല നിലപാടുകള്‍ക്കായി ജീവന്‍ കൊടുക്കാനുള്ള സന്നദ്ധതയാണ് രാഷ്ട്രീയത്തിലെ ധീരതയെന്ന് ഞങ്ങള്‍ തെളിയിക്കുമെന്ന് കെ കെ രമ പറഞ്ഞു.
advertisement
കെ കെ രമയുടെ ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ്. എന്‍ വേണുവിനും എന്റെ മകന്‍ അഭിനന്ദിനും നേരെ വധഭീഷണിയുമായി എം.എല്‍.എ ഓഫീസിന്റെ മേല്‍വിലാസത്തില്‍ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയില്‍ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ടി.പി.ചന്ദ്രശേഖരന്റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും, വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാര്‍ട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണല്ലോ ടി.പി.യുടെ ജീവനെടുത്തത്.
മകന്‍ അഭിനന്ദിനും അതായിരിക്കും വിധി എന്നാണ് ഭീഷണി. എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്നും സി പി എം നേതാക്കളിരിക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ കണ്ടു പോവരുതെന്നും കത്ത് തുടരുന്നു.
advertisement
ജീവന്റെ പാതിയല്ല, ജീവന്‍ തന്നെ പകുത്തു നല്‍കിയ പോരാട്ട പാതയിലാണ് വ്യക്തിപരമായി നിലയുറിപ്പിച്ചിട്ടുള്ളത്. 2012 മെയ് 4 ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോധ്യമുള്ളവരാണ് ആര്‍.എം.പി.ഐ എന്ന പാര്‍ട്ടിയുടെ ചെങ്കൊടിത്തണലില്‍ നിലയുറപ്പിച്ചിട്ടുള്ള ഓരോ സഖാക്കളും. പരസ്പരം പകര്‍ന്ന ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ആര്‍.എം.പി.ഐ യുടെ ഇതുവരെയുള്ള മുന്നോട്ട് പോക്ക്.
ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങള്‍ക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമായിരുന്നില്ല. അവസാനത്തേതുമായിരുന്നില്ല.
ആറോളം സഖാക്കള്‍ക്ക് നേരെ നടന്ന കൊലപാതക ശ്രമങ്ങളുടെ തുടര്‍ച്ചയിലാണ് ടി.പി. കൊല്ലപ്പെടുന്നത്. അതോടെ താല്‍ക്കാലിക വിരാമമായ ആക്രമണ പരമ്പരകള്‍ 2016ലെ സി.പി.എംന്റെ അധികാര ലബ്ധിയോടെ വീണ്ടും തുടങ്ങുകയുണ്ടായി.
advertisement
കടുത്ത പ്രതിസന്ധികളിലും പതറാതെ, ഒട്ടും മനസ്സാന്നിദ്ധ്യം ചോര്‍ന്നു പോവാതെ ഞങ്ങളുടെ പ്രസ്ഥാനത്തെ നയിച്ച നേതൃത്വധീരതയാണ് സഖാവ് എന്‍. വേണു.
ഇതര മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് സൈ്വര്യ ജീവിതത്തിന്റെ സാമൂഹ്യാന്തരീക്ഷം ഒഞ്ചിയത്തും ഏറാമലയിലുമൊക്കെ ഒരു പരിധിവരെയെങ്കിലും തിരികെപ്പിടിക്കാന്‍ കഴിഞ്ഞതും സഖാവ് വേണുവിന്റെ നേതൃപാടവം കൊണ്ടുതന്നെയാണ്. തെരെഞ്ഞെടുപ്പു വിധികളിലൂടെ ഒഞ്ചിയത്തും വടകരയിലും നിരന്തരമായി ജനത തങ്ങളെ തള്ളിക്കളയുന്നതിന്റെ ജാള്യം സി.പി.എംന് മറച്ചു വയ്ക്കാന്‍ സാധിക്കുന്നില്ല. അത്തരമൊരു അന്തരീക്ഷം രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിക്കുന്ന സഖാവ് എന്‍ വേണുവിനോടും ആര്‍.എം.പി.ഐ യോടുമുളള സി.പി.എം നേതൃത്വത്തിന്റെ വിദ്വേഷവികാരം മനസ്സിലാക്കാം.
advertisement
എന്നാല്‍ മറഞ്ഞു നിന്നുള്ള ഇത്തരം ഭീഷണികള്‍ കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്. ഒരറ്റത്ത് മരണം ദര്‍ശിച്ചു തന്നെയാണ് ഞങ്ങളീ വഴി തെരഞ്ഞെടുത്തത്.
പി.ജെ. ബോയ്‌സ് , റെഡ് ആര്‍മി തുടങ്ങിയ പേരുകളില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ എന്ന് അവകാശപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. പി.ജെ ആര്‍മിയുടെയും കണ്ണൂരിലെ സി.പി.എംന്റെ സൈബര്‍ വിംഗുകളുടെയും നെടുനായകരായിരുന്ന ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയുമൊക്കെ കേരളത്തില്‍ പടുത്തുയര്‍ത്തിയ സമാന്തര അധോലോക സമ്പദ് സാമ്രാജ്യങ്ങള്‍ ഭയാനകമാണ്. അതിനെ തുറന്ന് കാട്ടിയതാണ് ഇപ്പോഴത്തെ ഭീഷണിയുടെ ചേതോവികാരം . ഒഞ്ചിയത്ത് പിജെ ആര്‍മിയുടെ പേരില്‍ ഒരു വണ്ടി സി.പി.എംന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതൊക്കെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.
advertisement
പോലീസിനോട് ചിലതു പറയാനുണ്ട്. അജ്ഞാത ഭീഷണിയുടെ നിഴലിലുള്ള ഞങ്ങളെ സുരക്ഷയുടെ പേരില്‍ നിങ്ങളുടെ വലയത്തില്‍ വെയ്ക്കുകയല്ല, നിങ്ങളുടെ ആഭ്യന്തര വകുപ്പുമായി രാഷ്ട്രീയ ബന്ധമുള്ള ഈ ക്രിമിനല്‍ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും തുറുങ്കിലടയ്ക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. പൊതു ജനങ്ങളില്‍ ആശങ്ക പടര്‍ത്തി, ഞങ്ങളുടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ത്ത് ജനങ്ങളില്‍ നിന്നകന്ന് സുരക്ഷാ വലയത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ എന്തായാലും ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല .
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഉണ്ടായതാണ് സഖാക്കാള്‍ കെ.കെ.ജയനും പുതിയടുത്ത് ജയരാജനും നേരെ നടന്ന ആക്രമണം. ഇത്രയും കാലം കഴിഞ്ഞിട്ടും അതില്‍ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത നിങ്ങളുടെ സവിശേഷ പരിമിതി തുടരുന്നിടത്തോളം ഇത്തരക്കാര്‍ പെരുകുക തന്നെ ചെയ്യും.
advertisement
ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വധഭീഷണിക്കത്ത് വരികയുണ്ടായി. പ്രതിപക്ഷ ശബ്ദങ്ങളെ ഇങ്ങനെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കി നമ്മുടെ ജനാധിപത്യ പ്രക്രിയ തന്നെ റദ്ദ് ചെയ്തു കളയുന്ന ഇത്തരം ഗൂഡ ശ്രമങ്ങളെ ജനകീയ ജാഗ്രതകൊണ്ട് ചെറുത്തു തോല്പിക്കേണ്ടതുണ്ട്.
ക്വട്ടേഷന്‍ കൊലയാളിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റി
വിയോജിപ്പുകളെ കൊന്നുതള്ളുന്ന കയ്യറപ്പില്ലായ്മകളല്ല., നിലപാടുകള്‍ക്കായി ജീവന്‍ കൊടുക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് രാഷ്ട്രീയത്തിലെ ധീരതയെന്ന് ഞങ്ങളീ മണ്ണില്‍ തെളിയിക്കുക തന്നെ ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 20, 2021 7:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മറഞ്ഞുനിന്നുള്ള ഭീഷണികള്‍കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്താമെന്ന് വ്യാമോഹിക്കരുത്'; കെ കെ രമ