തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച് മാസങ്ങളായെങ്കിലും പ്രതികൾ ഹാജരാകാത്തതിനാൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സർവീസിൽ തിരിച്ചെത്തുകയും ചെയ്തു. അപകടസമയത്ത് നഷ്ടപ്പെട്ട ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താനാകാത്തതും ദുരൂഹമായി തുടരുന്നു.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഫെബ്രുവരി ഒന്നിനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ശ്രീറാം വെങ്കിട്ടരാമനാണ് ഒന്നാം പ്രതി. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസ് രണ്ടാം പ്രതി. മദ്യപിച്ച് അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നത്. അമിതവേഗത്തിൽ വണ്ടിയോടിക്കാൻ വഫ ശ്രീറാമിനെ പ്രേരിപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടർ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കാർ 98 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കേസിൽ നൂറ് സാക്ഷികളുണ്ട്. 84 രേഖകളും 72 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി പൊലീസ് കോടതിയിൽ ഹാജരാക്കി.
![]()
ശ്രീറാം, വഫ ഫിറോസ്
ഓഗസ്റ്റ് മൂന്നിന് രാത്രി 12.55 നാണ് ശ്രീറാം സഞ്ചരിച്ച കാറിടിച്ച് സിറാജ് പത്രത്തിൻറെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. അന്ന് ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. അമിത വേഗത്തിലെത്തിയ റോഡരുകിൽ നിർത്തിയിരുന്ന ബഷീറിന്റെ ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു. കവടിയാറിലെ ഫ്ലാറ്റില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് വരുകയായിരുന്നു ശ്രീറാമും സുഹൃത്ത് വഫാ ഫിറോസും.
![]()
ഫോട്ടോ കടപ്പാട്- ഡി ധനസുമോദ്
അപകടം നടന്നതിനു പിന്നാലെ തന്നെ ശ്രീറാമിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമമുണ്ടായതായി ആക്ഷേപമുയർന്നിരുന്നു. വാഹനം ഓടിച്ചിരുന്നത് ശ്രീറാം ആണെന്നും മദ്യലഹരിയിലായിരുന്നെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് തയാറായില്ല.
![]()
ഫോട്ടോ കടപ്പാട്- ഡി ധനസുമോദ്
മദ്യപിച്ചോ എന്ന പരിശോധന പോലും നടത്താതെ പൊലീസുകാർ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസെടുത്തു. മണിക്കൂറുകൾക്കു ശേഷം നടത്തിയ പരിശോധനയിലാകട്ടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനുമായില്ല. ഇതിനിടെ വാഹനം ഓടിച്ചത് താനല്ല വഫ ഫിറോസാണെന്നും ശ്രീറാം പറഞ്ഞു. എന്നാൽ ഇതിനെതിരായ മൊഴിയാണ് വഫ പൊലീസിന് നൽകിയത്.
![]()
ഫോട്ടോ കടപ്പാട്- ഡി ധനസുമോദ്
സംഭവത്തിൽ ശ്രീറാമിനെയും വഫയെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെ ശ്രീറാമിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ ഗുരുതര രോഗമുണ്ടെന്ന് സ്വകാര്യ ആശുപത്രി അധികൃതർ നിലപാടെടുത്തതോടെ ജയിലിലേക്ക് പോകാതെ ശ്രീറാം ആശുപത്രിയിൽ കഴിഞ്ഞു. ഇതിനെതിരെയും വൻ പ്രതിഷേധമാണ് ഉയർന്നുവന്നത്.
പ്രതിഷേധം ശക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. അട്ടിമറിശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. പക്ഷെ വിചാരണ ഇതുവരെ ആരംഭിക്കാനായിട്ടില്ല. രണ്ട് തവണ വിളിച്ചിട്ടും ശ്രീറാമും വഫയും കോടതിയിലെത്തിയില്ല. സെപ്തംബര്‍ 16ന് ഹാജരാകണമെന്ന് കോടതി കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
TRENDING:ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക[NEWS]ട്രാഫിക് ലൈറ്റിൽ സ്ത്രീകളുടെ അടയാളം; ലിംഗസമത്വം ഉറപ്പാക്കാനെന്ന് ആദിത്യ താക്കറെ; സോഷ്യൽ മീഡിയയിൽ ഭിന്നത[PHOTOS]മലയാളത്തിൽ സൈക്കോ കില്ലറുടെ കഥപറയുന്ന സിനിമയുമായി ബംഗാളിൽ നിന്നുമൊരു സംവിധായകൻ; 'കത്തി നൃത്തം'[NEWS]ഇതിനിടെ ഏഴര മാസമായി സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ മാർച്ചിൽ തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് നിയമനം നൽകിയത്. ശ്രീറാമിനെതിരെ തെളിവില്ലെന്നും സർവീസിൽ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ജനുവരി അവസാനം ശുപാർശ ചെയ്തിരുന്നു. എന്നാൽ വിവാദമായതോടെ സസ്പെൻഷൻ 3 മാസത്തേക്കു കൂടി നീട്ടിയിരുന്നു. ഇനിനു പിന്നാലെയാണ് തിരിച്ചെടുത്തത്. ശ്രീറാം ഡോക്ടറായതിനാൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനച്ചുമതലയാണ് സർക്കാർ നൽകിയിരിക്കുന്നത്.
![]()
ഫോട്ടോ കടപ്പാട്- ഡി ധനസുമോദ്
അതേസമയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമന് റിട്രോഗ്രേഡ് അംനീഷ്യ ആണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് ഈ രോഗം. ഇത്രയും ഗുരുതര മറവി രോഗമുള്ളയാളെ ഉന്നത തസ്തികയിൽ നിയമിച്ചത് എങ്ങനെയെന്നതിൽ സർക്കാരിനും ഉത്തരമില്ല.
ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത് മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്വാസം. എന്നാൽ കേസ് ഇനിയും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും കുടുംബത്തിനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.