• HOME
  • »
  • NEWS
  • »
  • kerala
  • »
  • അവധിയെടുത്ത് ഉല്ലാസയാത്ര പോയ ജീവനക്കാർക്ക് എതിരെ എന്ത് നടപടി വരും? കളക്ടറുടെ റിപ്പോർട്ട് പറയുന്നതിങ്ങനെ

അവധിയെടുത്ത് ഉല്ലാസയാത്ര പോയ ജീവനക്കാർക്ക് എതിരെ എന്ത് നടപടി വരും? കളക്ടറുടെ റിപ്പോർട്ട് പറയുന്നതിങ്ങനെ

സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ തഹസിൽദാരെ ഫോണിൽ വിളിച്ചു വിശദീകരണം ചോദിച്ചതോടെയാണ് സംഭവം വാർത്തയായത്. വിവാദമായതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

  • Share this:

    പത്തനംതിട്ട: കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയത്. ആകെയുള്ള 63 പേരിൽ 27 ജീവനക്കാർ മാത്രമാണ് അന്ന് ഓഫീസിൽ എത്തിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ തഹസിൽദാരെ ഫോണിൽ വിളിച്ചു വിശദീകരണം ചോദിച്ചതോടെയാണ് സംഭവം വാർത്തയായത്. വിവാദമായതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

    കളക്ടറുടെ റിപ്പോർട്ടിലെ പ്രധാന വിലയിരുത്തലുകൾ

    • ആകെയുള്ള 63 പേരിൽ 27 ജീവനക്കാരാണ് ഫെബ്രുവരി 10 ന് താലൂക്ക് ഓഫീസിൽ ഹാജരായത്
    • 20 ജീവനക്കാരാണ് ഉല്ലാസയാത്രയിൽ ഉണ്ടായിരുന്നത്.
    • മറ്റു 15 പേർ മറ്റ് ആവശ്യങ്ങൾക്കായി അവധിയെടുത്തവരാണ്. ഒരാൾ ഔദ്യോഗിക ആവശ്യത്തിനാണ് ഓഫിസിനു പുറത്തു പോയത്.
    • ഉല്ലാസയാത്ര പോയ ജീവനക്കാർ ചട്ട പ്രകാരം അവധി എടുത്തവരാണ്.
    • 18 ജീവനക്കാർ മുൻകൂറായി അവധിക്ക് അപേക്ഷ നൽകി അനുമതി നേടിയാണ് യാത്ര പോയത്.
    • മറ്റു രണ്ടു പേർ നിയമപരമായ മാർഗത്തിൽ അവധി നേടിയിരുന്നു.
    • ജനുവരി 18 നു ചേർന്ന സ്റ്റാഫ് കൗൺസിലാണ്‌ ഉല്ലാസ യാത്ര പോകാൻ തീരുമാനം എടുത്തത്
    • ഫെബ്രുവരി 11, 12 അവധിയായതിനാൽ അന്ന് വാഹനങ്ങൾ ലഭ്യമായിരുന്നില്ല. അതിനാലാണ് ഫെബ്രുവരി 10 ലേക്ക് യാത്ര മാറ്റിയത്.
    • പാറമട ഉടമയുടെ വാഹനത്തിൽ സഞ്ചരിച്ചു എന്ന ആരോപണം ഉണ്ട്. എന്നാൽ ജീവനക്കാർ വാഹനത്തിന് 36000 രൂപ അടച്ചാണ് വാടകയ്ക്ക് എടുത്തത്. ഇതിനുള്ള തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.
    • യാത്ര പോയ മൂന്നാറിൽ താമസിച്ച രേഖകളും അതിന് മുടക്കിയ പണത്തിന്റെ കണക്കും ഹാജരാക്കിയിട്ടുണ്ട്.
    • താലൂക്ക് ഓഫീസിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ഏതെങ്കിലും പൊതുജനത്തിന് എന്തെങ്കിലും സേവനം മുടങ്ങിയതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് ആരുടെയും പരാതി ലഭിച്ചിട്ടുമില്ല.
    • മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇക്കാര്യം വ്യാപകമായി പ്രചരിച്ചതിനാലാകണം അധികം ആളുകൾ ഔദ്യോഗികമായ ആവശ്യങ്ങൾക്കായി അന്ന് താലൂക്ക് ഓഫിസിലേക്ക് എത്താതിരുന്നത്.
    • ആകെ 9 അപേക്ഷകളാണ് ലഭിച്ചത് എന്ന് രേഖകൾ കാണിക്കുന്നു.9 തപാലുകൾ ലഭിച്ചു 12 സർട്ടിഫിക്കറ്റ് അപേക്ഷ ലഭിച്ചു ഇതെല്ലാം തീർപ്പാക്കി.
    • യാത്രയിൽ ഉണ്ടായിരുന്ന തഹസിൽദാർ ചട്ടപ്രകാരം മുൻ‌കൂർ അപേക്ഷ നൽകി ആസ്ഥാനം വിടാനുള്ള അനുമതി നേടിയ ശേഷം ചാർജ് കൈമാറിയ ശേഷമാണ് ജോലിയിൽ നിന്ന് വിട്ടു നിന്നത്.
    • ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയിൽ ഇത്തരം കൂട്ട അവധികൾ എടുക്കുന്നതിൽ ഒരു മാനദണ്ഡം കൊണ്ടുവരണം.

    റിപ്പോർട്ടിന്മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്. കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കിയേക്കുമെന്നാണ് വിവരം. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായതിനാൽ ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം കൊണ്ടുവരാനും സാധ്യതയുണ്ട്.

    Also read-ജോലി കിട്ടിയിട്ട് ലീവെടുക്കുന്നവർക്ക് പണി കൊടുക്കുന്നത് എളുപ്പമാണോ ? കേരളസര്‍ക്കാര്‍ ജീവനക്കാരുടെ അവധികൾ ഇങ്ങനെ

    ജീവനക്കാരുടെ കൂട്ട അവധിയിൽ ഇടപെട്ട എംഎൽഎയും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് പോര് നടന്നു. ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഹെഡ്ക്വാർടേഴ്സ് ഡെപ്യുട്ടി തഹസിൽദാർ എം സി രാജേഷ് രംഗത്തെത്തി. ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് എംഎൽഎ ക്കെതിരെ വിമർശനം ഉന്നയിച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസിൽദാരുടെ കസേരയിലിരിക്കാനും രജിസ്റ്റർ പരിശോധിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. എന്നാൽ ഡെപ്യൂട്ടി തഹസിൽദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു ജനീഷ് കുമാറിന്റെ പ്രതികരണം.

    Published by:Sarika KP
    First published: